Connect with us

Kerala

തൃശ്ശൂർ പൂരം കലക്കിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കാഫിർ വിവാദം പോലെ ഗൗരവകരമാണ് പൂരം കലക്കൽ സംഭവമെന്നും കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസിൽ വി ഡി സതീശൻ

Published

|

Last Updated

കോഴിക്കോട് | ത്യശൂർ പൂരം കലക്കാൻ എഡിജിപിയുടെ നേതൃത്വത്തിൽ ശ്രമം നടന്ന സംഭവത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. കാഫിർ വിവാദം പോലെ ഗൗരവകരമാണ് പൂരം കലക്കൽ സംഭവമെന്നും അദ്ദേഹം കോഴിക്കോട് പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസിൽ പറഞ്ഞു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പോലെ ഹൈന്ദവ വികാരം ഇളക്കിവിട്ട് തൃശൂരിൽ ബി ജെ പിയെ വിജയിപ്പിക്കാൻ ആണ് ശ്രമം നടന്നത്. രാഷ്ട്രീയത്തേക്കാൾ തൃശൂർകാർക്ക് വികാരം പൂരത്തോടാണ്. ഇത് മനസ്സിലാക്കിയാണ് പൂരം കലക്കലിന് നീക്കം നടത്തിയതെന്നും വിഡി സതീശൻ പറഞ്ഞു. ഉത്സവം കലക്കി വിജയിക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ ഹിന്ദുക്കളെ കുറിച്ച് പറയുന്നതെന്ന് ബി ജെ പിയെ ലക്ഷമിട്ട് വിഡി സതീശൻ പറഞ്ഞു.

പി വി അൻവർ എം എൽ എ യുടെ ആരോപണങ്ങൾ സംബന്ധിച്ച ചോദ്യത്തിന്, ഭരണകക്ഷി എം എൽ എ ആയ അൻവർ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെങ്കിൽ പത്ത് ദിവസമായിട്ടും അദ്ദേഹത്തിന് എതിരെ നടപടി എടുക്കാത്തത് എന്ത് കൊണ്ടാണെന്ന് വിഡി ചോദിച്ചു. ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രഹസനമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഭരിക്കാൻ മറന്നുപോയ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹത്തിന്റെ ഓഫിസിൽ പ്രവർത്തിക്കുന്ന കോക്കസാണ് കാര്യങ്ങൾ നടത്തുന്നതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. മന്ത്രിസഭയിലെ ഒരു ഉന്നതൻ തന്നെ ഈ കോക്കസിന്റെ ഭാഗമാണെന്നും വിഡി സതീഷൻ ആരോപിച്ചു.

പി വി അൻവർ ഉൾപ്പെടെ ഭരണകക്ഷി എം എൽ എ മാർ യു ഡി എഫിലേക്ക് വരുമോ എന്ന ചോദ്യത്തിന് തനിക്ക് അതുസംബന്ധിച്ച് വിവരമില്ലെന്നായിരുന്നു വി ഡിയുടെ മറുപടി. ഒരു കോൺഗ്രസ് എംപി ബിജെപിയിലേക്ക് പോകുമെന്ന മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ടുതവണ ഒളിമ്പിക് മെഡൽ നേടിയ പി ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ സ്വീകരണം നൽകാത്തതിന് കാരണം മന്ത്രിമാർ തമ്മിലുള്ള അടിയാണെന്നും വി ഡി സതീശൻ ചോദ്യത്തിന് മറുപടി നൽകി.

പ്രസ് ക്ലബ് പ്രസിഡൻറ് ഇ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി കെ സജിത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് രേഷ്മ കെഎസ് നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest