Connect with us

Web Special

ജോഷിമഠ് ഒരു സൂചന മാത്രം; ഇന്നല്ലെങ്കിൽ നാളെ ഈ നഗരങ്ങളും ഇടിഞ്ഞുവീണേക്കാം

ജോഷിമഠ് ഒരു സൂചന മാത്രമാണ്. ഇന്നല്ലെങ്കിൽ നാളെ, മറ്റൊരു ജോഷിമഠ് ആയി മാറുമോ എന്ന ഭീഷണിയുടെ നിഴലിലാണ് ഉത്തരാഖണ്ഡിലെ മറ്റു പല പ്രദേശങ്ങളും.

Published

|

Last Updated

മനോഹരമായ ഗ്രാമമായിരുന്നു, ജോഷിമഠ്. ജനങ്ങളുടെ സ്‌നഹത്തിന്റയും സഹാനുഭൂതിയുടെയും കഥകള്‍ ഒത്തിരിയുണ്ട് ഈ ഗ്രാമത്തിന് പറയാന്‍. ഹിമാലയത്തിന്റ താഴ്‍വരയിൽ സ്ഥിതി ചെയ്യുന്ന ഈ കുഞ്ഞുപട്ടണത്തിലെ ജനങ്ങൾ ഇന്ന് അനാഥരാണ്. ആരോരുമില്ലാതെ സ്വന്തം കിടപ്പാടം നഷ്ട്ടപ്പെട്ട് ജീവിതം ഇനി എങ്ങനെ മുന്നോട്ടുപോകുമെന്നറിയാതെ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി നിൽക്കുകയാണ് ആ ജനത. ചിലരുടെ വീടുകള്‍ തകര്‍ന്നു വീണുകഴിഞ്ഞു. മറ്റു ചിലരുടെ വീടുകളുടെ ആയുസ്സ് എണ്ണപ്പെട്ടിരിക്കുന്നു. കൺമുന്നിൽ സ്വപ്നങ്ങൾ എല്ലാം തകർന്നുവീഴുന്നത് നോക്കി നില്‍ക്കാനെ ആ നിഷ്‌ക്കളങ്കരായ മനുഷ്യർക്ക് കഴിയുന്നുള്ളൂ. കൈയ്യിൽ കിട്ടിയ സാധനങ്ങള്‍ എല്ലാം എടുത്ത് ജീവന്‍ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് അവര്‍ ഇപ്പോൾ.

ലാഭം മാത്രം കൊതിച്ച് ചിലര്‍ അനാഥമാക്കിയതാണ് ജോഷിമഠിനെ. ഹിമാലയത്തില്‍ നിന്നും അടര്‍ന്നു വീണ മഞ്ഞും പാറയും കൊണ്ടു രൂപപ്പെട്ടതു കൊണ്ടു തന്നെ വളരെ ലോലമായ പ്രദേശമാണിത്. അനിയന്ത്രിതമായ നിർമാണ പ്രവർത്തനങ്ങൾ അവിടെ നടത്തരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടും കുത്തക കമ്പനികള്‍ അത് ചെവികൊണ്ടില്ല. അങ്ങനെ അവര്‍ ജോഷിമഠിനെ ഇഞ്ചിഞ്ചായി കൊന്നുകളഞ്ഞു. ഭീമൻ കെട്ടിടങ്ങളും ഭൂമിയുടെ വയർ തുരന്ന് നിർമിച്ച കൂറ്റൻ തുരങ്കവും ജോഷിമഠിനെ ഇല്ലാതാക്കിക്കളഞ്ഞുവെന്നതാണ് ശരി. വികസനത്തിന്റെ മറവിൽ നടന്നത് യഥാർഥത്തിൽ നശീകരണമായിരുന്നുവെന്ന് ചുരുക്കം.

ജോഷിമഠ് ഒരു സൂചന മാത്രമാണ്. ഇന്നല്ലെങ്കിൽ നാളെ, മറ്റൊരു ജോഷിമഠ് ആയി മാറുമോ എന്ന ഭീഷണിയുടെ നിഴലിലാണ് ഉത്തരാഖണ്ഡിലെ മറ്റു പല പ്രദേശങ്ങളും. ചൈനയുടെ അതിര്‍ത്തിക്കടുത്തുള്ള അണക്കെട്ടുകള്‍, റോഡുകള്‍, സൈനിക സൈറ്റുകള്‍ എന്നിവയുടെ വ്യാപനത്താല്‍ അസ്വസ്ഥരാണ് ജോഷിമഠിന്റ സമീപപ്രദേശങ്ങൾ. ഹൈക്കിംഗ് ട്രെയിലുകള്‍, ഹിന്ദു തീര്‍ഥാടന കേന്ദ്രങ്ങള്‍, ഇന്ത്യ – ചൈന അതിർത്തിതർക്കത്തിലെ തന്ത്രപ്രധാനമായ ഔട്ട്പോസ്റ്റുകള്‍ എന്നിവയിലേക്കുള്ള കവാടമായ നിരവധി മനോഹരമായ പട്ടണങ്ങളും ഗ്രാമങ്ങളും ഉയര്‍ന്ന ഭൂകമ്പ സാധ്യതയുള്ള മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.

