Connect with us

Eranakulam

ശബ്ദമില്ലാത്തവരുടെ നാവായി മാധ്യമങ്ങൾ മാറണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

വാളെടുത്തവരെല്ലാം വെളിച്ചപ്പാടായി മാറുന്ന കാലഘട്ടത്തിൽ കാര്യഗൗരവത്തോടെയുള്ള സമീപനമാണ് മാധ്യമപ്രവർത്തകർ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം

Published

|

Last Updated

കേരള പത്രപ്രവർത്തക യൂണിയൻ അറുപതാം സംസ്‌ഥാന സമ്മേളനത്തിന് മുന്നോടിയായി ഗാന്ധി സ്‌ക്വയറിൽ സംഘടിപ്പിച്ച വിളംബര സന്ധ്യയിൽ ജസ്റ്റിസ്. ദേവൻ രാമചന്ദ്രൻ ആദ്യ ദീപം തെളിക്കുന്നു.

കൊച്ചി | ശബ്ദമില്ലാത്തവരുടെ നാവായി മാധ്യമങ്ങൾ മാറണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. സമൂഹത്തിൽ എത്ര ശബ്ദങ്ങൾ ഉയർന്ന വരുന്നുണ്ടെന്നും എത്ര ശബ്ദങ്ങൾ ഉയർന്നു വരാൻ അനുവദിക്കുന്നുണ്ടെന്നും ചിന്തിക്കേണ്ട സമയമാണിത്. എല്ലാവരുടെയും ശബ്ദമായി മാറാൻ മാധ്യമപ്രവർത്തകർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ അറുപതാം സംസ്‌ഥാന സമ്മേളനത്തിന് മുന്നോടിയായി ഗാന്ധി സ്‌ക്വയറിൽ സംഘടിപ്പിച്ച വിളംബര സന്ധ്യ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വാളെടുത്തവരെല്ലാം വെളിച്ചപ്പാടായി മാറുന്ന കാലഘട്ടത്തിൽ കാര്യഗൗരവത്തോടെയുള്ള സമീപനമാണ് മാധ്യമപ്രവർത്തകർ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. സത്യത്തിനൊപ്പം നിൽക്കാൻ മാധ്യമങ്ങൾക്ക് ഇനിയും കഴിയട്ടെയെന്ന് ജസ്റ്റിസ്. ദേവൻ രാമചന്ദ്രൻ പറഞ്ഞു.

അറുപതാം സംസ്‌ഥാന സമ്മേളനത്തിന്റെ ഭാഗമായി ഗാന്ധി പ്രതിമയ്ക്ക്മുന്നിൽ 60 മൺ ചെരാതുകൾ തെളിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആദ്യദീപം തെളിച്ചു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെ.എസ് സുദർശൻ, ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, സിപിഐ ജില്ലാ കമ്മിറ്റിയംഗം ടി.സി സഞ്ജിത്, ബിജെപി നേതാവ് സി .ജി രാജഗോപാൽ, സിഐസിസി ജയചന്ദ്രൻ, ചന്ദ്രഹാസൻ വടുതല, മലയാള മനോരമ ബ്യൂറോ ചീഫ് എൻ.ജയചന്ദ്രൻ, പ്രസ്‌ക്ലബ് വൈസ് പ്രസിഡൻറ് എൻ.കെ സ്മിത, ജോ.സെക്രട്ടറി ഷബ്‌ന സിയാദ് തുടങ്ങിയവർ ദീപം തെളിയിച്ചു.

പ്രസ്‌ക്ലബ് പ്രസിഡൻറ് ആർ.ഗോപകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ഷജിൽ കുമാർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ജലീൽ അരൂക്കുറ്റി നന്ദിയും പറഞ്ഞു.