Connect with us

vismaya case

കേരളത്തെ നടുക്കിയ വിസ്മയ കേസില്‍ ഇന്ന് വിധി

വിസ്മയ നേരിട്ട പീഡനത്തിന്റെ കൂടുതല്‍ ശബ്ദരേഖകള്‍ പുറത്ത്

Published

|

Last Updated

കൊല്ലം |  സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമര്‍ദനമേറ്റ് ജീവനൊടുക്കിയ വിസ്മയയുടെ കേസില്‍ ഇന്ന് വിധി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കേടതിയാണ് രാവിലെ പത്തിന് വിധി പറയുന്നത്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, ഉപദ്രവിച്ച് മുറിവേല്‍പ്പിക്കല്‍, കുറ്റകരമായ ഭീഷണിപ്പെടുത്തിയ തുടങ്ങിയ വകുപ്പുകളാണ് ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.

നാല് മാസത്തോളം നീണ്ട വിചാരണക്ക് ശേഷമാണ് ഏറെ ചര്‍ച്ചയായ കേസില്‍ വിധി പറയുന്നത്. പ്രോസിക്യൂഷന് വേണ്ടി 41 സാക്ഷികളെയും തെളിവായി 118 രേഖകളും12 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
വിസ്താരത്തിനിടെ കിരണിന്റെ പിതാവ് സദാശിവന്‍ പിള്ള, സഹോദരി കീര്‍ത്തി, സഹോദരീ ഭര്‍ത്താവ് മുകേഷ് എം നായര്‍ തുടങ്ങി ബന്ധുക്കളായ അഞ്ച് സാക്ഷികള്‍ കൂറു മാറുകയും ചെയ്തിരുന്നു. കിരണ്‍ വിസ്മയയെ ഉപദ്രവിച്ചിരുന്നു എന്നതിന് തെളിവായി ഡിജിറ്റല്‍ തെളിവുകളുള്‍പ്പെടെ പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുണ്ട്. കിരണിന്റെ ഫോണ്‍ സൈബര്‍ പരിശോധനക്ക് അയച്ചപ്പോള്‍ ഇതില്‍ റെക്കോഡ് ചെയ്ത സംഭാഷണങ്ങള്‍ ലഭിച്ചിരുന്നു. ഇതും കേസിലെ നിര്‍ണായക തെളിവുകളായേക്കും.

അതിനിടെ വിസ്മയ അനുഭവിച്ച പീഡനത്തിന്റെ വിവരങ്ങള്‍ വ്യക്തമാക്കുന്ന കൂടതല്‍ ശബ്ദ സന്ദേശങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു, ആഗ്രഹിച്ച കാര്‍ ലഭിക്കാത്തിന് വിസ്മയയെ കിരണ്‍ ഭീഷണിപ്പെടുത്തുന്നതിന്റേയും മര്‍ദന വിവരം വിസ്മയ കരഞ്ഞുകൊണ്ട് സ്വന്തം പിതാവിനോട് പറയുന്നതിന്റേയും ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. ഇതെല്ലാം നേരത്തെ കോടതിയില്‍ തെളിവായി എത്തിയതാണ്.

2020 മെയ് 30 നാണ് ബി എ എംഎസ് വിദ്യാര്‍ഥിനിയായ വിസ്മയ മോട്ടോര്‍ വാഹന വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന കിരണ്‍ കുമാറിനെ വിവാഹം ചെയ്തത്. സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറില്‍ തൃപ്തനല്ലാത്തിനാലും വിസ്മയയെ നിരന്തരം മാനസികമായും ശാരീരികമായി കിരണ്‍ കുമാര്‍ പീഡിപ്പിച്ചിരുന്നെന്ന് കുറ്റപത്രത്തിലുണ്ട്. 2021 ജൂണ്‍ 21 നാണ് കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Latest