National
ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി
ആക്രമികൾ ആദ്യം അദ്ദേഹത്തിന്റെ ബൈക്കിൽ ഇടിക്കുകയും തുടർന്ന് മൂന്ന് തവണ വെടിയുതിർക്കുകയുമായിരുന്നു

സീതാപൂർ (ഉത്തർപ്രദേശ്) | ഉത്തർപ്രദേശിലെ സീതാപൂരിൽ ലഖ്‌നൗ-ഡൽഹി ദേശീയപാതയിൽ പ്രാദേശിക മാധ്യമപ്രവർത്തകനും വിവരാവകാശ പ്രവർത്തകനുമായയാളെ വെടിവെച്ച് കൊലപ്പെടുത്തി. രാഘവേന്ദ്ര ബാജ്‌പേയി (35) ആണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം.
ഉത്തർപ്രദേശിലെ ഒരു ഹിന്ദി ദിനപത്രത്തിന്റെ പ്രാദേശിക ലേഖകനായിരുന്നു രാഘവേന്ദ്ര ബാജ്‌പേയി. ആക്രമികൾ ആദ്യം അദ്ദേഹത്തിന്റെ ബൈക്കിൽ ഇടിക്കുകയും തുടർന്ന് മൂന്ന് തവണ വെടിയുതിർക്കുകയുമായിരുന്നു. ആദ്യം ഇതൊരു അപകടമാണെന്നാണ് കരുതിയതെങ്കിലും ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ ശരീരത്തിൽ നിന്ന് മൂന്ന് വെടിയുണ്ടകൾ കണ്ടെത്തിയതോടെ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് ഫോൺ കോൾ വന്നതിനെ തുടർന്നാണ് രാഘവേന്ദ്ര ബാജ്‌പേയി വീട്ടിൽ നിന്ന് പുറത്തിറങ്ങിയത്. ഏകദേശം 3:15 ഓടെ ദേശീയപാതയിൽ വെച്ചായിരുന്നു ആക്രമണം. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. ഇരയുടെ കുടുംബത്തിൽ നിന്ന് ഔദ്യോഗിക പരാതി ലഭിച്ചതിന് ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.