Siddique Kappan
മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജയില്‍ മോചിതനായി
28 മാസത്തിന് ശേഷമാണ് സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനായത്.
ലക്നോ | ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഇന്ന് ജയില്‍ മോചിതനായി. രാവിലെ ഒമ്പതോടെയാണ് ലക്നോ ജില്ലാ ജയിലിൽ നിന്ന് അദ്ദേഹം പുറത്തുവന്നത്. 28 മാസത്തിന് ശേഷമാണ് സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനായത്. യു പിയിലെ ഹത്രാസിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാൻ പോകവെ 2020 ഒക്ടോബറിലാണ് പോലീസ് സിദ്ദീഖിനെ അറസ്റ്റ് ചെയ്തത്. പിന്നീട് യു എ പി എ അടക്കമുള്ള കുറ്റങ്ങൾ ചുമത്തുകയായിരുന്നു.
പൂർണമായും നീത ലഭിച്ചിട്ടില്ലെന്ന് ജയിൽ മോചിതനായ ശേഷം സിദ്ദീഖ് കാപ്പൻ പ്രതികരിച്ചു. പത്രപ്രവർത്തക യൂനിയനായ കെ യു ഡബ്ല്യു ജെ, മുതിർന്ന മാധ്യമ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടികൾ, സംഘടനകൾ അടക്കമുള്ളവയുടെ ഇടപെടൽ കാരണമാണ് യു എ പി എ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടും ഇത്ര നേരത്തേ മോചിതനാകാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജാമ്യവ്യവസ്ഥ പ്രകാരം ഒരു മാസം ഡൽഹിയിൽ കഴിയേണ്ടതുണ്ട്.
ഇന്നലെ റിലീസിംഗ് ഓര്‍ഡര്‍ കോടതി ജയിലേക്ക് അയച്ചിരുന്നു. ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത യു എ പി എ കേസില്‍ സുപ്രീം കോടതിയും ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അലഹബാദ് ഹൈക്കോടതിയും ജാമ്യം നല്‍കിയതോടെയാണ് സിദ്ദിഖ് കാപ്പന് ജയില്‍ മോചിതനായത്. യു പി പൊലീസിന്റെ കേസില്‍ വെരിഫിക്കേഷന്‍ നടപടികള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. ഇ ഡി കേസിലും വെരിഫിക്കേഷന്‍ പൂര്‍ത്തിയായതോടെയാണ് ജയില്‍ മോചനം സാധ്യമായത്. ഇരുകേസുകളിലും ഒരു മാസം മുമ്പ് ജാമ്യം ലഭിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് ലക്നോ പ്രത്യേക കോടതി മോചന ഉത്തരവിൽ ഒപ്പുവെച്ചത്.