Prathivaram
സന്തോഷവും സന്താപവും
ഒരു രാജ്യത്ത് നിരീശ്വരനായ രാജാവും ദൈവഭക്തനായ മന്ത്രിയുമുണ്ടായിരുന്നു. സ്രഷ്ടാവിന്റെ വിധിവിലക്കുകളെല്ലാം സൃഷ്ടികളുടെ നന്മക്ക് വേണ്ടിയാണെന്ന ഉറച്ച വിശ്വാസമുള്ള മന്ത്രി നല്ല കാര്യങ്ങൾക്കെല്ലാം സ്രഷ്ടാവിനെ സ്തുതിക്കുകയും അനിഷ്ടമായ കാര്യങ്ങൾക്ക് “അത് നല്ലതിനായിരിക്കാം’ എന്ന് പറയുകയും ചെയ്യും. ഒരിക്കൽ രാജാവും മന്ത്രിയും വേട്ടക്കുവേണ്ടി കാട്ടിലേക്ക് പുറപ്പെട്ടു. യാത്രാവേളയിൽ രാജാവിനോ മന്ത്രിക്കോ സംഭവിക്കുന്ന എല്ലാ അപായങ്ങൾക്കും “എല്ലാം നല്ലതിനായിരിക്കും’ എന്ന് മന്ത്രി പറഞ്ഞുകൊണ്ടിരുന്നു. വേട്ടക്കിടെ അമ്പ് തറച്ച് രാജാവിന്റെ കൈവിരലറ്റു. വേദനയിൽ പിടയുന്ന സമയത്തും മന്ത്രി പറഞ്ഞു, “എല്ലാം നല്ലതിന് വേണ്ടിയാണ്’. ഇതു കേട്ട് കോപാകുലനായ രാജാവ് ഭടന്മാരെ വിളിക്കുകയും മന്ത്രിയെ ജയിലിലടക്കാൻ കൽപ്പിക്കുകയും ചെയ്തു. കൈകൾ ബന്ധിച്ച് ഭടന്മാർ മന്ത്രിയെ ജയിലിലേക്ക് കൊണ്ടുപോകുമ്പോഴും മന്ത്രി പറഞ്ഞു, “എല്ലാം നല്ലതിന്’ വേണ്ടിയാണ്.
വേട്ടയാടൽ ഹോബിയായിരുന്ന രാജാവ് കൈവിരലിലെ മുറിവുണങ്ങിയശേഷം തനിയെ കാട്ടിലേക്ക് വേട്ടക്കുവേണ്ടി പുറപ്പെട്ടു. വേട്ടമൃഗത്തെ പിന്തുടർന്ന് വിജനമായ ഉൾവനത്തിൽ ഒറ്റപ്പെട്ട രാജാവിനെ മതാചാരപ്രകാരം നരബലി നടത്തുന്ന ഒരു പറ്റം കൊള്ളസംഘം പിടികൂടി ബന്ധിയാക്കി. കൊള്ളസംഘത്തിന്റെ തലവൻ ബലി കൊടുക്കുന്നതിന് മുമ്പ് ശരീരത്തിൽ വല്ല ന്യൂനതകളുമുണ്ടോ എന്ന് പരിശോധിക്കുന്നതിനിടയിൽ വിരൽ മുറിഞ്ഞ് വൈകല്യം സംഭവിച്ചതായി കാണാനിടയായി. വൈകല്യമുള്ള വ്യക്തിയെ ബലി കൊടുത്താൽ അനർഥങ്ങൾ സംഭവിക്കുമെന്ന് പറയുകയും രാജാവിനെ വിട്ടയക്കുകയും ചെയ്തു.
