Connect with us

National

മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ പിതാവ് അന്തരിച്ചു

സൗമ്യയുടെ കൊലയാളികള്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ദിവസങ്ങള്‍ക്കുശേഷമാണ് പിതാവ് വിശ്വനാഥന്‍ മരിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ പിതാവ് എം കെ വിശ്വനാഥന്‍ (82) അന്തരിച്ചു. സൗമ്യയുടെ കൊലയാളികള്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ദിവസങ്ങള്‍ക്കുശേഷമാണ് പിതാവ് വിശ്വനാഥന്‍ മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് വിശ്വനാഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പതിനഞ്ച് വര്‍ഷമായി നടത്തിയ നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് മകളുടെ കൊലയാളികള്‍ക്ക് ശിക്ഷ ലഭിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ നിന്നാണ് അദ്ദേഹം ശിക്ഷാവിധി കണ്ടത്. അദ്ദേഹത്തിന് ക്ഷീണമുണ്ടെന്നും എന്നാല്‍ ശിക്ഷാവിധി കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും കുടുംബം കോടതിയെ അറിയിച്ചിരുന്നു.

രവി കപൂര്‍, അമിത് ശുക്ല, അജയ് കുമാര്‍, ബല്‍ജീത് മാലിക് എന്നിവരെയാണ് ഡല്‍ഹി സാകേത് സെഷന്‍സ് കോടതി ശിക്ഷിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണാനാകില്ലെന്നും അതിനാല്‍ വധശിക്ഷ നല്‍കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഇന്ത്യാ ടുഡേ ഗ്രൂപ്പിലെ പത്രപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥന്‍ 2008 സെപ്തംബര്‍ 30ന് പുലര്‍ച്ചെ തെക്കന്‍ ഡല്‍ഹിയിലെ നെല്‍സണ്‍ മണ്ടേല മാര്‍ഗില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് കാറില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ വെടിയേറ്റ് മരിക്കുകയായിരുന്നു.