National
അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകളുടെ ഉറവിടം വെളിപ്പെടുത്തണം: ഡല്‍ഹി കോടതി
ക്രിമിനല്‍ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാധ്യമപ്രവര്‍ത്തകര്‍ ഉറവിടം വെളിപ്പെടുത്തണം
ന്യൂഡല്‍ഹി| അന്വേഷണ ഏജന്‍സികള്‍ക്കു മുന്നില്‍ വാര്‍ത്തകളുടെ ഉറവിടം വെളിപ്പെടുത്തുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ നിയമപരമായി ഒഴിവാക്കിയിട്ടില്ലെന്ന് ഡല്‍ഹി കോടതി. ക്രിമിനല്‍ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാധ്യമപ്രവര്‍ത്തകര്‍ ഉറവിടം വെളിപ്പെടുത്തണമെന്ന് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് അഞ്ജനി മഹാജന്‍ പറഞ്ഞു. വ്യാജ രേഖ ചമച്ച കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ സി.ബി.ഐ നല്‍കിയ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
2009 ഫെബ്രുവരി ഒമ്പതിന് ചില വാര്‍ത്ത ചാനലുകള്‍ മുലായം സിങ് യാദവിന്റെയും കുടുംബാംഗങ്ങളുടെയും അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ചില രേഖകള്‍ പുറത്തുവിട്ടിരുന്നു. കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിന് തൊട്ടുമുമ്പാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നത്. എന്നാല്‍ ഈ രേഖകള്‍ വ്യാജമാണെന്ന് ആരോപിച്ച് സി.ബി.ഐ കേസ് ഫയല്‍ ചെയ്തു. രേഖകള്‍ ആവശ്യപ്പെട്ടിട്ടും വാര്‍ത്ത ചാനലുകളോ മാധ്യമ പ്രവര്‍ത്തകരോ രേഖകളുടെ ഉറവിടം വെളിപ്പെടുത്താത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുന്നു എന്ന് വ്യക്തമാക്കി സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.