Connect with us

Editorial

അധിനിവേശ കാലത്തെ മാധ്യമ പ്രവര്‍ത്തകര്‍

സാധാരണയില്‍ കവിഞ്ഞ നിശ്ചയദാര്‍ഢ്യവും ധീരതയുമാണ് യുദ്ധം റിപോര്‍ട്ട് ചെയ്യുന്ന ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകര്‍ കാണിച്ചു കൊണ്ടിരിക്കുന്നത്. ഇസ്‌റാഈല്‍ സൈന്യം തങ്ങളെ പ്രത്യേകം ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന് വ്യക്തമായിട്ടും ജീവന്‍ പണയപ്പെടുത്തി അവര്‍ യുദ്ധമുഖത്തെ റിപോര്‍ട്ടിംഗ് തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

Published

|

Last Updated

മാധ്യമ പ്രവര്‍ത്തകരോടുള്ള ഇസ്‌റാഈലിന്റെ നിഷേധാത്മക നിലപാടിലേക്കും അസഹിഷ്ണുതയിലേക്കും വിരല്‍ ചൂണ്ടുന്നതാണ് ഒരു വര്‍ഷത്തിനിടെ ഗസ്സയില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം. 2023 ഒക്ടോബര്‍ ഏഴിന് ഗസ്സയിലെ ഇസ്‌റാഈല്‍ അധിനിവേശം ആരംഭിച്ച് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ 175 മാധ്യമ പ്രവര്‍ത്തകരാണ് അവിടെ കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേല്‍ക്കുകയും അംഗവൈകല്യം സംഭവിക്കുകയും ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ നിരവധിയാണ്. ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ് (ഐ എഫ് ജെ) കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധം തുടങ്ങി മൂന്ന് മാസങ്ങള്‍ക്കകം തന്നെ 68 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയുണ്ടായി. മൂന്ന് പതിറ്റാണ്ടിനിടെ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകരേക്കാള്‍ കൂടുതല്‍ വരുമിതെന്നാണ് ഐ എഫ് ജെ പറയുന്നത്. യുദ്ധം ആരംഭിച്ച ഒക്ടോബര്‍ ഏഴിന് തന്നെ ആറ് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.

