Connect with us

Cover Story

ജനമനസ്സുകളിൽ സന്തോഷം നിറയ്ക്കാനുള്ള യാത്രകൾ

സയ്യിദ് അലി ബാഫഖി തങ്ങളാണ് ഈ യാത്രികൻ. അദ്ദേഹത്തെ അറിയാത്തവരായി കേരളത്തിലെ സുന്നികൾക്കിടയിൽ അധികമാരും ഉണ്ടാകില്ല. ഉജ്ജ്വലമായ പ്രഭാഷണത്തിന്റെയോ മനസ്സ് കീഴടക്കുന്ന രചനാ സൗകുമാര്യത്തിന്റെയോ പേരിലല്ല ഈ പരിചയം. കേളികേട്ട ദർസിന്റെയോ നാടുനിറഞ്ഞ ശിഷ്യസമ്പത്തിന്റെയോ മേൽവിലാസവും അദ്ദേഹത്തിനില്ല. അഹങ്കരിക്കാനും ആളാകാനും ഉപയോഗപ്പെടുത്താവുന്ന നിരവധി കാരണങ്ങൾക്കിടയിലും വിനയം കൊണ്ട് സ്വയം ചെറുതായി, മനസ്സ് നിറഞ്ഞ് പുഞ്ചിരിച്ച് അങ്ങനെയാണ് തങ്ങൾ ഹൃദയങ്ങൾ കീഴടക്കിയത്.

Published

|

Last Updated

തൊണ്ണൂറിനടുത്ത് പ്രായമുള്ള വീൽചെയറും വാക്കറുമില്ലാതെ സഞ്ചരിക്കാനാകാത്ത ഒരാളുടെ സഞ്ചാരത്തിന്റെ കഥ പറയാം. ട്രെൻഡാകുന്ന ന്യൂജെൻ വൈബുകൾ തേടിയുള്ള ആസ്വാദകന്റെ യാത്രയുടെ കഥയല്ല. ഉറ്റവരുടെ വേർപാടിൽ മനസ്സ് നൊന്ത് തകർന്നവരെ സാന്ത്വനിപ്പിക്കാനാണ് ഈ സഞ്ചാരം. അപകടം പിണഞ്ഞ് പരിക്കുപറ്റി വീടകങ്ങളിൽ ഒറ്റപ്പെട്ടുപോയവരെ ചേർത്തുപിടിക്കാനുള്ള യാത്ര. പാവപ്പെട്ടവനും പണക്കാരനുമില്ലാതെ മനുഷ്യരെ സന്തോഷിപ്പിക്കാനുള്ള പരക്കംപാച്ചിലുകളുടേതാണ് ഈ കഥ.

സയ്യിദ് അലി ബാഫഖി തങ്ങളാണ് ഈ യാത്രികൻ. അദ്ദേഹത്തെ അറിയാത്തവരായി കേരളത്തിലെ സുന്നികൾക്കിടയിൽ അധികമാരും ഉണ്ടാകില്ല. ഉജ്ജ്വലമായ പ്രഭാഷണത്തിന്റെയോ മനസ്സ് കീഴടക്കുന്ന രചനാ സൗകുമാര്യത്തിന്റെയോ പേരിലല്ല ഈ പരിചയം. കേളികേട്ട ദർസിന്റെയോ നാടുനിറഞ്ഞ ശിഷ്യസമ്പത്തിന്റെയോ മേൽവിലാസവും അദ്ദേഹത്തിനില്ല. അഹങ്കരിക്കാനും ആളാകാനും ഉപയോഗപ്പെടുത്താവുന്ന നിരവധി കാരണങ്ങൾക്കിടയിലും വിനയം കൊണ്ട് സ്വയം ചെറുതായി, മനസ്സ് നിറഞ്ഞ് പുഞ്ചിരിച്ച് അങ്ങനെയാണ് തങ്ങൾ ഹൃദയങ്ങൾ കീഴടക്കിയത്. മഹാസമ്മേളനങ്ങളുടെ അധ്യക്ഷസ്ഥാനത്തും സമൂഹത്തിൽ ആരുമല്ലാത്തവരുടെ സ്വകാര്യ ചടങ്ങുകളിലും ഒരേ മുഖവും പെരുമാറ്റവുമായി, മുത്ത് നബി(സ്വ)യുടെ ഈ പേരമകൻ ഉപ്പൂപ്പ പഠിപ്പിച്ച മാതൃകകളുടെ കെടാവിളക്കായി പ്രകാശിച്ചു നിൽക്കുന്നു ഇവിടെ.

