Connect with us

സ്മൃതി

പത്രപ്രവർത്തകനായ ആക്ടിവിസ്റ്റ്

ആത്മാഭിമാനത്തോടെ മനഃസാക്ഷിക്ക് മുറിവേൽക്കാതെ ജീവിക്കുക; മറ്റുള്ളവർക്കും അങ്ങനെ ജീവിക്കാനുള്ള അവകാശമുണ്ടെന്ന് അംഗീകരിക്കുക. ഇതായിരുന്നു ബി ആർ പിയെന്ന വ്യക്തിയെ ജീവിതത്തിലുടനീളം നയിച്ച ബോധ്യം.

Published

|

Last Updated

ത്രപ്രവർത്തനത്തെ സാമൂഹിക പ്രവർത്തനമായും പ്രതിപക്ഷ പ്രവർത്തനമായും വികസിപ്പിച്ചയാളായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ബി ആർ പി ഭാസ്‌കർ എന്ന ബാബു രാജേന്ദ്രപ്രസാദ് ഭാസ്കർ. മാധ്യമങ്ങൾ രാജ്യത്തെ രാഷ്ട്രീയ പ്രതിപക്ഷമായി നിവർന്നുനിന്ന സുവർണകാലവും ഭരണകൂട വിധേയരായി മുട്ടിലിഴഞ്ഞ അധമകാലവും അദ്ദേഹം നേരിൽ കണ്ടിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്, അമർഷം പ്രകടിപ്പിച്ചിട്ടുണ്ട്.

ബി ആർ പിയെ എൻ ഇ സുധീർ ഓർക്കുന്നതിങ്ങനെയാണ്. “മാധ്യമ പ്രവർത്തനം എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം തന്റെ ജനാധിപത്യ ബോധ്യങ്ങളുടെ ഒരു തുടർച്ച മാത്രമായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. ആത്മാഭിമാനത്തോടെ മനഃസാക്ഷിക്ക് മുറിവേൽക്കാതെ ജീവിക്കുക; മറ്റുള്ളവർക്കും അങ്ങനെ ജീവിക്കാനുള്ള അവകാശമുണ്ടെന്ന് അംഗീകരിക്കുക. ഇതായിരുന്നു ബി ആർ പിയെന്ന വ്യക്തിയെ ജീവിതത്തിലുടനീളം നയിച്ച ബോധ്യം. ഇതു പ്രകാരം ജീവിക്കാനും നിലപാടുകളെടുക്കാനും അദ്ദേഹം പരമാവധി ശ്രമിച്ചു എന്നാണ് ഒറ്റനോട്ടത്തിൽ ആർക്കും വിലയിരുത്താനാവുക. വ്യക്തിയുടെ ബോധ്യങ്ങളും ജീവിത രീതികളും പ്രധാനമാണ് എന്ന കാര്യത്തിൽ അദ്ദേഹത്തിന് സന്ദേഹങ്ങളുണ്ടായിരുന്നില്ല’ (ഓൺലൈൻ ലേഖനം).

തുടർന്ന് സുധീർ എഴുതുന്ന കാര്യം പത്രപ്രവർത്തനത്തിന്റെ നടപ്പുകാല ദൂഷ്യങ്ങളെക്കൂടി മനസ്സിൽ വെച്ച് വായിക്കണം. “പത്രപ്രവർത്തനം വ്യക്തിപരമായ പ്രശസ്തിയുണ്ടാക്കുവാനുള്ള ഒരു വഴിയായി അദ്ദേഹം കരുതിയില്ല. അത് തെറ്റാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. അങ്ങനെ നീങ്ങിയാൽ പലതരം സമ്മർദങ്ങൾക്ക് വഴങ്ങേണ്ടി വരും. അതിനാൽ പ്രശസ്തിക്കു പിറകെ പോകരുത്. വിപുലമായ ബന്ധങ്ങൾ കൊണ്ടു നടക്കരുത്. സ്വന്തം ജീവിതത്തിൽ പാലിച്ച നിലപാടായിരുന്നു അത്’. ഭരണകൂടങ്ങൾക്കും സമ്പന്നർക്കും വേണ്ടി ദാസ്യപ്പണിയെടുക്കുന്ന മാധ്യമങ്ങളും മാധ്യമപ്രവർത്തകരും നമുക്കിപ്പോൾ നടുക്കമുള്ള കാര്യമല്ലാതായി മാറിയിരിക്കുന്നു. പത്രപ്രവർത്തനം കൊണ്ട് പ്രശസ്‌തി മാത്രമല്ല, പണ സമ്പാദനവും ലക്ഷ്യമിടുന്ന മാധ്യമപ്രവർത്തകർ കേരളത്തിലുമുണ്ടല്ലോ.

