Connect with us

National

കേസ് മാറ്റിവെയ്ക്കണമെന്ന് പറയാന്‍ ജൂനിയറിനെ വിട്ടു; അഭിഭാഷകന് 2000 രൂപ പിഴ ചുമത്തി സുപ്രീംകോടതി

അഭിഭാഷകന് എത്താന്‍ കഴിയാത്തതിനാല്‍ കേസ് മാറ്റിവെയ്ക്കണമെന്ന് ജൂനിയര്‍ സുപ്രീംകോടതിയിലെത്തി ആവശ്യപ്പെടുകയായിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| കേസ് മാറ്റിവെയ്ക്കണമെന്ന് പറയാന്‍ മാത്രമായി ജൂനിയര്‍ അഭിഭാഷകനെ കോടതിയിലേക്ക് അയച്ച മുതിര്‍ന്ന അഭിഭാഷകന് 2000 രൂപ പിഴ ചുമത്തി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് അഭിഭാഷകനെതിരെ നടപടിയെടുത്തത്. അഭിഭാഷകന് എത്താന്‍ കഴിയാത്തതിനാല്‍ കേസ് മാറ്റിവെയ്ക്കണമെന്ന് ജൂനിയര്‍ സുപ്രീംകോടതിയിലെത്തി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, മനോജ് മിശ്ര എന്നിവരാണ് വാദം കേള്‍ക്കാനുണ്ടായിരുന്നത്. എന്നാല്‍ ബെഞ്ച് ഈ ആവശ്യം നിരസിച്ചു.

ഇത് നിസ്സാരമായി കാണാനാകില്ലെന്ന് പ്രതികരിച്ച മൂന്നംഗ ബെഞ്ച്, ജൂനിയറിനോട് വാദിക്കാന്‍ ആവശ്യപ്പെട്ടു. കേസിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വാദിക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും ജൂനിയര്‍ അഭിഭാഷകന്‍ ബെഞ്ചിനോട് പറഞ്ഞു. കേസ് കേള്‍ക്കാന്‍ ഭരണഘടന ഞങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഒരു ബ്രീഫിംഗ് പോലും എടുക്കാതെ നിങ്ങള്‍ക്ക് സുപ്രീംകോടതിയില്‍ വരാന്‍ കഴിയില്ല. അഭിഭാഷകനെ വിളിക്കൂവെന്നായിരുന്നു ബെഞ്ചിന്റെ പ്രതികരണം. ഞങ്ങളുടെ മുമ്പാകെ അഭിഭാഷകനോട് ഹാജരാകാന്‍ ആവശ്യപ്പെടാനും പറഞ്ഞു. തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ മാപ്പ് പറഞ്ഞു. പേപ്പറും കേസിനെ കുറിച്ച് അറിവും ഇല്ലാതെ എന്തിനാണ് ജൂനിയറിനെ കോടതിയിലേക്ക് അയച്ചതെന്ന് ബെഞ്ച് ചോദിച്ചു.

രേഖകളൊന്നുമില്ലാതെ, കേസിനെ കുറിച്ച് അറിയാത്ത ജൂനിയറിനെ അയച്ചു. കേസ് ഞങ്ങള്‍ മാറ്റിവയ്ക്കാന്‍ വിസമ്മതിച്ചപ്പോള്‍, അഭിഭാഷകന്‍ ഹാജരായി. ഈ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയില്ലെന്നും ഇത് കോടതിക്കും ഒരു പേപ്പറുമില്ലാതെ ഹാജരാകുന്ന ജൂനിയറിന്റെ കരിയറിനും ഒരുപോലെ ദ്രോഹമാണ് ചെയ്യുന്നത്. ഇങ്ങനെയാണോ നിങ്ങള്‍ ജൂനിയര്‍ അഭിഭാഷകരെ പരിശീലിപ്പിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു. അഭിഭാഷകന്‍ ബാര്‍ അസോസിയേഷനില്‍ 2000 രൂപ പിഴ അടയ്ക്കണമെന്നും അതിന്റെ രസീത് ഹാജരാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

 

 

 

Latest