ആയുധങ്ങള്‍ ചീറിപ്പായുന്ന യുദ്ധമുഖത്ത് ആളറിയാതെയും അബദ്ധത്തിലും ആളുകള്‍ കൊല്ലപ്പെടുക സ്വാഭാവികം. എന്നാല്‍ അത്തരത്തിലല്ല ഗസ്സയില്‍ ഇത്രയും കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകരാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ, ഇസ്‌റാഈല്‍ സൈനികര്‍ അവരെ മനപ്പൂര്‍വം ആക്രമിക്കുകയായിരുന്നുവെന്ന് ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ് പ്രതിനിധി ടിം ഡോണ്‍സണ്‍ വിലയിരുത്തുന്നു. ഇസ്‌റാഈലിന് രുചിക്കാത്ത, ഹിതകരമല്ലാത്ത വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്നവരെ സൈന്യം മനപ്പൂര്‍വം ലക്ഷ്യം വെക്കുകയാണ്. ഗസ്സയില്‍ പ്രവര്‍ത്തിക്കുന്ന മിക്ക മാധ്യമ സ്ഥാപനങ്ങളും ഇസ്‌റാഈല്‍ ബോംബിംഗില്‍ തകര്‍ക്കപ്പെട്ടു. മനുഷ്യത്വത്തിന്റെ കണിക പോലും അവശേഷിക്കാത്ത വിധമാണ് ഗസ്സയിലെ ജനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും പാര്‍പ്പിടങ്ങള്‍ക്കും നേരെ ഇസ്‌റാഈല്‍ ബോംബിംഗ് നടത്തുന്നത്. യുദ്ധം ആരംഭിച്ച് ഒരാഴ്ചക്കുള്ളില്‍ ജനസാന്ദ്രത കൂടിയ ഗസ്സയില്‍ ഇസ്‌റാഈല്‍ വര്‍ഷിച്ചത് 6,500ഓളം ബോംബുകളാണ.് അഫ്ഗാനില്‍ ഒരു വര്‍ഷം അമേരിക്ക വര്‍ഷിച്ച ബോംബുകള്‍ക്ക് തുല്യമാണിത്. യുദ്ധത്തിന്റെ എല്ലാ മര്യാദകളും ലംഘിച്ചുള്ള കൊടും പൈശാചികതയാണ് ജൂത സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് പുറം ലോകത്ത് എത്താതിരിക്കാനാണ് മാധ്യമ പ്രവര്‍ത്തകരെ അക്രമിക്കുന്നതും വധിക്കുന്നതും.
മാധ്യമ പ്രവര്‍ത്തകരുടെ കുടുംബങ്ങളും ഇസ്‌റാഈലിന്റെ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകനായ ഹസന്‍ ഹമദിനു ലഭിച്ച ഭീഷണി സന്ദേശം മാധ്യമ കുടുംബങ്ങളെയും ജൂത സേന ഉന്നം വെക്കുന്നതായി വ്യക്തമാക്കുന്നുണ്ട്. “ഇസ്‌റാഈലിന് ഹിതകരമല്ലാത്ത വാര്‍ത്തകള്‍ നല്‍കുന്നത് നിര്‍ത്തണം, അല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെയും കുടുംബത്തെയും തേടിവരു’മെന്നായിരുന്നു വാട്‌സ്ആപ്പ് മുഖേന അദ്ദേഹത്തിനു ലഭിച്ച ഭീഷണി. പത്തൊമ്പതു വയസ്സുകാരനായ ഹസന്‍ ഹമദ് താമസിയാതെ കൊല്ലപ്പെടുകയും ചെയ്തു. ഇസ്‌റാഈലിന്റെ അനധികൃത നുഴഞ്ഞു കയറ്റം റിപോര്‍ട്ട് ചെയ്ത ഉടനെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

അല്‍ജസീറ അറബിക് ചാനലിന്റെ ഗസ്സ ബ്യൂറോ ചീഫ് വാഇല്‍ ഹംദാന്‍ ഇബ്‌റാഹീമിന് ബോംബാക്രമണത്തില്‍ നഷ്ടപ്പെട്ടത് ഭാര്യ, 15 വയസ്സുള്ള മകന്‍, ഏഴ് വയസ്സുള്ള മകള്‍, പേരക്കുട്ടി എന്നിവരെയാണ്. കുടുംബത്തില്‍ ഇത്രയും പേര്‍ കൊല്ലപ്പെടുകയും ബോംബിംഗില്‍ തനിക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടും വാഇല്‍ ഹംദാന്‍ റിപോര്‍ട്ടിംഗ് നിര്‍ത്തിയില്ല. എനിക്ക് ഗസ്സക്കാരെ ഉപേക്ഷിക്കാനാകില്ലെന്നു പറഞ്ഞ് അദ്ദേഹം യുദ്ധമുഖത്ത് തന്നെ നിലയുറപ്പിക്കുകയായിരുന്നു. ഫലസ്തീനിയല്ലാത്ത മാധ്യമ പ്രവര്‍ത്തകനായിരുന്നു വാഇല്‍ ഹംദാന്‍ എങ്കില്‍ അദ്ദേഹത്തിന് പുലിസ്റ്റര്‍ പ്രൈസ് ലഭിക്കുമായിരുന്നുവെന്നാണ് മാധ്യമ ലോകത്തിന്റെ വിലയിരുത്തല്‍. അല്‍ജസീറയുടെ ഗസ്സ കറസ്‌പോണ്ടന്റ് മുഅമ്മിന്‍ ശാഫിയുടെ മാതാവും പിതാവും സഹോദരങ്ങളുമടക്കം 22 ബന്ധുക്കള്‍, ഫലസ്തീന്‍ ടി വി ചാനല്‍ കറസ്‌പോണ്ടന്റ് മുഹമ്മദ് അബ്ദുഖത്താന്റെ 11 ബന്ധുക്കള്‍ എന്നിങ്ങനെ നീളുന്നു കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക കുടുംബാംഗങ്ങളുടെ നിര. മാധ്യമ പ്രവര്‍ത്തകരെ സമ്മര്‍ദത്തിലാക്കി റിപോര്‍ട്ടിംഗില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുകയാണ് കുടുംബാംഗങ്ങളെ അക്രമിക്കുന്നതിലൂടെ ഇസ്‌റാഈല്‍ ലക്ഷ്യമാക്കുന്നത്.

