Connect with us

National

ജോഷിമഠ് ഭൂമി തകർച്ച: റിപ്പോർട്ട് രഹസ്യാമാക്കിവെക്കുന്നത് എന്തിനെന്ന് ഉത്തരാഖണ്ഡ് സർക്കാറിനോട് ഹൈക്കോടതി

വിദഗ്ധരുടെ റിപോർട്ട് ജനങ്ങൾക്ക് കൂടുതൽ മുന്നിറിയപ്പ് നൽകുമെന്ന് കോടതി

Published

|

Last Updated

ഡെറാഡൂൺ | ജോഷിമഠ് ഭൂമി തകർച്ചയുമായി ബന്ധപ്പെട്ട് വിദ്ഗധർ തയ്യാറാക്കിയ റിപോർട്ട് പരസ്യമാക്കേണ്ടതില്ലെന്ന ഉത്തരാഖണ്ഡ് സർക്കാറിന്റെ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതി. പൊതു സമൂഹത്തിൽ വെളിപ്പെടുത്താതെ റിപോർട്ട് രഹസ്യമാക്കി സൂക്ഷിക്കുന്നതിനുള്ള ഒരു കാരണവും തങ്ങൾ കാണുന്നില്ലെന്ന് ജസ്റ്റിസ് വിപിൻ സംഗി, ജസ്റ്റിസ് അലോക് കുമർ വർമ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബഞ്ച് പറഞ്ഞു.

യഥാർഥത്തിൽ വിദഗ്ധരുടെ റിപോർട്ട് ജനങ്ങൾക്ക് കൂടുതൽ മുന്നിറിയപ്പ് നൽകും. കൂടാതെ സ്ഥിഗതികൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ അതീവ ജാഗ്രത പാലിക്കുന്നുണ്ടെന്ന് പൊതു ജനത്തിന് ഇതിലൂടെ മനസ്സിലാകുമെന്നും കോടതി പറഞ്ഞു.

വിദഗ്ധർ തയ്യാറാക്കിയ ജോഷിമഠ് ഭൂമി തകർച്ചയെ കുറിച്ചുള്ള റിപോർട്ട് മുദ്രവെച്ച കവറിൽ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ഹൈഡ്രോളജി, ജിയോളജി, ഗ്ലാസിയോളജി, ദുരന്ത നിവാരണ സേന, ജിയോമോർഫോളജി, മണ്ണിടിച്ചിലിനെ കുറിച്ച് പഠനം നടത്തുന്നവർ തുടങ്ങിയ വിദഗ്ധരോട് ഭൂമി തകർച്ചയെ കുറിച്ച് പഠിച്ച് റിപോർട്ട് സമർപ്പിക്കാൻ നേരത്തേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. റിപോർട്ട് സർക്കാർ പരസ്യപ്പെടുത്താതിനാൽ ഭുമി തകർച്ചയുടെ കാരണമെന്താണെന്ന് ജനങ്ങൾക്ക് മനസ്സിലാകുന്നില്ലെന്ന് ഹരജിക്കാരൻ പറഞ്ഞതായി കോടതി അറിയിച്ചു.

ഈ വർഷം ജനുവരിയിൽ ജോഷിമഠിലെ ഭൂമി തകർച്ച പ്രതിസന്ധി രൂക്ഷമായപ്പോൾ ആദ്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയ ജോഷിമഠ് ബച്ചാവോ സംഘർഷ് സമിതി റിപോർട്ടുകൾ പരസ്യപ്പെടുത്തണമെന്ന് നിരവധി തവണ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.