Kerala
കരിങ്കൊടിയുമായി വാഹനത്തിന് മുന്നില്‍ ചാടുന്നത് പ്രതിഷേധമല്ല; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയത് ജീവന്‍രക്ഷാ പ്രവര്‍ത്തനം: മുഖ്യമന്ത്രി
സംഘര്‍ഷാന്തരീക്ഷം ഉണ്ടെന്ന് വരുത്തി തീര്‍ത്ത് ഇതില്‍ പങ്കെടുക്കുന്ന നിക്ഷ്പക്ഷമതിയായ ആളുകളെ തടയാന്‍ പറ്റുമോ എന്ന ശ്രമമമാണ് അവര്‍ നടത്തുന്നത്
കണ്ണൂര്‍ | ഓടുന്ന വണ്ടിക്ക് മുന്നില്‍ കരിങ്കൊടിയുമായി ചാടുന്നത് പ്രതിഷേധമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്ക് നേരെ വന്നവര്‍ക്കെതിരെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയത് ആക്രമണമല്ലെന്നും ജീവന്‍ രക്ഷാ പ്രവര്‍ത്തനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വാഹനത്തിന് മുന്നില്‍ ചാടുന്നവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്താകുമെന്നും വീണ്ടുവിചാരമില്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നവകേരള സദസിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംഘര്‍ഷാന്തരീക്ഷം ഉണ്ടെന്ന് വരുത്തി തീര്‍ത്ത് ഇതില്‍ പങ്കെടുക്കുന്ന നിക്ഷ്പക്ഷമതിയായ ആളുകളെ തടയാന്‍ പറ്റുമോ എന്ന ശ്രമമമാണ് അവര്‍ നടത്തുന്നത്. ജനലക്ഷങ്ങള്‍ ഒഴുകിവരുമ്പോള്‍ അതിനെ തടയാന്‍ വേറെ മാര്‍ഗം കാണാതിരിക്കുമ്പോള്‍ അവിടെ സംഘര്‍ഷം ഉണ്ടാക്കാന്‍ കഴിയുമോ എന്നാണ് അവര്‍ നോക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇന്നലെ അതിന്റെ ഭാഗമായി ഒരു നീക്കം ഉണ്ടായി. കരിങ്കൊടി പ്രകടനം എന്ന് അതിനെ ചിലര്‍ വിശേഷിപ്പിച്ചു കണ്ടു. ജനാധിപത്യപരമായ ഒരു പ്രതിഷേധത്തിനും ഈ സര്‍ക്കാര്‍ എതിരല്ല. എന്നാല്‍, കരിങ്കൊടിയുമായി ഓടുന്ന വാഹനത്തിനു നേരെ ചാടുന്നത് പ്രതിഷേധമല്ല, ആക്രമണോത്സുകതയാണ്. അത്തരം ആക്രമണോത്സുകത ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചെറുതാവണമെന്നില്ല. ജീവന്‍ അപകടത്തില്‍പ്പെടുത്താന്‍ തക്കവിധത്തില്‍ ഒരാള്‍ ചാടിവരുമ്പോള്‍ അതിനെ നല്ലരീതിയില്‍ ബലം പ്രയോഗിച്ച് തന്നെ മാറ്റേണ്ടതുണ്ട്. ആ മാറ്റലാണ് ഇന്നലെ ഉണ്ടായത്. തന്റെ കണ്‍മുന്നിലാണ് അതെല്ലാം നടന്നത്. തനിക്ക് നേരെ വന്നവര്‍ക്ക് നേരെ ഡിവൈഎഫ്ഐക്കാര്‍ നടത്തിയത് ആക്രമണമായിരുന്നില്ല. ബസിന്റെ മുന്നിലേക്ക് ചാടിയപ്പോള്‍ അയാള്‍ അപകടപ്പെടാതിരിക്കാനുള്ള, ജീവന്‍ രക്ഷിക്കാനുള്ള മാര്‍ഗമാണ് ഡിവൈഎഫ്ഐക്കാര്‍ സ്വീകരിച്ചത്. അവിടെ അവര്‍ക്ക് വേദനപറ്റുമോയെന്ന് നോക്കിയിട്ട് കാര്യമില്ല. അയാളെ തള്ളിമാറ്റലാണ് പ്രധാനം. അത് മാതൃകാപരമായിരുന്നു. ആരീതികള്‍ തുടര്‍ന്നുപോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.