Connect with us

justice fathima beevi

ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു; സുപ്രീം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ്

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായും സേവനമനുഷ്ഠിച്ചു

Published

|

Last Updated

കൊല്ലം | സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസും തമിഴ്നാട് മുന്‍ ഗവര്‍ണറുമായിരുന്ന ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.

1989-ല്‍ സുപ്രീം കോടതിയില്‍ നിയമിതയായ അവര്‍, ഇന്ത്യയുടെ സുപ്രീം കോടതിയുടെ ഭാഗമായ ആദ്യത്തെ വനിതാ ജഡ്ജി എന്നതിനൊപ്പം ആദ്യത്തെ മുസ്‌ലീമും ആയി. കോടതിയില്‍ നിന്ന് വിരമിച്ച ശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായും സേവനമനുഷ്ഠിച്ചു. 2023-ല്‍ അവര്‍ക്ക് രണ്ടാമത്തെ ഉയര്‍ന്ന കേരള പ്രഭ അവാര്‍ഡ് നല്‍കി ആദരിച്ചു.

പത്തനംതിട്ടയില്‍ അന്നവീട്ടില്‍ മീര്‍ സാഹിബിന്റെയും ഖദീജ ബീവിയുടെയും മകളായി റാവുത്തര്‍ കുടുംബത്തില്‍ ജനിച്ചു. പത്തനംതിട്ടയിലെ ടൗണ്‍ സ്‌കൂളിലും കാതോലിക്കേറ്റ് ഹൈസ്‌കൂളിലും പഠിച്ച അവര്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് കെമിസ്ട്രിയില്‍ ബി എസ്സി നേടി.

തിരുവനന്തപുരം ഗവ. ലോ കോളേജില്‍ നിന്ന് ബി എല്‍ നേടി. 1950 നവംബര്‍ 14-ന് ബീവി അഭിഭാഷകയായി എന്റോള്‍ ചെയ്തു. 1950-ല്‍ ബാര്‍ കൗണ്‍സില്‍ പരീക്ഷയില്‍ ഒന്നാമതെത്തി. കേരളത്തിലെ ലോവര്‍ ജുഡീഷ്യറിയിലാണ് അവര്‍ തന്റെ കരിയര്‍ ആരംഭിച്ചത്. 1958 മെയ് മാസത്തില്‍ അവര്‍ കേരള സബ്-ഓര്‍ഡിനേറ്റ് ജുഡീഷ്യല്‍ സര്‍വീസസില്‍ മുന്‍സിഫായി നിയമിതയായി. 1990-ല്‍ മഹിളാ ശിരോമണി അവാര്‍ഡും. ഭാരത് ജ്യോതി അവാര്‍ഡും ലഭിച്ചു .