സൈബര്‍ ആക്രമണങ്ങള്‍, തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിക്കല്‍, തടവിലെ മര്‍ദന മുറകള്‍ തുടങ്ങിയ ക്രൂര നടപടികള്‍ക്കും വിധേയരാകുന്നുണ്ട് മാധ്യമ പ്രവര്‍ത്തകര്‍. ഗസ്സയില്‍ നിന്ന് അപ്രത്യക്ഷരായ മാധ്യമ പ്രവര്‍ത്തകര്‍ നിരവധിയാണ്. ഇവരെ ഇസ്‌റാഈല്‍ സൈന്യം പിടിച്ചു കൊണ്ടുപോയി തടവില്‍ പാര്‍പ്പിക്കുകയോ വധിക്കുകയോ ചെയ്തതാകാമെന്നാണ് കരുതപ്പെടുന്നത്. കഷ്ടപ്പെട്ട്, അതിസാഹസികമായി യുദ്ധ ഭൂമിയില്‍ നിന്ന് തയ്യാറാക്കുന്ന വാര്‍ത്തകള്‍ ഇസ്‌റാഈലിന്റെ സെന്‍സര്‍ഷിപ്പിനും ഇസ്‌റാഈല്‍ അനുകൂല വക്രീകരണത്തിനും വിധേയമാകുകയും ചെയ്യുന്നു. സത്യത്തെ ആകുന്നിടത്തോളം തമസ്‌കരിക്കാന്‍ ശ്രമിക്കുകയാണവര്‍. ഗസ്സയില്‍ ഇന്റര്‍നെറ്റ് പൂര്‍ണമായി നിര്‍ത്തലാക്കിയത് വാര്‍ത്തകള്‍ പുറംലോകം അറിയാതിരിക്കാന്‍ കൂടിയാണ്. പുറത്തു വന്നുകൊണ്ടിരിക്കുന്ന ഇസ്‌റാഈലിന്റെ കൊടും ക്രൂരതയുടെ വാര്‍ത്തകള്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രം. ഇസ്‌റാഈല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചുള്ള വാര്‍ത്തകള്‍ മാത്രമേ വെളിച്ചം കാണുന്നുള്ളൂ.
അതീവ ശ്രമകരവും സാഹസികവുമാണ് പലപ്പോഴും മാധ്യമ പ്രവര്‍ത്തനം. യുദ്ധ മുഖത്ത് വിശേഷിച്ചും. എന്നാല്‍ സാധാരണയില്‍ കവിഞ്ഞ നിശ്ചയദാര്‍ഢ്യവും ധീരതയുമാണ് യുദ്ധം റിപോര്‍ട്ട് ചെയ്യുന്ന ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകര്‍ കാണിച്ചു കൊണ്ടിരിക്കുന്നത്. ഇസ്‌റാഈല്‍ സൈന്യം തങ്ങളെ പ്രത്യേകം ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന് വ്യക്തമായിട്ടും ജീവന്‍ പണയപ്പെടുത്തി അവര്‍ യുദ്ധമുഖത്തെ റിപോര്‍ട്ടിംഗ് തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. യുദ്ധമുഖത്തെ സത്യസന്ധമായ വാര്‍ത്തകള്‍ കാത്തിരിക്കുന്ന ആഗോളം സമൂഹം അവരോട് കടപ്പെട്ടിരിക്കുന്നു.

Latest