കേരളത്തിലും മലയാളികളോട് ചേർന്നുനിൽക്കുന്നവർ അധിവസിക്കുന്ന ദേശങ്ങളിലും ഒരാൾ ആ സാന്നിധ്യം ആഗ്രഹിക്കുന്നുവെങ്കിൽ തങ്ങൾ അവിടെയെത്തിയിരിക്കും. ചിലർക്ക് മരണപ്പെട്ട മാതാവിന്റെ പാരത്രിക ജീവിതം സന്തോഷകരമാകാൻ തങ്ങൾ പ്രാർഥിക്കലാണ് ലക്ഷ്യം. മറ്റു ചിലർക്ക് പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ ആ അനുഗൃഹീത കരങ്ങൾ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കണം. ചിലർക്ക് കടയുദ്ഘാടനം, മറ്റു ചിലർക്ക് നിക്കാഹ്… ആവശ്യങ്ങൾ എന്തുമാകട്ടെ, അവരുടെ സങ്കടങ്ങളിലേക്ക്, സന്തോഷങ്ങളിലേക്ക് ആ വീൽചെയർ ഉരുണ്ടെത്തുക തന്നെ ചെയ്യും.

ഈ പ്രയാണം തുടങ്ങിയിട്ട് ആറ് പതിറ്റാണ്ടാകുന്നു. പൊതുപ്രവർത്തകന്റെ സങ്കീർണതകളിൽ നിന്നകന്ന് താനാരുമല്ലേ എന്ന ഭാവത്തിൽ ഒതുങ്ങി ജീവിച്ചിരുന്ന ഒരു ഘട്ടമുണ്ടായിരുന്നു സയ്യിദവർകളുടെ ജീവിതത്തിൽ. ഉസ്താദ് കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാരുടെ സമ്മർദമാണ് അദ്ദേഹത്തെ ജനങ്ങളിലേക്കിറക്കിയത്. ആദ്യ ഘട്ടത്തിൽ കാന്തപുരം ഉസ്താദിന്റെ സഹയാത്രികനായിരുന്നു. ജനങ്ങൾക്കായി സാഹസം അനുഭവിക്കുന്നതിന്റെ നിർവൃതിയനുഭവിച്ചപ്പോൾ സന്തോഷത്തോടെ ഉസ്താദിന്റെ പകരക്കാരനായി. പിന്നെ ആ ദൗത്യം സ്വയം തന്നെ ഏറ്റെടുത്ത് നിർവഹിക്കാൻ തുടങ്ങി.

ഇപ്പോൾ സയ്യിദ് അലി ബാഫഖി തങ്ങൾക്ക് ഒഴിവുള്ള ദിവസങ്ങളില്ല. നിലക്കാത്ത യാത്രകളാണ്. പ്രഭാത ഭക്ഷണം കഴിഞ്ഞാൽ കൊയിലാണ്ടിയിലെ മുബാറക് മൻസിലിൽ നിന്ന് ആ കാർ ദേശീയപാതയിലേക്കിറങ്ങി പ്രയാണം തുടങ്ങും. സമ്മേളനങ്ങളും പള്ളി ഉദ്ഘാടനങ്ങളും സംഘടനാ മീറ്റിംഗുകളും മരണവും വിവാഹവും തുടങ്ങി എല്ലാ മനുഷ്യരുടെയും അജൻഡകൾ ആ ദിനചര്യയുടെ ഭാഗമാകും. ക്ഷണിക്കപ്പെട്ടയിടങ്ങളിൽ സമയത്തിന് മുമ്പേ എത്തും. ചെന്നയിടങ്ങളിൽ നിന്ന് ധൃതി പിടിച്ചുള്ള മടക്കയാത്രയുണ്ടാകില്ല. ആതിഥേയരുടെ സന്തോഷമാണ് ആഗമനത്തിന്റെ ലക്ഷ്യം. അതിനാൽ അവരുടെ മനസ്സ് നിറച്ച ശേഷമേ വാഹനം തിരിച്ചുരുളുകയുള്ളൂ.

