Connect with us

Kerala

സജീവന്റെ കുടുംബത്തിന് ഒടുവില്‍ നീതി; ഭൂമി തരംമാറ്റി നല്‍കി റവന്യൂ വകുപ്പ്

Published

|

Last Updated

പറവൂര്‍ | ഭൂമി തരംമാറ്റി ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പറവൂരിലെ മത്സ്യത്തൊഴിലാളി സജീവന്റെ കുടുംബത്തിന് ഒടുവില്‍ നീതി നല്‍കി റവന്യൂ വകുപ്പ്. സജീവന്റെ ഭൂമി റവന്യൂ വകുപ്പ് തരംമാറ്റി നല്‍കി. എറണാകുളം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് സജീവന്റെ വീട്ടിലെത്തി രേഖകള്‍ കൈമാറി.

സജീവന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തില്‍ ദുഃഖം പ്രകടിപ്പിച്ച കലക്ടര്‍ സജീവന്റെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം അല്‍പസമയം ചെലവഴിച്ചാണ് തിരിച്ചുപോയത്. തങ്ങളുടെ പിതാവിന്റെ മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുന്നത് വരെ പോരാട്ടം തുടരുമെന്ന് സജീവന്റെ മകന്‍ പറഞ്ഞു.

സജീവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് തെളിവെടുത്തിരുന്നു. ഉദ്യോഗസ്ഥരെ ഫോര്‍ട്ട് കൊച്ചി ആര്‍ ഡി ഒ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് തെളിവെടുപ്പ് നടത്തിയത്. ഫോര്‍ട്ട് കൊച്ചി ആര്‍ ഡി ഒ, പറവൂര്‍ താലൂക്ക് ഓഫീസര്‍, മൂത്തകുന്നം വില്ലേജ് ഓഫീസര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കമ്മീഷണര്‍ സജീവന്റെ കുടുംബാംഗങ്ങളുടെയും ഭാഗവും കേട്ടു.