Kerala
മാധ്യമപ്രവർത്തനം കടന്നുപോകുന്നത് അപകടകരമായ ഘട്ടത്തിലൂടെ: സ്പീക്കർ എ എൻ ഷംസീർ
സത്യസന്ധമായി വാർത്തകൾ അവതരിപ്പിക്കാൻ മാധ്യമപ്രവർത്തകർ തയ്യാറാകണമെന്നും സ്പീക്കർ
കോഴിക്കോട് | മാധ്യമപ്രവർത്തനം അപകടകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സ്പീക്കർ എ എൻ ഷംസീർ. മാധ്യമപ്രവർത്തകർ ഏറ്റവും കൂടുതൽ ആക്രമണങ്ങൾക്കിരയാകുന്ന രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറിയെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ് ഏർപ്പെടുത്തിയ മാധ്യമപുരസ്കാരങ്ങൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവർത്തകരെ നിയമങ്ങൾ ഉപയോഗിച്ച് നിശബ്ദരാക്കുന്ന സ്ഥിതിയാണ് രാജ്യത്തുള്ളത്. സെൻസർഷിപ്പിന്റെയും ഐ ടി നിയമങ്ങളുടെയും പേരിൽ മാധ്യമപ്രവർത്തകരെ വേട്ടയാടുകയാണ്. അഭിപ്രായ സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്ന ഏറ്റവും ശക്തമായ ഭരണഘടനയുള്ള രാജ്യം മാധ്യമപ്രവർത്തകർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ പേരിൽ ലോകത്തിന് മുന്നിൽ അപകമാനിക്കപ്പെടുകയാണ്. ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ വിഴുങ്ങുക – കഴിഞ്ഞ പത്ത് വർഷമായി മാധ്യമപ്രവർത്തകരോടുള്ള ഭരണകൂടത്തിന്റെ സമീപനം ഇതാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങൾ തിരുത്തൽ ശക്തികളാണ്. വളയാതെ, ഒടിയാതെ, നട്ടെല്ല് നിവർത്തി അഭിപ്രായം പറയാൻ മാധ്യമങ്ങൾ തയ്യാറാവണം. ഭരണകൂടത്തിന്റെ നിയന്ത്രണങ്ങളുള്ളതിനാൽ ചിലപ്പോൾ ആ അഭിപ്രായങ്ങൾ പുറത്തുവരണമെന്നില്ല. പക്ഷേ, ഒരു ആത്മ സംതൃപ്തി എങ്കിലും ലഭിക്കും. യൂട്യൂബർ ധ്രുവ് റാത്തിയെ പോലെ ശക്തമായി പ്രതികരിക്കാൻ എത്ര മാധ്യമപ്രവർത്തകർക്ക് ഇന്ന് സാധിക്കുമെന്നും സ്പീക്കർ ചോദിച്ചു. രാജ്യത്തിന് പുറത്ത് നിൽക്കുന്നത് കൊണ്ടാണ് ധ്രുവ് റാത്തിക്ക് ഇത്ര ധീരമായി പ്രവർത്തിക്കാൻ കഴിയുന്നതെന്നും ഇന്ത്യയിലാണെങ്കിൽ അദ്ദേഹത്തെയും നിശബ്ദനാക്കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സത്യസന്ധമായി വാർത്തകൾ അവതരിപ്പിക്കാൻ മാധ്യമപ്രവർത്തകർ തയ്യാറാകണമെന്നും സ്പീക്കർ പറഞ്ഞു. ബ്രേക്കിംഗ് ന്യൂസുകൾ പലതും ഒരടിസ്ഥാനവും ഇല്ലാതെയാണ് നൽകുന്നത്. ഗവൺമെന്റിനെ മാധ്യമങ്ങൾക്ക് വിമർശിക്കാം. എന്നാൽ ആ വിമർശനങ്ങൾ നിർമാണാത്മകമാകണം, വിനാശകരമാകരുത്. ചോദ്യങ്ങൾ ചോദിക്കുമ്പോൾ മര്യാദപൂർവം പെരുമാറണമെന്നും അന്തിച്ചർച്ചകൾ പലതും ചോദ്യം ചെയ്യലുകളായി മാറുന്നുവെന്നും സ്പീക്കർ വിമർശിച്ചു.
മികച്ച ടെലിവിഷൻ ജനറൽ റിപ്പോർട്ടിനുള്ള പി ഉണ്ണിക്കൃഷ്ണൻ അവാർഡ് ബി എൽ അരുണിനും, മികച്ച സ്പോർട്സ് റിപ്പോർട്ടിനുള്ള മുഷ്താഖ് അവാർഡ് ടി സൗമ്യക്കും, മികച്ച സ്പോർട്സ് ഫോട്ടോഗ്രാഫിക്കുള്ള അവാർഡ് ആറ്റ്‍ലി ഫെർണാണ്ടസിനും സ്പീക്കർ സമ്മാനിച്ചു.
ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡന്റ് ഇ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് ട്രഷറർ പി പ്രജിത്ത് അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. കെ യു ഡബ്ലൂ ജെ സംസ്ഥാന പ്രസിഡന്റ് കെ പി റജി, കെ ഡി എഫ് എ സെക്രട്ടറി ഷാജേഷ് കുമാർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി കെ സജിത്ത് സ്വാഗതവും ജോയിന്റ് സെക്രട്ടറി പി വി ജോഷില നന്ദിയും പറഞ്ഞു.