“നല്ല രീതിയിലുള്ള കച്ചവടം തന്നെ നടക്കുന്നുണ്ട് മാധ്യമ മേഖലയിൽ. അത് പഴയതിനേക്കാൾ കൂടുതലാണ്. പണ്ട് പരസ്യം എന്ന ഒരു കാരറ്റാണ് മാധ്യമങ്ങളുടെ മുമ്പിൽ വെച്ചിട്ടുള്ളതെങ്കിൽ ഇപ്പോൾ പണക്കൈമാറ്റം തന്നെയാണ് മാധ്യമങ്ങളിൽ നടക്കുന്നത് എന്നുള്ള വളരെ അപകടകരമായ സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. കേരളത്തിലാണിത് നടക്കുന്നത്’ -പ്രമുഖ മാധ്യമപ്രവർത്തകൻ എം വി നികേഷ് കുമാർ ഒന്നര വർഷം മുമ്പ് ഒരു ചാനലിനോട് സംസാരിക്കവേ പറഞ്ഞതാണിത്. രണ്ടുതരം കച്ചവടങ്ങൾ ഈ മേഖലയിൽ നടക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. കോർപറേറ്റുകളിൽ/ സമ്പന്നരിൽ നിന്ന് പണം വാങ്ങി (പരസ്യം വാങ്ങിയല്ല) അവർക്ക് വേണ്ടി വാർത്ത ചമയ്ക്കുന്നവരാണ് ഒരു വിഭാഗം. കമ്പനിയെയോ വ്യക്തികളെയോ ദോഷകരമായി ബാധിക്കുന്ന വാർത്തകൾ കൊടുക്കാതിരിക്കാൻ വിലപേശുന്നവരാണ് മറ്റൊരു വിഭാഗം. ഈ രണ്ടു പക്ഷത്തിനുമിടയിൽ സത്യസന്ധമായ മാധ്യമപ്രവർത്തനം വലിയ സാഹസികത നിറഞ്ഞതാണ്. പണത്തിന്റെയും പ്രശസ്‌തിയുടെയും പ്രലോഭനങ്ങളെ അതിജയിച്ചു എന്നതാണ് ബി ആർ പി ഭാസ്‌കറിനെ പത്രപ്രവർത്തനത്തിലെ വേറിട്ട വഴിയാക്കിയത്.

