Connect with us

Articles

ജുഡീഷ്യറി/എക്‌സിക്യൂട്ടീവ്: രണ്ട് സംവിധാനങ്ങള്‍ക്കിടയിലെ മതില്‍ ഇല്ലാതാകരുത്

കോടതി അധിപന്മാര്‍ എക്സിക്യൂട്ടീവ് അംഗങ്ങളുമായി പരസ്യമായി ബന്ധം പുലര്‍ത്തുന്നത് വിവാദങ്ങള്‍ക്കും സംശയങ്ങള്‍ക്കും വഴിയൊരുക്കും. ഇന്ത്യന്‍ ഭരണഘടന എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍, ജുഡീഷ്യറി എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ മുന്‍ ന്യയാധിപന്മാര്‍ വരച്ച ലക്ഷ്മണരേഖ രാജ്യത്തിന് മുമ്പിലുണ്ട്. പൊതുചടങ്ങുകളില്‍ പരസ്പരം കാണുന്നതും ബന്ധപ്പെടുന്നതും ഒഴിവാക്കാനാകില്ല. അതില്‍ പോലും മുന്‍ഗാമികള്‍ സൂക്ഷ്മത പുലര്‍ത്തിയിരുന്നു.

Published

|

Last Updated

സീസറിന്റെ ഭാര്യയെ പേലെ സംശയത്തിന് അതീതരാകണമെന്നത് രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ പാലിക്കേണ്ട സത്യസന്ധതയെ വെളിവാക്കുന്ന ഒരു പ്രയോഗമാണ്. സുപ്രീം കോടതി ഒരിക്കല്‍ കൂടി അത് ഓര്‍മിപ്പിച്ചിരിക്കയാണ്. കേരളഹൈക്കോടതി ഉള്‍പ്പെടെ വിവിധകോടതികള്‍ നേരത്തേ ഈ ഓര്‍മപ്പെടുത്തല്‍ നടത്തിയിരുന്നു. ഒടുവില്‍ ഈ ഓര്‍മപെടുത്തല്‍ നടത്തിയിരിക്കുന്നത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്്രിവാളിന് സി ബി ഐ കേസില്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിപ്രസ്താവനയിലാണ്. നീതി നടപ്പാക്കുക മാത്രമല്ല, അത് നടപ്പാക്കുന്നുവെന്ന് ബോധ്യപെടുത്തുകയും വേണം- ജൂഡിഷ്യറിയെ കുറിച്ച് പറയുമ്പോള്‍ പറഞ്ഞുകേള്‍ക്കാറുള്ള മറ്റൊരു വാക്യം ഇതാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വസതിയില്‍ നടന്ന ഗണേശ പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത സാഹചര്യത്തില്‍ ഈവാക്യങ്ങളുടെ പ്രസക്തി വര്‍ധിക്കുകയാണ്

ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വസതിയില്‍ നടന്ന സ്വകാര്യ പൂജയില്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചതും പ്രധാനമന്ത്രി പങ്കെടുത്തതും ശരിയല്ല എന്ന് പ്രതിപക്ഷവും ഒരു വിഭാഗം അഭിഭാഷകരും ആരോപിക്കുകയാണ്. ചീഫ് ജസ്റ്റിസ് സ്വവസതിയില്‍ നടത്തിയ സ്വകാര്യ ചടങ്ങില്‍ പ്രധാനമന്ത്രിയെ പങ്കെടുപ്പിച്ചത് 1997ല്‍ സുപ്രീം കോടതി അംഗീകരിച്ച ജുഡീഷ്യല്‍ മൂല്യങ്ങളുടെ ലംഘനമാണെന്ന് മുന്‍ ഐ എ എസ് ഉദ്യോഗസ്ഥരും അഭിഭാഷകരും അക്കാദമിക് വിദഗ്ധരും ആക്ടിവിസ്റ്റുകളും അടങ്ങിയ 30 അംഗ സംഘം ഒപ്പിട്ട പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

മുന്‍ ഐ എ എസ് ഉദ്യോഗസ്ഥരായ ഇ എ എസ് ശര്‍മ, ഡോ. അരുണറായ്, അജിമേത്ത, മീന ഗുപ്ത, എം ജി ദേവസഹായം, രാഷ്ട്രീയ നേതാക്കളായ ആനിരാജ, ഡോ. തോമസ് ഐസക് തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്. ജുഡീഷ്യറിയിലെ ഉന്നതസ്ഥാനത്തിരിക്കുന്നവരുടെ പെരുമാറ്റം ജുഡീഷ്യറിയുടെ നിഷ്പക്ഷത കാത്തുസൂക്ഷിക്കുന്നതും ജനങ്ങള്‍ക്ക് ജൂഡീഷ്യറിയിലുള്ള വിശ്വാസം ഉറപ്പിക്കുന്നതുമായിരിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു

ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വസതിയില്‍ നടന്ന ഗണേശ പൂജയില്‍ പങ്കെടുത്ത വിവരം നരേന്ദ്ര മോദി ചിത്രസഹിതം തന്റെ എക്സിലൂടെ അറിയിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വീട്ടില്‍ ഗണേശ പൂജയില്‍ പങ്കെടുത്തു. ഗണേശ ഭഗവാന്‍ നമുക്കെല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും നല്ല ആരോഗ്യവും നല്‍കട്ടെ- എന്നും എക്സില്‍ കുറിക്കുകയുണ്ടായി. ചീഫ് ജസ്റ്റിസും ഭാര്യ കല്‍പ്പനയും കുനിഞ്ഞ് മോദിയെ വണങ്ങുന്നതിന്റെ വീഡിയോയും പ്രധാനമന്ത്രി പുറത്തുവിടുകയുണ്ടായി. ചീഫ് ജസ്റ്റിസിന്റെ വീട്ടില്‍ നടന്ന സ്വകാര്യ ചടങ്ങിന്റെ ഫോട്ടോയും വീഡിയോയും പ്രധാനമന്ത്രി പരസ്യമാക്കിയത് എന്തിനായിരിക്കുമെന്ന ചോദ്യം അവശേഷിക്കുന്നു. ഏതായാലും അതിനെ നിഷ്‌കളങ്കമെന്ന് വിശേഷിപ്പിക്കാനാകില്ല. രാജ്യത്തെ പരമോന്നത നീതിപീഠത്തെക്കുറിച്ച് തെറ്റായ ധാരണ സൃഷ്ടിക്കാന്‍ അത് ഇടവരുത്തും. കീഴ്്‌ക്കോടതി ആയാലും മേല്‍ കോടതി ആയാലും അവയുടെ അധിപന്മാര്‍ എക്സിക്യൂട്ടീവ് അംഗങ്ങളുമായും രാഷ്ട്രീയ സമുദായ നേതാക്കളുമായും പരസ്യമായി ബന്ധം പുലര്‍ത്തുന്നത് വിവാദങ്ങള്‍ക്കും സംശയങ്ങള്‍ക്കും വഴിയൊരുക്കും.

ഇന്ത്യന്‍ ഭരണഘടന എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍, ജുഡീഷ്യറി എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ മുന്‍ ന്യയാധിപന്മാര്‍ വരച്ച ലക്ഷ്മണരേഖ രാജ്യത്തിന് മുമ്പിലുണ്ട്. പൊതുചടങ്ങുകളില്‍ പരസ്പരം കാണുന്നതും ബന്ധപ്പെടുന്നതും ഒഴിവാക്കാനാകില്ല. അതില്‍ പോലും മുന്‍ഗാമികള്‍ സൂക്ഷ്മത പുലര്‍ത്തിയിരുന്നു.

മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ 2009ല്‍ നടത്തിയ ഇഫ്താര്‍ വിരുന്നില്‍ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ പങ്കെടുത്തതിനെ ഉയര്‍ത്തിക്കാട്ടി നിലവിലെ വിവാദത്തെ ന്യയീകരിക്കാന്‍ ചിലര്‍ ശ്രമം നടത്തുകയാണ്. പ്രധാനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിംഗ് നടത്തിയ ഇഫ്താര്‍വിരുന്ന് സ്വകാര്യമായിരുന്നില്ല. ഇഫ്താര്‍ വിരുന്ന് പലരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ളതായിരുന്നു. ജസ്റ്റിസ് ചന്ദ്രചൂഡ് നടത്തിയത് തികച്ചും സ്വകാര്യമായ ഒരു ചടങ്ങായിരുന്നു. സഹ ജഡ്ജിമാര്‍ക്കു പോലും ക്ഷണമുണ്ടായിരുന്നില്ല എന്നാണ് അറിയുന്നത്. അതുകൊണ്ട് ഇവ രണ്ടിനെയും ഒന്നായിക്കാണുന്നത് തെറ്റിനെ മറച്ചുപിടിക്കാനുള്ള ശ്രമമായേ കാണാനാകൂ.

ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രിയെ ക്ഷണിച്ചതും പ്രധാനമന്ത്രി അത് സ്വീകരിച്ചതും തെറ്റാണെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെ പരിപാടിയില്‍ ഒരു പ്രധാനമന്ത്രിയോ രാഷ്ട്രീയ നേതാക്കളോ പങ്കെടുത്ത സംഭവം ഇതിനു മുമ്പുണ്ടായിട്ടില്ല. വെങ്കടാചലയ്യ ചീഫ് ജസ്റ്റിസായിരിക്കെ ജഡ്ജിമാര്‍ക്കായി ഒരു പെരുമാറ്റച്ചട്ടം ഉണ്ടാക്കിയതായി ദുഷ്യന്ത് ദവെ ഓര്‍മിപ്പിക്കുന്നു. വെങ്കടാചലയ്യ 1993-94ല്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്നു.

ഈ നവംബറില്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുകയാണ്. സാമുദായിക ചേരിതിരിവുണ്ടാക്കുന്ന വിദ്വേഷ പ്രസംഗങ്ങള്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാറിനും ഭരണകക്ഷിക്കും പ്രാധാന്യമുള്ള നിരവധി കേസുകള്‍ സുപ്രീം കോടതിക്ക് മുമ്പിലുണ്ട്. ഈ സാഹചര്യത്തില്‍ ഇങ്ങനെയൊരു കൂടിച്ചേരല്‍ ജൂഡിഷ്യറിയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തും. ഭരണഘടനയെ സംരക്ഷിക്കാനും യാതൊരു ഭയമോ വിവേചനമോ കൂടാതെ നീതി ഉറപ്പാക്കാനുമുള്ള ഉത്തരവാദിത്വം ജുഡീഷ്യറിക്കുണ്ട്. എക്സിക്യൂട്ടീവില്‍ നിന്ന് പരമാവധി അകന്നുനില്‍ക്കുക എന്നത് കീഴ്്വഴക്കം മാത്രമല്ല, ഭരണഘടനയുടെ നിര്‍ദേശക തത്ത്വവുമാണ്.

ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കഴിഞ്ഞകാല വിധികള്‍ പലതും പുരോഗമനപരവും ശ്രദ്ധേയവുമായിരുന്നു. സ്വകാര്യത പൗരന്റെ മൗലിക അവകാശമാണെന്ന സുപ്രധാനമായ വിധിയുണ്ടായത് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ബഞ്ചില്‍ നിന്നായിരുന്നു. ഈ വിധിക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. 40 വര്‍ഷം മുമ്പ് പിതാവ് വൈ വി ചന്ദ്രചൂഡ് പുറപ്പെടുവിച്ച ഉത്തരവിനെ തിരുത്തുക കൂടിയായിരുന്നു 2022 ലെ പ്രസ്തുതവിധി. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസിന്റെ പിതാവ് വൈ വി ചന്ദ്രചൂഡ് 1978 മുതല്‍ 1985 വരെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്നു.

യുവതികളുടെ ശബരിമല പ്രവേശനം, അവിവാഹിത സ്ത്രീകള്‍ക്ക് ഗര്‍ഭ ഛിദ്രം നടത്താനുള്ള അനുമതി, മലയാളിയായ ഹാദിയക്ക് ഇഷ്ടമുള്ളവരോടൊപ്പം ജീവിക്കാമെന്ന വിധി തുടങ്ങിയ സുപ്രധാന വിധികളുണ്ടായത് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ബഞ്ചില്‍ നിന്നായിരുന്നു. സി എ എ വിരുദ്ധ പ്രക്ഷോഭവും അറസ്റ്റുകളും നടക്കുന്നതിനിടയില്‍ ഗുജറാത്തില്‍ ഒരു പൊതുചടങ്ങില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് നടത്തിയ പ്രസംഗം മോദി സര്‍ക്കാറിനെതിരെയാണെന്ന വിലയിരുത്തലുണ്ടായിരുന്നു. വിയോജിപ്പുകളെ ദേശവിരുദ്ധമെന്ന് വ്യാഖ്യാനിക്കുന്നത് ജനാധിപത്യത്തിനെതിരെയുള്ള കടന്നാക്രമണമാണെന്ന് ചീഫ് ജസ്റ്റിസ് തന്റെ പ്രസംഗത്തില്‍ തുറന്നടിച്ചു.

വിധികളിലൂടെയും മറ്റും ജൂഡീഷ്യറിയുടെ മഹത്വം ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പലതവണ ഉയര്‍ത്തി ക്കാട്ടിയതായിരുന്നു. ഇവിടെ ആശങ്ക ഉയരുന്നത് ഇത്തരം വിവാദങ്ങള്‍ എക്സിക്യൂട്ടീവിനെക്കാള്‍ ദോഷം ചെയ്യുക ജൂഡീഷ്യറിയെ ആണെന്നതിലാണ്.

നിലവിലെ സാഹചര്യത്തില്‍ സാധാരണക്കാര്‍ അവസാനത്തെ അഭയമായി കാണുന്നത് ജൂഡീഷ്യറിയെയാണ്. ജൂഡീഷ്യറിയെയും എക്സിക്യൂട്ടിവിനെയും വേര്‍തിരിക്കുന്ന മതില്‍ തകരാനനുവദിക്കരുത്. ഭരണഘടനാപരമായി ഇവ രണ്ടും അകലം പാലിക്കേണ്ട സംവിധാനമാണ്.

1980ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇന്ദിരാ ഗാന്ധിയെ അഭിനന്ദിച്ചു കൊണ്ട് അന്നത്തെ സുപ്രീം കോടതി ജസ്റ്റിസ് പി എന്‍ ഭഗവതി കത്ത് എഴുതിയിരുന്നു. ജസ്റ്റിസ് ഭഗവതിയുടെ ആ നടപടിയെ ജൂഡീഷ്യല്‍ മേഖലയിലെ പ്രമുഖരുള്‍പ്പെടെയുള്ളവര്‍ അന്ന് ചോദ്യംചെയ്തിരുന്നു. സീസറിന്റെ ഭാര്യയെ പോലെ സംശയത്തിന്നതീതമാകണമെന്നത് ഏതെങ്കിലും കാലത്തേക്കോ വ്യക്തികള്‍ക്കോ മാത്രമുള്ള സന്ദേശമല്ല.

 

 

 

---- facebook comment plugin here -----

Latest