ജോഷിമഠ് പ്രദേശത്ത് ഭൂമി മുങ്ങിയ സംഭവങ്ങള്‍ 1970 കളില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ജനുവരി 8 വരെയുള്ള 12 ദിവസങ്ങളില്‍ ജോഷിമഠ് പട്ടണത്തില്‍ പരമാവധി 5.4 സെന്റീമീറ്റര്‍ ഭൂമി താഴ്ന്നത് ദ്രുതഗതിയിലാണ്. ജോഷിമഠിനെ പോലെ അപകടം ഇന്നല്ലെങ്കിൽ നാളെ എത്തുമെന്ന ഭീതിയിൽ കഴിയുന്ന ചില സ്ഥലങ്ങളെകുറിച്ച് അറിയാം.

തെഹ്‍രി

ഈ മേഖലയില്‍ ചില വീടുകളില്‍ ഇപ്പോൾ തന്നെ വിള്ളലുകള്‍ വീണിട്ടുണ്ട്. അടുത്തുള്ള തെഹ്രി ഡാം ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടും ഏറ്റവും വലിയ ജലവൈദ്യുത പദ്ധതികളില്‍ ഒന്നുമാണ്. കൂടാതെ ഇതൊരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. ഹിമാലയന്‍ താഴ്‍വരയിലെ അതിലോലമായ ആവാസവ്യവസ്ഥയില്‍ ഒരു വലിയ അണക്കെട്ട് സ്ഥാപിക്കുന്നതിന്റെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഇവരെ വല്ലാതെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നുണ്ട്.

മാന

ചൈനയുമായുള്ള അതിര്‍ത്തിയിലെ അവസാന ഗ്രാമമായാണ് മാന ഗ്രാമം കണക്കാക്കപ്പെടുന്നത്. 2020 ല്‍ പൊട്ടിപ്പുറപ്പെട്ട ഇന്ത്യ-ചൈന സംഘര്‍ഷത്തിന് ശേഷം സൈനിക ശക്തി വര്‍ദ്ധിപ്പിച്ച ഒരു പ്രധാന സൈനിക കേന്ദ്രം കൂടിയാണിത്. ജോഷിമഠിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്ന് ചില സൈനികരെ സ്ഥലം മാറ്റിയതായി കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ വ്യാഴാഴ്ച അറിയിച്ചുരുന്നു.

തീര്‍ഥാടന കേന്ദ്രങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രോത്സാഹിപ്പിച്ച നാഷണല്‍ ഹൈവേ പദ്ധതിയുടെ ഭാഗമാണ് മാന. വന്യജീവി സമ്പുഷ്ടമായ പ്രദേശത്ത് മരം മുറിക്കുന്നത് മണ്ണിടിച്ചില്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പരിസ്ഥിതി സംഘടനകള്‍ ആശങ്ക ഉന്നയിച്ചിട്ടുണ്ട്.

ധാരസു

പ്രദേശവാസികൾക്കും സൈന്യത്തിനും നിർണായകമായ ഒരു ലാൻഡിംഗ് ഗ്രൗണ്ട് ഈ ഹിൽ ടൗണിലുണ്ട്. തർക്കമുള്ള ഹിമാലയൻ അതിർത്തിയിലേക്ക് സൈനികരെയും വസ്തുക്കളെയും മാറ്റുന്നതിനാണ് ഇതുപയോഗിക്കുന്നത്. യുഎസ് നിർമ്മിത സി-130 ട്രാൻസ്പോർട്ടറുകൾ ഇവിടെ ഇറങ്ങാറുണ്ട്.

ഹര്‍ഷില്‍

ഹിമാലയന്‍ തീര്‍ഥാടന പാതയിലെ ഒരു പ്രധാന നഗരമാണിത്, 2013-ലെ മിന്നല്‍ വെള്ളപ്പൊക്കം ഈ പ്രദേശത്ത് നാശം വിതച്ചിരുന്നു. ഇപ്പോള്‍ ഈ പട്ടണം സൈനികര്‍ക്ക് ഒഴിപ്പിക്കല്‍ ശ്രമങ്ങളില്‍ സഹായിക്കുന്നതിനുള്ള ഒരു പ്രധാന ലോജിസ്റ്റിക് ഹബ്ബായി മാറി.

ഗൗച്ചര്‍

ജോഷിമഠില്‍ നിന്ന് 100 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറും അതിര്‍ത്തിയില്‍ നിന്ന് 200 കിലോമീറ്ററും അകലെയുള്ള ഒരു പ്രധാന സിവില്‍, സൈനിക താവളമാണിത്. 2013-ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഭൂരിഭാഗവും ഈ പട്ടണത്തില്‍ നിന്നായിരുന്നു.

Latest