കൊള്ള സംഘത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട സന്തോഷത്താൽ കൊട്ടാരത്തിൽ തിരിച്ചെത്തിയ ഉടനെ രാജാവ് ജയിലിലടക്കപ്പെട്ട മന്ത്രിയെ സന്ദർശിച്ചു. അപ്പോൾ വളരെ സൗമ്യനായി കാണപ്പെട്ട മന്ത്രിയെ നിർവികാരനായി രാജാവ് ആലിംഗനം ചെയ്യുകയും മാപ്പപേക്ഷിക്കുകയും ചെയ്തു. ശേഷം സംഭവിച്ച കാര്യങ്ങളെല്ലാം വിവരിച്ചു കൊടുക്കുകയും തന്റെ വിരൽ നഷ്ടപ്പെട്ടതിലെ നന്മ ബോധ്യപ്പെട്ടെന്നു പറയുകയും ചെയ്തു. പക്ഷേ, നിങ്ങളെ ബന്ധിയാക്കിയപ്പോൾ “എല്ലാം നല്ലതിനെ’ന്ന് പറഞ്ഞതിലെ പൊരുൾ മനസ്സിലായില്ലാ എന്ന് ആരാഞ്ഞപ്പോൾ നിങ്ങളുടെ വിരലിന് ക്ഷതമേറ്റപ്പോൾ ഞാൻ അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ നിങ്ങളെന്നെ ബന്ധിയാക്കില്ലായിരുന്നു. നിങ്ങളെന്നെ തുറുങ്കിലടച്ചില്ലായിരുന്നെങ്കിൽ ഞാൻ നിങ്ങളുടെ കൂടെ വേട്ടക്ക് വരുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ആ കാട്ടാളന്മാർ നമ്മെ രണ്ടുപേരെയും പിടികൂടുകയും ഒടുവിൽ വിരലില്ലാത്തതിന്റെ പേരിൽ നിങ്ങളെ വെറുതെ വിടുകയും എന്നെ വധിക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ടാണ് അന്ന് ഞാൻ അങ്ങനെ പറഞ്ഞത്. ഇതു കേട്ട രാജാവ് വളരെയധികം സന്തുഷ്ടനാകുകയും ദൈവ വിശ്വാസിയാകുകയും മന്ത്രിക്ക് വലിയ സമ്മാനങ്ങൾ നൽകി ആദരിക്കുകയും ചെയ്തു.
സുഖദുഃഖങ്ങളാൽ സമ്മിശ്രമായ ഭൗതിക ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം വിശ്വാസിക്ക് നന്മയാണെന്നാണ് തിരുനബി(സ) പഠിപ്പിച്ചത്. സുഹൈബ് ബ്നു സിനാന്‍(റ)വില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: “സത്യവിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. അവന്റെ എല്ലാ കാര്യങ്ങളും അവന് നന്മയാണ്. അവന് വല്ല നല്ല കാര്യവും സംഭവിച്ചാൽ അവൻ അല്ലാഹുവിനെ സ്തുതിക്കും. അതവന് നന്മയാണ്. അവനൊരു പ്രയാസം വന്നാൽ അവൻ ക്ഷമിക്കും. അതും അവന് നന്മയാണ്. (മുസ്‌ലിം)
അല്ലാഹു ചിലർക്ക് കണ്ണഞ്ചിപ്പിക്കുന്ന അനുഗ്രഹങ്ങളും മറ്റു ചിലർക്ക് കഠിനവും നിയന്ത്രിക്കാന്‍ കഴിയാത്തതുമായ പരീക്ഷണങ്ങളും നൽകുന്നു. ഉറ്റവരുടെ മരണം, മാരകമായ രോഗം, ഗുരുതരമായ അപകടം, ബിസിനസ്സിലെ പരാജയം, സാമ്പത്തിക നഷ്ടം തുടങ്ങി ജീവിതത്തില്‍ പ്രയാസങ്ങളും പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ പലരും പരാജയപ്പെട്ടു പോകാറുണ്ട്. അത്തരം ഘട്ടങ്ങളിൽ നിരാശയും നിഷ്‌ക്രിയത്വവും അവരെ പിടിമുറുക്കുന്നു. തദവസരത്തിൽ ചിലര്‍ മദ്യത്തിലും മയക്കുമരുന്നിലും മറ്റു ലഹരികളിലും അഭയം തേടുമ്പോൾ മറ്റു ചിലർ ആത്മഹത്യയില്‍ ജീവിതം തുലക്കുന്നു. യഥാർഥത്തില്‍ അവയൊന്നും ആശ്വാസമോ ആശാവഹമോ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമോ അല്ല. പ്രത്യുത പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയും അനന്തമായ നഷ്ടത്തിലാക്കുകയുമാണ് ചെയ്യുന്നത്.