കേരളത്തിലെ ആദ്യ സ്വകാര്യ ചാനലായി ഏഷ്യാനെറ്റ് കടന്നുവരുമ്പോൾ തലപ്പത്ത് ശശികുമാർ ആണുണ്ടായിരുന്നത്. അദ്ദേഹമാണ് വാർത്താവിഭാഗത്തിന്റെ എഡിറ്റോറിയൽ ഉപദേശകനായി ബി ആർ പിയെ കൊണ്ടുവന്നത്. പത്രവിശേഷം എന്നൊരു വിശകലന പംക്തി, അദ്ദേഹവും ചില ദിവസങ്ങളിൽ സക്കറിയയും ചെയ്തുപോന്നു. സാമ്പ്രദായിക പത്രപാരായണം ആയിരുന്നില്ല പംക്തിയുടെ സ്വഭാവം. അത് പത്രങ്ങളെ കുടഞ്ഞു. വാർത്തകളിലെ പൊള്ളത്തരങ്ങളും പൊള്ളുകളും തുറന്നുകാട്ടി. എല്ലാ വിമർശങ്ങൾക്കും അതീതമാണെന്നു ചിന്തിക്കുന്ന മുഖ്യധാരാ പത്രങ്ങൾക്ക് അത് അസഹ്യമായിരുന്നു. അവർ പലതരത്തിൽ അനിഷ്ടം പ്രകടിപ്പിച്ചെങ്കിലും ശശികുമാർ കുലുങ്ങിയില്ല. അദ്ദേഹത്തിന്റെ പിൻഗാമിയായി വന്ന ഡോ.റെജി മേനോന് അത്തരം സമ്മർദങ്ങളെ അവഗണിക്കാൻ താത്പര്യമില്ലായിരുന്നു. ചാനലുകൾക്ക് കച്ചവട താത്പര്യങ്ങളെ അവഗണിക്കാൻ കഴിയില്ലെന്ന, പ്രൊഫഷനലിസം തൊട്ടുതീണ്ടാത്ത നിലപാടുകളിൽ പ്രതിഷേധിച്ചാണ് ബി ആർ പി ഭാസ്‌കർ ഏഷ്യാനെറ്റ് വിടുന്നത്.

കാലത്തോടൊപ്പം സഞ്ചരിക്കാൻ സാധിച്ചു എന്നതാണ് ബി ആർ പിയുടെ പ്രത്യേകത. 19ാം വയസ്സിൽ ഹിന്ദുവിൽ ആരംഭിച്ചതാണ് പത്രപ്രവർത്തന ജീവിതം. പേട്രിയറ്റ്, സ്റ്റേറ്റ്സ് മാൻ, യു എൻ ഐ, ഡെക്കാൻ ഹെറാൾഡ്, ഏഷ്യാനെറ്റ്… അവിടെ നിന്ന് പടിയിറങ്ങിയ ശേഷവും അദ്ദേഹം വെറുതെയിരുന്നില്ല. പൗരാവകാശ, മനുഷ്യാവകാശ സമരമുഖങ്ങളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. ആനുകാലികങ്ങളിൽ നിരന്തരം എഴുതി. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ തന്റെ നിലപാടുകൾ പറഞ്ഞു. തനിക്ക് ശരിയെന്നു തോന്നിയത് പറഞ്ഞു, പ്രവർത്തിച്ചു. മറ്റുള്ളവർ അതിനെ എങ്ങനെ കാണുന്നു എന്നത് അദ്ദേഹത്തിന് പ്രശ്‌നമായിരുന്നില്ല. കേരളം വയോജന സൗഹൃദമല്ല എന്ന പ്രസ്താവനയുടെ പേരിൽ അദ്ദേഹം വലിയ സൈബർ അറ്റാക്ക് നേരിടേണ്ടി വന്നു. അപ്പോഴും പറഞ്ഞിടത്ത് ഉറച്ചുനിന്നു. മുഖ്യമന്ത്രിയുടെ നവകേരള ബസിനു നേർക്ക് പ്രതിപക്ഷ യുവജന സംഘടനകൾ കരിങ്കൊടി കാണിച്ചതും പോലീസ് സമരക്കാരെ ക്രൂരമായി നേരിട്ടതും വാർത്തകളിൽ നിറഞ്ഞ നാളുകളിൽ അദ്ദേഹം ഫേസ്ബുക്കിൽ ഇങ്ങനെ എഴുതി:

