Connect with us

International

ബംഗ്ലാദേശില്‍ മാധ്യമപ്രവര്‍ത്തക മരിച്ച നിലയില്‍; അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരായ ക്രൂര ആക്രമണമെന്ന് ഷെയ്ഖ് ഹസീനയുടെ മകന്‍

മരിച്ചതു പോലെ ജിവിക്കുന്നതിനേക്കാള്‍ നല്ലത് മരണമാണെന്നാണ് ചൊവ്വാഴ്ച രാത്രി 10.24 ന് പങ്കുവച്ച കുറിപ്പ്

Published

|

Last Updated

ധാക്ക |  ബംഗ്ലാദേശില്‍ മാധ്യമപ്രവര്‍ത്തകയെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗാളി ഭാഷാ ചാനലായ ഗാസി ടിവിയുടെ ന്യൂസ് റൂം എഡിറ്ററായ സാറ രഹനുമ(32)യാണ് മരിച്ചത്. ഹതിര്‍ജീല്‍ തടാകത്തില്‍ ഒഴുകിനടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സാറ മരിക്കുന്നതിന് മുന്‍പ് മരണം സംബന്ധിച്ച് തന്റെ ഫേസ്ബുക്കില്‍ ഇവര്‍ പങ്കുവച്ച രണ്ട് കുറിപ്പുകള്‍ സംബന്ധിച്ച് പോലീസ് പരിശോധന തുടങ്ങി. മരിച്ചതു പോലെ ജിവിക്കുന്നതിനേക്കാള്‍ നല്ലത് മരണമാണെന്നാണ് ചൊവ്വാഴ്ച രാത്രി 10.24 ന് പങ്കുവച്ച കുറിപ്പ്. ബംഗ്ലാദേശ് പതാക തലയില്‍ കെട്ടിയ ചിത്രത്തോടൊപ്പം പങ്കുവച്ച രണ്ടാമത്തെ കുറിപ്പില്‍ സുഹൃത്ത് ഫഹീമിനെ ടാഗ് ചെയ്തുകൊണ്ടാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഇത്രയും നല്ലൊരു സുഹൃത്തിനെ ലഭിച്ചതില്‍ താന്‍ സന്തോഷവതിയാണെന്നും ദൈവം അനുഗ്രഹിക്കട്ടെയെന്നും നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നുവെന്നും അതൊന്നും യാഥാര്‍ഥ്യമാക്കാന്‍ സാധിക്കാത്തതില്‍ ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞായിരുന്നു പോസ്റ്റ് അവസാനിപ്പിച്ചത്.

അതേ സമയം മാധ്യമപ്രവര്‍ത്തകയുടെ മരണം അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരായ ക്രൂര ആക്രമണമെന്ന് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകന്‍ സജീദ് വാസെദ് ആരോപിച്ചു. സാറ രഹനുമ ജോലി ചെയ്തിരുന്ന ഗാസി ടിവി മതേതര നിലപാട് സ്വീകരിക്കുന്ന ടെലിവിഷനാണ്. ചാനലിന്റെ ഉടമ ഗോലം ദസ്തഗിര്‍ ഗാസിയെ പൊലീസ് ഈയടുത്ത് അറസ്റ്റ് ചെയ്തിരുന്നുവെന്നും സജീദ് വാസെദ് തന്റെ എക്‌സ് ഹാന്‍ഡിലില്‍ കുറിച്ചു.