ഭൗതിക ജീവിതത്തിലെ സന്തോഷവും സന്താപവും മനുഷ്യനെ പരീക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്. നന്മ കൊണ്ടും തിന്മ കൊണ്ടും അവനെ സ്രഷ്ടാവ് പരീക്ഷിക്കുമെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. സന്താപ പരീക്ഷണങ്ങളിലും സന്തോഷ പരീക്ഷണങ്ങളിലും സന്തുലിതമായി പ്രതികരിക്കാന്‍ കഴിയുന്നവരാണ് വിജയികള്‍. ദുനിയാവിൽ സുഖ സൗകര്യങ്ങും നല്ല ആരോഗ്യവും സമ്പത്തും ലഭിക്കുകയെന്നത് വലിയ അംഗീകാരമല്ല. രോഗമോ ദുഃഖമോ പ്രയാസമോ നിരന്തരം ഉണ്ടാകുകയെന്നത് പരാജയവുമല്ല. രണ്ടും സ്രഷ്ടാവിന്റെ പരീക്ഷണങ്ങൾ മാത്രമാണ്. ഇതെല്ലാം അല്ലാഹു സംവിധാനിച്ചത് സ്രഷ്ടാവിന്റെ മഹത്വം തിരിച്ചറിയാനും അവന്റെ അനുഗ്രഹങ്ങളെ ബോധ്യപ്പെടുത്താനും അവനെ ശരിയാംവിധം ആരാധിക്കാനും വേണ്ടിയാണ്. ഒരു കാര്യത്തിന്റെ മഹത്വം കൃത്യമായി മനസ്സിലാക്കാന്‍ അതിന്റെ മറുവശം കൂടി അനുഭവിക്കണം. ഇരുട്ടറിയാതെ വെളിച്ചത്തിന്റെ മഹത്വം മനസ്സിലാക്കാൻ സാധിക്കില്ല. വിശപ്പറിഞ്ഞാലേ ആഹാരത്തിന്റെ രുചിയറിയുകയുള്ളൂ. കുടുംബ ബന്ധങ്ങളുടെ ആനന്ദം അനുഭവിച്ചവര്‍ക്കാണ് വേര്‍പാടിന്റെ വേദന അറിയുക. രോഗാവസ്ഥയിലാണ് ആരോഗ്യത്തിന്റെ വിലയറിയുന്നത്. പ്രായാധിക്യത്തിലാണ് യൗവനത്തിന്റെ ശക്തിയറിയുന്നത്.
പരീക്ഷണങ്ങളെ ക്ഷമാപൂർവം സമീപിക്കുന്നവരാണ് യഥാർഥ വിജയികൾ. അവർക്ക് സുവിശേഷമുണ്ടെന്ന് വിശുദ്ധ ഖുർആൻ പലയിടങ്ങളിൽ പറയുന്നുണ്ട്. അത്തരക്കാർക്ക് വല്ല വിപത്തും സംഭവിച്ചാൽ അവർ സ്രഷ്ടാവിന്റെ മഹത്വം അംഗീകരിച്ച് വിധേയപ്പെടും. ഖുർആൻ പറയുന്നു: “ഭയം, വിശപ്പ്, ധനനഷ്ടം, ആള്‍നഷ്ടം, വിളനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുന്നതാണ്. അപ്പോള്‍ ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. ആപത്തു ബാധിച്ചാല്‍ ‘നാം അല്ലാഹുവിന്റെതാണ്, അവന്റെയടുക്കലേക്ക് മടങ്ങേണ്ടവരുമാണ്’ എന്നു പറയുന്നവര്‍ക്ക് തങ്ങളുടെ നാഥന്റെ പക്കല്‍നിന്നുള്ള അനുഗ്രഹവും കാരുണ്യവുമുണ്ട്. അവരാണ് സന്‍മാര്‍ഗ പ്രാപ്തരും.’ (അല്‍ബഖറ: 155).