Editors Pick
കിലോമീറ്ററിന് വെറും 2.33 രൂപ; പുതിയ സ്വിഫ്‌റ്റിന്‍റെ സിഎൻജി പുറത്തിറക്കി മാരുതി
ഒരു കിലോ സിഎൻജിയിൽ 32.85 കിലോമീറ്റർ ഓടാമെന്ന് കമ്പനി അവകാശപ്പെടുന്നു
ന്യൂഡൽഹി | ഈ വർഷം വിപണിയിൽ വൻ മുന്നേറ്റമുണ്ടാക്കിയ മോഡലാണ് മാരുതി സുസുക്കിയുടെ പുതിയ സ്വിഫ്‌റ്റ്. കഴിഞ്ഞ 4 മാസത്തിനുള്ളിൽ 67,000 സ്വിഫ്‌റ്റാണ് മാരുതി വിറ്റഴിച്ചത്. ഇപ്പോഴിതാ സ്വിഫ്‌റ്റിന്‍റെ സിഎൻജി വേർഷനും പുറത്തിറക്കിയിരിക്കുകയാണ് മാരുതി. നിലവിൽ കാർ വിപണിയിൽ വിറ്റഴിക്കുന്ന മൂന്നിൽ ഒന്ന് കാറും സിഎൻജിയാണ് എന്നതിനാൽ ആ ഡിമാന്‍റ് മുതലെടുക്കുകയാണ് ലക്ഷ്യം.
8.19 ലക്ഷം രൂപയിലാണ് സ്വിഫ്‌റ്റ് സിഎൻജിയുടെ വില ആരംഭിക്കുന്നത്. പതിവുപോലെ ഉയർന്ന ഇന്ധനക്ഷമതയാണ് കമ്പനിയുടെ വാഗ്‌ദാനം. ഒരു കിലോ സിഎൻജിയിൽ 32.85 കിലോമീറ്റർ ഓടാമെന്ന് കമ്പനി അവകാശപ്പെടുന്നു. ആകെ 3 വേരിയൻ്റുകളിലാണ് സ്വിഫ്‌റ്റ് സിഎൻജി ലഭിക്കുന്നത് – VXI, VXI+, ZXI. ഇവയുടെ എക്‌സ്‌ഷോറൂം വില യഥാക്രമം 8.19 ലക്ഷം, 8.46 ലക്ഷം, 9.19 ലക്ഷം എന്നിങ്ങനെയാണ്.
പുതിയ സ്വിഫ്റ്റിലെ പവർപ്ലാൻ്റ് 1.2L Z-സീരീസ് മോട്ടോർ തന്നെയാണ് സിഎൻജി മോഡലിലും ഉള്ളത്. ഇത് CNG മോഡിൽ 69.75 Hp പരമാവധി പവർ ഔട്ട്പുട്ടും 101.8 Nm ൻ്റെ പരമാവധി ടോർക്കും വികസിപ്പിക്കുന്നു. മോട്ടോർ 5-സ്പീഡ് MT-യുമായി ജോടിയാക്കുന്നു. പെട്രോളിൽ ഇത് 81.6 Hp പീക്ക് പവറും 112 Nm പരമാവധി ടോർക്കും വികസിപ്പിക്കുന്നു.
32.85 കിലോമീറ്റർ മൈലേജ് കമ്പനി അവകാശപ്പെടുമ്പോൾ കിലോമീറ്ററിന് 2.33 രൂപ (ഡൽഹിയിലെ വില അനുസരിച്ച്) മാത്രമാണ് ചെലവ് കണക്കാക്കുന്നത്. പെട്രോളിൽ 24.8 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.
ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം+, ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിങ്ങനെയുള്ള സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകൾ സ്വിഫ്‌റ്റിലുണ്ട്. കൂടാതെ, സ്വിഫ്റ്റ് എസ്-സിഎൻജിയിൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെൻ്റ്, വയർലെസ് ചാർജർ, 60:40 സ്പ്ലിറ്റ് റിയർ സീറ്റുകൾ, 7 ഇഞ്ച് സ്മാർട്ട് പ്ലേ പ്രോ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും സജ്ജീകരിച്ചിരിക്കുന്നു.