ഇങ്ങനെ എല്ലാവരുടെയും ക്ഷണം സ്വീകരിച്ച് സൗകര്യവും അസൗകര്യവും നോക്കാതെ കയറിച്ചെല്ലാൻ മറ്റു ദൗത്യങ്ങളൊന്നുമില്ലാതെ വെറുതെയിരിക്കുന്ന ആളാണോ സയ്യിദ് അലി ബാഫഖി തങ്ങൾ? ഇന്ന് കേരളീയ സമൂഹത്തിൽ അദ്ദേഹത്തിൽ മേളിച്ച വിശേഷണങ്ങളോട് കിടപിടിക്കുന്ന മറ്റൊരു വ്യക്തിത്വത്തെയും കാണാനാകില്ല. പ്രസിദ്ധമായ ബാഫഖീ ഖബീലയിൽ ജനിച്ച സയ്യിദാണവർ. ഇസ്‌ലാമിൽ യമനീ പാരമ്പര്യത്തിന് വലിയ പ്രാധാന്യമുണ്ട്. യഥാർഥ വിശ്വാസം യമനീ പരമ്പരയിലേക്ക് ചെന്നുചേരുന്നതായിരിക്കുമെന്ന് പ്രവാചകർ മുഹമ്മദ്(സ്വ) പഠിപ്പിച്ചിട്ടുണ്ട്. സയ്യിദ് അലി ബാഫഖി തങ്ങളുടെ പിതാവ് സയ്യിദ് അഹമ്മദ് ബാഫഖി തങ്ങളുടെ പരമ്പരയിൽ മൂന്ന് പിതാക്കൾ കഴിഞ്ഞാൽ യമനിൽ നിന്നും പന്തലായനിയിൽ കപ്പലിറങ്ങിയ പിതാമഹനെ കാണാം.

കേരള മുസ്‌ലിം ചരിത്രത്തിൽ ഒരു യുഗത്തിന്റെ ചുരുക്കപ്പേരാണ് സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി തങ്ങൾ എന്നത്. അദ്ദേഹം അലി ബാഫഖി തങ്ങളുടെ പിതൃസഹോദരനാണ്. പഠനത്തിലും ആരാധനയിലും ചെറിയ പ്രായം മുതൽ പുലർത്തുന്ന താത്പര്യവും അനുകരണീയമായ സദ്സ്വഭാവങ്ങളും കണ്ടതിനാലാകാം മൂത്താപ്പക്ക് അലി ബാഫഖി തങ്ങളെ വലിയ ഇഷ്ടമായിരുന്നു. മക്കളെപ്പോലെ സ്നേഹിച്ചു. പഠനത്തിന്റെ ഇടവേളകളിൽ യാത്രകളിൽ കൂടെ കൂട്ടി. വിവാഹപ്രായമായപ്പോൾ മകൾ ശരീഫ ഉമ്മുകുൽസുവിനെ തന്നെ ഇണയാക്കിക്കൊടുത്തു. സമൂഹത്തിലെ പ്രമുഖരും സാധാരണക്കാരും വ്യത്യസ്ത ആവശ്യങ്ങൾക്കായി കയറിയിറങ്ങുന്ന മുബാറക് മൻസിലിൽ താനിരുന്ന കസേരയിൽ അലി ബാഫഖി തങ്ങളെയിരുത്തി. അബ്ദുർറഹ്മാൻ ബാഫഖി തങ്ങളുടെ കാലശേഷം പ്രസിദ്ധമായ മുബാറക് മൻസിലിലെ വീട്ടുകാരനായി അലി ബാഫഖി തങ്ങൾ ആ നന്മയുടെ തുടർച്ചക്കാരനായി.

ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്്ലിയാരുടെയും കോട്ടുമല ഉസ്താദിന്റെയും ഇഷ്ട ശിഷ്യനാണ് അലി ബാഫഖി തങ്ങൾ. പട്ടിക്കാട് ജാമിഅ നൂരിയ്യയിലെ പഠനം കഴിഞ്ഞ് ഫൈസിയായി മടങ്ങാനിരുന്നപ്പോൾ ശംസുൽ ഉലമ പറഞ്ഞു: തങ്ങൾ ഒരു വർഷവും കൂടി ഇവിടെ നിന്നോളു. കോളജിന്റെ പദ്ധതിയിലില്ലാത്ത ഒരു വർഷത്തെ സ്പെഷ്യൽ കോഴ്സ് തങ്ങളടക്കം നാലുപേർക്ക് മാത്രമായി ഇ കെ ഉസ്താദ് ആവിഷ്്കരിച്ചു. ശിഷ്യനെ അത്രക്ക് ബോധിച്ചിരുന്നു എന്ന് ചുരുക്കം.

പൊതുപ്രവർത്തനത്തിനിറങ്ങിയപ്പോൾ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ മെമ്പറായിട്ടാണ് സയ്യിദ് അലി ബാഫഖി തങ്ങൾ തുടങ്ങുന്നത്. 1973ൽ വിദ്യാഭ്യാസ ബോർഡിന്റെ ട്രഷററായ സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി തങ്ങൾ മരണപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ പകരക്കാരനായി ആ പദവി ഏറ്റെടുത്തു.

താജുൽ ഉലമ പ്രസിഡന്റും കാന്തപുരം ഉസ്താദ് ജനറൽ സെക്രട്ടറിയുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പുനഃസംഘടിപ്പിച്ചപ്പോഴാണ് അലി ബാഫഖി തങ്ങൾ കേന്ദ്ര മുശാവറയിൽ അംഗമാകുന്നത്. ഇടക്കാലത്ത് ട്രഷററായിരുന്നു. ഇപ്പോൾ വൈസ് പ്രസിഡന്റ്സ്ഥാനം വഹിക്കുന്നു. സുന്നീ വിദ്യാഭ്യാസ ബോർഡിന്റെയും സുന്നീ ജംഇയ്യത്തുൽ മുഅല്ലിമീന്റെയും അധ്യക്ഷനായ തങ്ങൾ തന്നെയാണ് പതിനായിരങ്ങൾക്ക് അറിവും അന്നവും നൽകുന്ന കാരന്തൂർ മർകസ് എന്ന വിസ്മയത്തിന്റെ പ്രസിഡന്റും.

ഈ പദവികൾ നൽകുന്ന ഉത്തരവാദിത്വങ്ങളും ഔദ്യോഗിക കൃത്യനിർവഹണവും ചെയ്തു തീർക്കാനുണ്ട്. ചെറിയ പ്രായം മുതൽ ശീലിച്ച മണിക്കൂറുകൾ നീളുന്ന ഔറാദിന്റെ മുടങ്ങാത്ത ആരാധനാ ക്രമങ്ങളുണ്ട്. അതിനെല്ലാം ഇടയിൽ നിന്നാണ് ഒരു ഫോൺ കോളിന്റെ പേരിൽ തിരുവനന്തപുരത്തേക്കും മംഗലാപുരത്തേക്കുമെല്ലാം മയ്യിത്ത് നിസ്കരിക്കാനും രോഗിയെ കാണാനുമൊക്കെ ഓടിയെത്തുന്നത്.
തങ്ങൾ വൈകിയത് കൊണ്ട് പ്രയാസമായി എന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല. വെളുത്ത് സുന്ദരമായ ആ മുഖകമലത്തിൽ വിരിയുന്ന പുഞ്ചിരിയിൽ മനസ്സ് നിറഞ്ഞ കഥയല്ലാതെ കയർത്തു പറഞ്ഞെന്നോ മുഖം ചുവന്നെന്നോ ആരും പരാതിപ്പെട്ടിട്ടില്ല. അങ്ങനെ ജനമനസ്സുകളിൽ സന്തോഷം നിറക്കാനും അവരുടെ മുഖങ്ങളിൽ പുഞ്ചിരി പടർത്താനും ആ വീൽചെയർ ഉരുളുകയാണ് ദിക്കുകളിൽ നിന്ന് ദിക്കുകളിലേക്ക്…
.