Connect with us

National

വിശ്വസിച്ചേ മതിയാകൂ; വയലിലുപേക്ഷിച്ച നവജാത ശിശുവിന് രാത്രി മുഴുവന്‍ കാവലിരുന്നത് ഒരു നായ

പൊക്കിള്‍ക്കൊടിയോട് കൂടി, വസ്ത്രം പോലും ധരിപ്പിക്കാതെയാണ് കുട്ടിയെ ഉപേക്ഷിച്ചത്.

Published

|

Last Updated

റായ്പുര്‍| തെരുവുനായ്ക്കളുടെ ഉപദ്രവങ്ങളും പരാക്രമങ്ങളുമാണ് അധികമാളുകള്‍ക്കും പറയാനുണ്ടാകുക. എന്നാല്‍ ഇപ്പോള്‍ ഛത്തീസ്ഗഢില്‍ വയലില്‍ ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞിന് രാത്രിയില്‍ കാവലിരുന്ന നായയും നായക്കുഞ്ഞുങ്ങളുമാണ് സാമൂഹിക മാധ്യമങ്ങളിലെ താരങ്ങള്‍. പ്രദേശവാസികളെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തും വരെ നായയാണ് കുഞ്ഞിന് കൂട്ടിരുന്നത് എന്ന സന്തോഷകരമായ വാര്‍ത്തയാണ് നാട്ടുകാര്‍ പങ്കുവെക്കുന്നത്. നായയുടെ കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് ഉപേക്ഷിക്കപ്പെട്ട കുഞ്ഞും രാത്രിയില്‍ കിടന്നത്.

മുംഗേലി ജില്ലയിലെ ലോര്‍മിയിലെ സരിസ്റ്റല്‍ ഗ്രാമത്തിലെ ഒരു വയലിലാണ് പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചിരിക്കുന്നത്. പൊക്കിള്‍ക്കൊടിയോട് കൂടി, വസ്ത്രം പോലും ധരിപ്പിക്കാതെയാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടാണ് ഗ്രാമവാസികള്‍ അവള്‍ക്കരികിലെത്തിയത്. ആ സമയത്ത് തെരുവ് നായ്ക്കള്‍ സമീപത്ത് അലഞ്ഞുതിരിയുന്നത് നാട്ടുകാര്‍ കണ്ടു. എന്നാല്‍, രാത്രിയില്‍ അമ്മനായ കുഞ്ഞിനെ സംരക്ഷിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. പിഞ്ചുകുഞ്ഞിന് അടുത്ത് നായക്കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. കുഞ്ഞിന് പരിക്കുകളൊന്നും ഏറ്റിട്ടില്ലെന്നും ഗ്രാമവാസികള്‍ പറഞ്ഞു.

മൃഗങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കുന്ന എന്‍ജിഒ ആയ ജീവ് ആശ്രയയാണ് നവജാതശിശുവിന്റെ മൂന്ന് ചിത്രങ്ങള്‍ സഹിതം ഫേസ്ബുക്ക് പേജില്‍ വാര്‍ത്ത പങ്കുവെച്ചത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ ഉടന്‍തന്നെ വൈറലാകുകയും ചെയ്തു. കുഞ്ഞിന്റെ കുടുംബത്തെ കണ്ടെത്തി ശക്തമായ ശിക്ഷ നല്‍കണമെന്നാണ് ആളുകള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

സംഭവമറിഞ്ഞ് എഎസ്ഐ ചിന്താറാം ബിന്‍ജ്വാര്‍ ടാസ്‌ക് ഫോഴ്സ് സംഘവുമായി ലോര്‍മി ഗ്രാമത്തിലെ വയലില്‍ എത്തിയ ശേഷം കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ ‘ദ ചൈല്‍ഡ് ലൈന്‍ പ്രോജക്ടി’ലേക്ക് റഫര്‍ ചെയ്യുകയും ‘ആകാന്‍ക്ഷ’ എന്ന് പേര് നല്‍കുകയും ചെയ്തു. കുഞ്ഞിന്റെ കുടുംബത്തിനെ കണ്ടെത്തുന്നതിനായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

 

 

 

Latest