Connect with us

Kerala

രാജയുടെ വിജയത്തിനെതിരായ നീതിപീഠത്തിന്റെ വിധി; ദേവികുളത്ത് സി പി എമ്മിനെ വിട്ടൊഴിയാതെ വിവാദം

സുപ്രീം കോടതിയില്‍ പോകാന്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ടെങ്കിലും വിധി പാര്‍ട്ടി ജില്ലാ ഘടകത്തില്‍ അലയൊലികള്‍ ഉയര്‍ത്തും.

Published

|

Last Updated

ഇടുക്കി | ദേവികുളത്ത് നാലാമൂഴം ലക്ഷ്യമിട്ട എസ് രാജേന്ദ്രന് പകരക്കാരനായി എ രാജയെ കണ്ടെത്തിയപ്പോള്‍ മുതല്‍ ആരംഭിച്ച വിവാദം സി പി എമ്മിനെ വിട്ടൊഴിയുന്നില്ല. 7,848 വോട്ടിന് അഡ്വ. എ രാജ ദേവികുളത്തിന്റെ രാജയായെങ്കിലും വ്രണിത ഹൃദയനായ രാജേന്ദ്രന്റെ അസ്വസ്ഥതകള്‍ പാര്‍ട്ടിക്ക് തലവേദനയായി. രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതായുള്ള പാര്‍ട്ടി കമ്മീഷന്റെ കണ്ടെത്തലില്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന രാജേന്ദ്രന്‍ സസ്പെന്‍ഷനിലായി. മുതിര്‍ന്ന നേതാവ് എം എം മണിയാണ് തനിക്കെതിരായ നടപടിക്ക് പിന്നിലെന്ന രാജേന്ദ്രന്റെ തുറന്നു പറച്ചിലും ഇരുവരും തമ്മിലുള്ള വാക്‌പോരും വാര്‍ത്തയും വിവാദവുമായി. ഇതിന്റെ ചൂട് അടങ്ങും മുമ്പെയാണ് രാജയുടെ വിജയത്തിനെതിരായ നീതിപീഠത്തിന്റെ വിധി.

പട്ടിക ജാതി സംവരണ സീറ്റായ ദേവികുളത്ത് മത്സരിക്കാന്‍ ക്രിസ്തുമത വിശ്വാസം പിന്തുടരുന്ന രാജക്ക് അര്‍ഹതയില്ലെന്നും ഇതിനായി ഹാജരാക്കിയ രേഖകള്‍ അസാധുവാണെന്നുമായിരുന്നു എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസിലെ ഡി കുമാറിന്റെ വാദം.  സുപ്രീം കോടതിയില്‍ പോകാന്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ടെങ്കിലും വിധി പാര്‍ട്ടി ജില്ലാ ഘടകത്തില്‍ അലയൊലികള്‍ ഉയര്‍ത്തും.

1965ല്‍ ദേവികുളം മണ്ഡലം രൂപവത്കൃതമായ ശേഷം നടന്ന 14 തിരഞ്ഞെടുപ്പില്‍ ഒമ്പതിലും വിജയം സി പി എമ്മിനായിരുന്നു. അഞ്ചു തവണ കോണ്‍ഗ്രസിനും. തമിഴ് വിഭാഗങ്ങളായ പള്ളര്‍, പറയര്‍ സമുദായങ്ങള്‍ക്കാണ് മണ്ഡലത്തില്‍ മുന്‍തൂക്കം. രാജയും ഡി കുമാറും പറയന്‍ വിഭാഗക്കാരും എ കെ മണിയും രാജേന്ദ്രനും പള്ളന്‍ വിഭാഗക്കാരുമാണ്. തമിഴ്നാട്ടിലെ പറയന്‍ വിഭാഗം കേരളത്തില്‍ പട്ടികജാതിക്കാരാണോ എന്ന തര്‍ക്കവും ഉയര്‍ന്നിട്ടുണ്ട്.

1991 മുതല്‍ തുടര്‍ച്ചയായി മൂന്നു തവണ വിജയിച്ച കെ പി സി സി മുന്‍ വൈസ് പ്രസിഡന്റ് എ കെ മണിയെ കീഴടക്കിയാണ് 2006ല്‍ യുവനേതാവായിരുന്ന എസ് രാജേന്ദ്രനിലൂടെ സി പി എം സീറ്റ് തിരിച്ചുപിടിച്ചത്. 2006ല്‍ 5,887 വോട്ടിനും 2011ല്‍ 4,078 വോട്ടിനും 2016ല്‍ 5,782 വോട്ടിനും മണിയെ തന്നെയാണ് രാജേന്ദ്രന്‍ തോല്‍പ്പിച്ചത്.

 

Latest