“കരിങ്കൊടി വീശലിനെ ഒരു അംഗീകൃത പ്രതിഷേധ രീതിയായി നമുക്ക് അംഗീകരിച്ചു കൂടെ. അതിൽ യഥാർഥത്തിൽ ഹിംസാത്മകമായി ഒന്നുമില്ല. ഹിംസാത്മകം അല്ലാത്ത ഒരു പ്രതിഷേധ രീതിയെ ഒഴിവാക്കേണ്ട ആവശ്യം ഞാൻ കാണുന്നില്ല. ആളുകൾ എതിർപ്പുകൾ പ്രകടിപ്പിക്കട്ടെ എതിർപ്പുകളെ മറികടന്ന് മുന്നേറാൻ കഴിയുന്നവർ മുന്നേറട്ടെ. അതാകണം നമ്മുടെ സമൂഹം. എതിർപ്പുകൾ സമാധാനപരമായി മാന്യമായ രീതിയിൽ പ്രകടിപ്പിക്കാൻ അവസരം ഉണ്ടായാൽ തന്നെ പല അനാവശ്യമായ രംഗങ്ങളും ഒഴിവാക്കാൻ കഴിയും’. എപ്പോഴും പ്രതിപക്ഷമായിരിക്കാൻ ശ്രമിച്ചു എന്നതാണ് ആ ജീവിതത്തിന്റെ രാഷ്ട്രീയം.

മാധ്യമപ്രവർത്തകർ പ്രിവിലേജ്‌ഡ്‌ കമ്മ്യൂണിറ്റി ആണെന്ന് അദ്ദേഹം കരുതിയില്ല. പ്രത്യേക പരിഗണനകളോട് ചെറുപ്പം മുതലുണ്ടായ വിമുഖത ജീവിതാന്ത്യം വരെ അദ്ദേഹം കൊണ്ടുനടന്നു. “സ്കൂൾ കാലത്തെ ഒരു പ്രധാന സംഭവം. തിരുവിതാംകൂർ മഹാരാജാവിന്റെ ജന്മദിനമാണ്. സ്കൂളിൽ നിന്ന് ഏതാണ്ട് മൂന്ന് മൈൽ ദൂരെയുള്ള കടപ്പുറത്തേക്കും തിരിച്ചു സ്കൂളിലേക്കും ഞങ്ങൾ ഘോഷയാത്രയായി പോയിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും ആറു മൈൽ എങ്കിലും വരും. തിരിച്ചുള്ള യാത്രയിൽ എന്റെ വീടിന്റെ അടുത്ത് എത്തുമ്പോൾ സ്കൂളിൽ ഏറ്റവും ചെറിയ കുട്ടി എന്ന പരിഗണന നൽകി അധ്യാപകർ എന്നെ വീട്ടിലേക്ക് വീടും.

യഥാർഥത്തിൽ പ്രത്യേക പരിഗണന എനിക്ക് ഇഷ്ടമുള്ള കാര്യമായിരുന്നില്ല. മറ്റു കുട്ടികൾക്കൊപ്പം സ്കൂൾ വരെ തിരിച്ചു നടക്കാനും അവിടെ ചെല്ലുമ്പോൾ തരുന്ന അവിലും പഴവും തിന്നാനും ഞാൻ കൊതിച്ചു. പക്ഷേ എന്റെ ചെറിയ പ്രായം കണക്കിലെടുത്ത് അധ്യാപകർ എന്നെ നേരത്തേ വീട്ടിലേക്ക് വിടും. പക്ഷേ, എന്റെ വക അവിലും പഴവും വീട്ടിലേക്ക് കൊടുത്തയക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു’. കഴിഞ്ഞ വർഷം നവംബർ 15 ന് അദ്ദേഹം എഴുതിയതാണിത്. സർക്കാറിന്റെയോ സമൂഹത്തിന്റെയോ സവിശേഷമായ ആനുകൂല്യങ്ങളോ അനർഹമായ പരിഗണനകളോ സ്വീകരിക്കാതെ തലയുയർത്തി തന്നെയാണ് 92ാം വയസ്സിൽ ജീവിതവിശേഷം പൂർത്തിയാക്കി അദ്ദേഹം മടങ്ങിയത്.

---- facebook comment plugin here -----

Latest