Connect with us

maadin able world

അകക്കണ്ണിന്റെ വെളിച്ചത്തില്‍ ജെ ആര്‍ എഫും നെറ്റും; മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡിനിത് അഭിമാന നിമിഷം

കാഴ്ച പരിമിതിയുള്ളവര്‍ സമൂഹത്തില്‍ അരികുവത്കരിക്കപ്പെടുന്ന സാഹചര്യത്തില്‍ ഈ മിടുക്കന്മാര്‍ നല്‍കുന്ന സന്ദേശം വളരെ വലുതാണ്.

Published

|

Last Updated

മലപ്പുറം | യു ജി സി നടത്തിയ പരീക്ഷയില്‍ അന്ധതയെന്ന പരിമിതിയെ തോല്‍പ്പിച്ച് ജെ ആര്‍ എഫും നെറ്റും സ്വന്തമാക്കി മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് വിദ്യാര്‍ഥികള്‍. മഞ്ചേരി പാപ്പിനിപ്പാറ സ്വദേശിയായ കെ എന്‍ മുര്‍ശിദിനാണ് പൊളിറ്റിക്കല്‍ സയന്‍സില്‍ ജെ ആര്‍ എഫ് ലഭിച്ചത്. കുന്നത്ത് നടുത്തൊടി നൂറുദ്ദീന്‍- റാബിയ ദമ്പതികളുടെ മൂത്ത മകനാണ്. പൂന്താനം സ്വദേശിയായ സ്വാദിഖ് അലിക്ക് പൊളിറ്റിക്കല്‍ സയന്‍സിലും വേങ്ങര കണ്ണമംഗലം സ്വദേശിയായ നാസിഹിന് സോഷ്യോളജിയിലും നെറ്റ് ലഭിച്ചു. സ്വാദിഖ് അലി പാറമ്മല്‍ മൂസ-ആസ്യ ദമ്പതികളുടെ മകനും നാസിഹ് തോട്ടുങ്ങല്‍ അബ്ദുന്നാസിര്‍- സ്വഫിയ്യ ദമ്പതികളുടെ മകനുമാണ്.

2004ല്‍ മഅ്ദിന്‍ അക്കാദമിയിലെത്തിയ ഇവര്‍ സ്‌കൂള്‍ ഒന്നാം ക്ലാസ് മുതല്‍ പി ജി തലം വരെ പഠനം പൂര്‍ത്തിയാക്കി. പഠനത്തില്‍ ഏറെ മിടുക്കരായ ഇവര്‍ ബ്രെയില്‍ ലിപിയില്‍ സംവിധാനം ചെയ്ത പുസ്തകങ്ങള്‍, ഓഡിയോ ക്ലാസുകള്‍ എന്നിവ ഉപയോഗപ്പെടുത്തിയും അധ്യാപകരുടെ നിരന്തരമായ പ്രചോദനം ഉള്‍ക്കൊണ്ടുമാണ് ഈ നേട്ടം കൊയ്തത്. കാഴ്ച പരിമിതിയുള്ളവര്‍ സമൂഹത്തില്‍ അരികുവത്കരിക്കപ്പെടുന്ന സാഹചര്യത്തില്‍ ഈ മിടുക്കന്മാര്‍ നല്‍കുന്ന സന്ദേശം വളരെ വലുതാണ്.

പാഠ്യേതര വിഷയങ്ങളിലും മികവ് കാണിച്ച ഈ വിദ്യാര്‍ഥികള്‍ പരിമിതികളെയും പ്രതിബന്ധങ്ങളെയും തരണം ചെയ്യുന്നതിലാണ് യഥാര്‍ഥ വിജയം എന്ന് തെളിയിച്ചു കഴിഞ്ഞു.
തങ്ങളുടെ വിജയത്തിന് പിന്നിലുള്ള ചാലക ശക്തി മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങളാണെന്ന് ഇവര്‍ ആണയിടുന്നു. കഴിഞ്ഞ വര്‍ഷം അറബി സാഹിത്യത്തില്‍ ജെ ആര്‍ എഫ് നേടി കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ പി എച്ച് ഡി ചെയ്യുന്ന ജലാലുദ്ദീന്‍ അദനിയും ഇസ്‌ലാമിക് ഹിസ്റ്ററിയില്‍ പി എച്ച് ഡി ചെയ്യുന്ന റുഫൈദയും മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് സന്തതികളാണ്.

ജെ ആര്‍ എഫ് നേടിയ മുര്‍ശിദ് നിലവില്‍ പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. സ്വാദിഖ് അദനിയും നാസിഹ് അദനിയും കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി മഅ്ദിന്‍ മുത്വവ്വലില്‍ പഠനം നടത്തുന്നതിനോടൊപ്പം റിസേര്‍ച്ചിനായി തയ്യാറെടുക്കുകയാണ്. തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയ ഇവരെ മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു.