Connect with us

Kerala

ദിവ്യയ്ക്ക് ജാമ്യം നല്‍കിയത് ജുഡീഷ്യറി; അതിനെ രാഷ്ട്രീയവുമായി ചേര്‍ത്തുവെക്കരുത്: എം വി ഗോവിന്ദന്‍

ജാമ്യം ലഭിച്ചതു കൊണ്ട് ദിവ്യ നിരപരാധിയാകുന്നില്ലെന്ന് കെ സുധാകരന്‍. ജാമ്യം കിട്ടിയതു കൊണ്ട് കേസില്‍ നിന്ന് മോചിതയായിട്ടില്ല.

Published

|

Last Updated

തിരുവനന്തപുരം | പി പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ദിവ്യയ്ക്ക് ജാമ്യം നല്‍കിയത് ജുഡീഷ്യറിയാണ്. അതിനെ രാഷ്ട്രീയവുമായി ചേര്‍ത്തുവെക്കരുതെന്ന് ഗോവിന്ദന്‍ പറഞ്ഞു. നീതിന്യായവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഞങ്ങള്‍ ഇടപെടുന്നില്ല.

ഹോട്ടലില്‍ പെട്ടിയില്‍ കള്ളപ്പണം എത്തിച്ചെന്ന വിഷയം ഉള്‍പ്പെടെയുള്ളവ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യണമെന്നും ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ ചര്‍ച്ച അതു മാത്രമായി പോകരുത്. ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യണമെന്നും സി പി എം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.

സി പി എം പ്രതികരണം ആത്മാര്‍ഥതയില്ലാത്തത്: കെ സുധാകരന്‍
ദിവ്യക്ക് കോടതി ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ട സി പി എം പ്രതികരണം ആത്മാര്‍ഥയില്ലാത്തതാണെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ആരോപിച്ചു. ദിവ്യ തെറ്റുതിരുത്തി മുന്നോട്ട് പോകുമെന്ന് പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത് തന്നെ പരസ്യമായ കുറ്റസമ്മതമാണ്. ദിവ്യ തെറ്റുചെയ്‌തെന്ന ബോധ്യം സി പി എമ്മിനുണ്ട്. കുറ്റബോധത്താലാണ് എം വി ഗോവിന്ദന്‍ ദിവ്യ തെറ്റുതിരുത്തി മുന്നോട്ട് പോകുമെന്ന് പറയുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. എം വി ഗോവിന്ദന്‍

ജാമ്യം ലഭിച്ചതു കൊണ്ട് ദിവ്യ നിരപരാധിയാകുന്നില്ല. സി പി എം അങ്ങനെ കരുതേണ്ടതില്ല. കേസിന്റെ വസ്തുതകള്‍ പരിശോധിച്ചല്ല, മറ്റു ചില കാര്യങ്ങള്‍ പരിഗണിച്ചാണ് കോടതി ജാമ്യം നല്‍കിയത്. അത് സ്വാഭാവിക നടപടിയാണ്. ജാമ്യം കിട്ടിയതു കൊണ്ട് കേസില്‍ നിന്ന് മോചിതയായിട്ടില്ല. നിരപരാധിത്വം തെളിയിക്കുമെന്നത് ദിവ്യയുടെ മാത്രം ആത്മവിശ്വാസമാണ്. കോണ്‍ഗ്രസ്സ് എ ഡി എമ്മിന്റെ കുടുംബത്തോടൊപ്പമാണ്. എ ഡി എമ്മിന്റെ കുടുംബം നടത്തുന്ന നിയമപോരാട്ടങ്ങള്‍ക്ക് കോണ്‍ഗ്രസ്സിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും കെ പി സി സി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

 

Latest