Connect with us

pegasusspyware

പെഗാസസിൽ ഇന്ന് വിധി പറയും

കഴിഞ്ഞ മാസം 13നാണ് ഹരജികളിൽ വാദം പൂർത്തിയാക്കി വിധി പറയാനായി മാറ്റിയത്

Published

|

Last Updated

ന്യൂഡൽഹി | പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രസ്താവിക്കുക. കഴിഞ്ഞ മാസം 13നാണ് ഹരജികളിൽ വാദം പൂർത്തിയാക്കി വിധി പറയാനായി മാറ്റിയത്.

സംഭവം അന്വേഷിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ കഴിഞ്ഞ മാസം 23ന് വ്യക്തമാക്കിയിരുന്നു. വിദഗ്ധ സമിതിയുടെ ഭാഗമാക്കാൻ കോടതി കണ്ടെത്തിയ ചിലർ വ്യക്തിപരമായ കാരണങ്ങളാൽ സമിതിയുടെ ഭാഗമാകാൻ കഴിയില്ലെന്ന് അറിയിച്ചതോടെയാണ് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് കാലതാമസം നേരിട്ടതെന്നാണ് മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.

ഇസ്റാഈൽ കമ്പനിയായ എൻ എസ് ഒ നിർമിച്ച പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് രാജ്യത്തെ രാഷ്ട്രീയക്കാർ, സുപ്രീം കോടതി ജഡ്ജിമാർ, കേന്ദ്ര മന്ത്രിമാർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്.

വിഷയം രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നും ഇക്കാര്യത്തിൽ നടത്തുന്ന വെളിപ്പെടുത്തൽ ഭീകരവാദികൾക്ക് ഗുണകരമാകുമെന്നുമായിരുന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചത്. എന്നാൽ, രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ ആവശ്യപ്പെടുന്നില്ലെന്നും മൗലികാവകാശ ലംഘനം ഉയർത്തിയുള്ള ഹരജികളാണ് മുന്നിലുള്ളതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Latest