Business
ജോയ് ആലുക്കാസിന് വേള്‍ഡ് ജ്വല്ലറി കോണ്‍ഫെഡറേഷന്റെ ആദരം
ഇന്ത്യന്‍ വിപണിയിലും ആഗോള രംഗത്തും സ്വര്‍ണവ്യവസായ മേഖലക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് ഈ ആദരം.

അബുദബി | സ്വര്‍ണ വ്യവസായ രംഗത്തെ മികവുറ്റ സംഭാവനകള്‍ മുന്‍നിര്‍ത്തി ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസിനെ വേള്‍ഡ് ജ്വല്ലറി കോണ്‍ഫെഡറേഷന്‍ ആദരിച്ചു. ജയ്പൂരില്‍ നടന്ന വേള്‍ഡ് ജ്വല്ലറി കോണ്‍ഫെഡറേഷന്റെ സി ഐ ബി ജി ഒ കോണ്‍ഗ്രസ് 2023ല്‍ ജോയ് ആലുക്കാസിന് വേണ്ടി മകനും മാനേജിംഗ് ഡയറക്ടറുമായ ജോണ്‍ പോള്‍ ആലുക്കാസ് പുരസ്‌കാരം ഏറ്റുവാങ്ങി.
ഇന്ത്യന്‍ വിപണിയിലും ആഗോള രംഗത്തും സ്വര്‍ണവ്യവസായ മേഖലക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് ഈ ആദരം. വേള്‍ഡ് ജ്വല്ലറി കോണ്‍ഫെഡറേഷന്റെ പുരസ്‌കാരം ലഭിച്ചതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്നും ജോയ്ആലുക്കാസ് ടീമിന്റെ മുഴുവന്‍
കഠിനാധ്വാനത്തിനും അര്‍പ്പണബോധത്തിനും ഉപഭോക്താക്കളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതക്കും ലഭിച്ച വലിയ അംഗീകാരമാണിതെന്നും ജോയ് ആലുക്കാസ് പറഞ്ഞു.
ആഭരണങ്ങളുടെ സാംസ്‌കാരിക പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത കരകൗശല വിദ്യകള്‍ സംരക്ഷിക്കുന്നതിനുമുള്ള ജോയ് ആലുക്കാസിന്റെ സമര്‍പ്പണം വ്യവസായത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതായി വേള്‍ഡ് ജ്വല്ലറി കോണ്‍ഫെഡറേഷന്‍ വിലയിരുത്തി.