Connect with us

Kerala

ജസ്റ്റീസ് ഫാത്വിമ ബീവി ഇനി ഓര്‍മ; ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി

സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി ജില്ലാ കലക്ടര്‍ ആദരാഞ്ജലി അര്‍പ്പിച്ചു

Published

|

Last Updated

പത്തനംതിട്ട | കഴിഞ്ഞ ദിവസം അന്തരിച്ച ജസ്റ്റിസ് ഫാത്വിമ ബീവിക്ക് ഔദ്യോഗിക ബഹുമതികളോടെ ജന്മനാട് വിടനല്‍കി. പത്തനംതിട്ട ടൗണ്‍ മസ്ജിദ് ഖബര്‍സ്ഥാനിലാണ് മയ്യിത്ത് ഖബറടക്കിയത്. മസ്ജിദില്‍ ജുമുഅ നിസ്‌കാരാനന്തരം നടന്ന മയ്യിത്ത് നിസ്‌കാരത്തിന് ചീഫ് ഇമാം അബ്ദുല്‍ ഷുക്കൂര്‍ മൗലവി അല്‍ ഖാസിമി നേതൃത്വം നല്‍കി.

സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി ജില്ലാ കലക്ടര്‍ എ ഷിബു ആദരാഞ്ജലി അര്‍പ്പിച്ചു. മന്ത്രി വീണാ ജോര്‍ജിനു വേണ്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എല്‍ അനിതാകുമാരി അന്തിമോപചാരം അര്‍പ്പിച്ചു. പത്തനംതിട്ട ടൗണ്‍ ഹാളില്‍ ഉച്ചക്ക് 12.30 മുതല്‍ 1.30 വരെ നടന്ന പൊതുദര്‍ശനത്തിനു ശേഷമായിരുന്നു ഖബറടക്കം.

പത്തനംതിട്ട മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ നേതൃത്വത്തില്‍ പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. സമൂഹത്തിന്റെ വിവിധ തുറകളില്‍ പെട്ട നൂറുകണക്കിന് പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പത്തനംതിട്ട പേട്ട തൈക്കാവ് അണ്ണാവീട്ടിലും നഗരസഭാ ടൗണ്‍ ഹാളിലും എത്തി. വ്യാഴാഴ്ച നാലോടെ തുടങ്ങിയ സ്വഭവനത്തിലെ പൊതുദര്‍ശനം വെള്ളിയാഴ്ച്ച ഉച്ചക്ക് 12.15 വരെ നീണ്ടു. തുടര്‍ന്ന് വിലാപയാത്രയായി പത്തനംതിട്ട നഗരസഭാ ടൗണ്‍ഹാളില്‍ എത്തിച്ചു.

എം പിമാരായ ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എം എല്‍ എമാരായ കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍, നഗരസഭാ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍, എ ഡി എം. ബി രാധാകൃഷ്ണന്‍, രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍, മുന്‍ എം എല്‍ എമാരായ രാജു ഏബ്രഹാം, ആര്‍ ഉണ്ണികൃഷ്ണന്‍, ജോസഫ് എം പുതുശ്ശേരി, മാലേത്ത് സരളാദേവി, അഖിലേന്ത്യാ അയ്യപ്പസേവാസംഘം ദേശീയ പ്രസിഡന്റ് ഡി വിജയകുമാര്‍, ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനന്തഗോപന്‍, വിവിധ തദ്ദേശസ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയ പ്രമുഖര്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ഫാത്വിമ ബീവി അന്തരിച്ചത്. കൊല്ലത്ത് സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായ ഫാത്വിമ ബീവി തമിഴ്നാട് ഗവര്‍ണര്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം തുടങ്ങി രാജ്യത്തിന്റെ വിവിധ ഔദ്യോഗിക മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1950 നവംബര്‍ 14നാണ് ഫാത്വിമ ബീവി അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1958 മെയ് മാസം സബോര്‍ഡിനേറ്റ് മുന്‍സിഫായി നിയമിതയായി. 1968ല്‍ സബ് ഓര്‍ഡിനേറ്റ് ജഡ്ജ് ആയി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് 1972ല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആയും 1974ല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായും നിയമിതയായി. 1980 ജനുവരിയില്‍ ഇന്‍കം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലില്‍ ജുഡീഷ്യല്‍ അംഗമായി.1984ല്‍ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 1984ല്‍ തന്നെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമനം ലഭിച്ചു. 1989 ഏപ്രില്‍ 29ന് ഹൈക്കോടതിയില്‍ നിന്നും വിരമിച്ചെങ്കിലും 1989 ഒക്ടോബര്‍ ആറിന് സുപ്രീം കോടതിയില്‍ ജഡ്ജിയായി നിമനം ലഭിച്ചു. 1992 ഏപ്രില്‍ 29നാണ് വിരമിച്ചത്.

 

---- facebook comment plugin here -----

Latest