Connect with us

puthuppally byelection

പുതുപ്പള്ളിയിൽ വിധിയെഴുത്ത് സാവേശം പുരോഗമിക്കുന്നു; ബൂത്തുകളിൽ തിരക്ക്

ആദ്യ രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ വോട്ടിംഗ് പത്ത് ശതമാനം പിന്നിട്ടിട്ടുണ്ട്.

Published

|

Last Updated

കോട്ടയം | പുതുപ്പള്ളിയിൽ വോട്ടെടുപ്പ് സാവേശം പുരോഗമിക്കുന്നു. രാവിലെ ഏഴ് മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഉച്ചയായപ്പോൾ വോട്ടിംഗ് 40 ശതമാനം പിന്നിട്ടിട്ടുണ്ട്. സമ്മതിദാനാവകാശം വിനിയോഗിക്കാൻ രാവിലെ തന്നെ നല്ല തിരക്കാണ് ബൂത്തുകളിൽ അനുഭവപ്പെടുന്നത്. വോട്ടവകാശമുള്ള വിദ്യാർഥികൾ അടക്കം രാവിലെ വരിയിൽ സ്ഥാനം ഉറപ്പിച്ചിരുന്നു. വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാൻസ്‌ജെൻഡറുകളും അടക്കം 1,76,417 വോട്ടർമാരാണുള്ളത്. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നലെ പൂർത്തിയായി. വോട്ടെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 182 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. മുഴുവൻ പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.

രാവിലെ 5.30 മുതൽ പോളിംഗ് അവസാനിക്കുന്നതുവരെയുള്ള ബൂത്തുകളിലെ നടപടികൾ കലക്ടറേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം അറിയാം. പോളിംഗ് സ്റ്റേഷന്റെ 100 മീറ്റർ പരിധിക്കുള്ളിൽ മൊബൈൽ ഫോണുകൾ കൈയിൽ കരുതാനോ ഉപയോഗിക്കാനോ അനുവദിക്കില്ല. തിരഞ്ഞെടുപ്പു കമ്മീഷൻ നിയോഗിച്ചിട്ടുള്ള നിരീക്ഷകർക്കും തിരഞ്ഞെടുപ്പ്, സുരക്ഷാ ജീവനക്കാർക്കും മാത്രമാണ് മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുമതിയുള്ളത്.

വോട്ടെടുപ്പിന്റെ സുരക്ഷക്കായി 675 അംഗ പോലീസ് സേനയെയാണ് നിയോഗിച്ചിരിക്കുന്നത്. അഞ്ച് ഡിവൈ എസ് പിമാർ, ഏഴ് സി ഐമാർ, 58 എസ് ഐ/എ എസ് ഐമാർ, 399 സിവിൽ പോലീസ് ഓഫീസർമാർ, 142 സായുധ പോലീസ് ബറ്റാലിയൻ അംഗങ്ങൾ, 64 കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങൾ (സി എ പി എഫ്) എന്നിവരെയാണ് സുരക്ഷക്കായി നിയോഗിച്ചത്.
എ ഡി ജി പി, ഡി ഐ ജി, സോണൽ ഐ ജി, ജില്ലാ പോലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ സ്‌ട്രൈക്കിംഗ് ഫോഴ്‌സും പ്രവർത്തിക്കും.

ഉത്തര്‍ പ്രദേശിലെ ഘോസി, പശ്ചിമ ബംഗാളിലെ ധൂപ്ഗുരി, ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍, ഝാര്‍ഖണ്ഡിലെ ദുംരി, ത്രിപുരയിലെ ബോക്‌സാനഗര്‍, ധന്‍പൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇവിടങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു.

Latest