vismaya case
വിസ്മയ കേസ് : കിരണിന് പത്ത് വര്‍ഷം കഠിന തടവ്-പന്ത്രണ്ടര ലക്ഷം പിഴ
അഞ്ച് വകുപ്പുകളിലായി 25 വര്‍ഷം തടവ്; ശിക്ഷ ഒന്നിച്ച് അനുഭവിക്കാമെന്നതിനാല്‍ പത്ത് വര്‍ഷമാകും പ്രതി ജയിലില്‍ കഴിയുക
കൊല്ലം | നിലമേല്‍ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാറിന് പത്ത് വര്‍ഷം കഠിന തടവും 12.5 ലക്ഷം രൂപ പിഴയും ശിക്ഷ. പിഴയില്‍ രണ്ടര ലക്ഷം വിസ്മയയുടെ കുടുംബത്തിന് നല്‍കണം. കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് കെ എന്‍ സുജിത്താണ് ശിക്ഷ വിധിച്ചത്.
ശിക്ഷാ നിയമത്തിലെ 304 ബി വകുപ്പു പ്രകാരം പത്ത് വര്‍ഷം തടവും, 306 വകുപ്പ് പ്രകാരം ആറ് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും, ഗാര്‍ഹിക പീഡന നിയമത്തിലെ 498 എ പ്രകാരം രണ്ട് വര്‍ഷം തടവും 50,000 രൂപ പിഴയും, സ്ത്രീധന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം മൂന്ന്, ആറ് വര്‍ഷം വീതം തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഏറ്റവും വലിയ ശിക്ഷയായ പത്ത് വര്‍ഷമാകും പ്രതി ജയിലില്‍ കഴിയുക
രാവിലെ കോടതി ചേര്‍ന്നയുടന്‍ എന്തെങ്കിലും പറയാനുണ്ടോയെന്ന് കിരണിനോട് ജഡ്ജ് ചോദിച്ചു. തന്റെ പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണം. പ്രായമായ മാതാപിതാക്കളെ നോക്കേണ്ട ബാധ്യത തനിക്കുണ്ട്. അച്ഛന്‍ സുഖമില്ലാത്ത വ്യക്തിയാണ്. ഓര്‍മക്കുറവുണ്ട്. അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ ശിക്ഷയില്‍ ഇളവ് നല്‍കണം. കുടുംബത്തിന്റെ ഏക ആശ്രയമാണ് താനെന്നും കിരണ്‍ കുമാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ പ്രതി ഇളവ് അര്‍ഹിക്കുന്നില്ലെന്നും പരമാവധി ശിക്ഷയായ ജീവപര്യന്തം നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടിതിയില്‍ ആവശ്യപ്പെട്ടു. കേവലം വ്യക്തിക്ക് എതിരായ ഒരു കേസായി ഇതിനെ പരിഗണിക്കാനാകില്ല. സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീധനം എന്ന വലിയ വിപത്തിനെതിരായ ഒന്നായി ഇതിനെ പരിഗണിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. അച്ഛന് ഓര്‍മക്കുറവുണ്ടെന്ന് കിരണ്‍ പറഞ്ഞ് കളവാണ്. ഇതേ ഓര്‍മക്കുറവുണ്ടെന്ന് പറഞ്ഞ അച്ഛനെയാണ് തനിക്കായി സാക്ഷി പറയാന്‍ അദ്ദേഹം കോടതിയില്‍ കൊണ്ടുവന്നതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
പ്രതി വിദ്യാസമ്പന്നനാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ത്രീധനം വാങ്ങില്ലെന്ന് പ്രതിജ്ഞ ചെയ്യണം. എന്നാല്‍ പ്രതി ഇത് ലംഘിച്ചു. വിസമയയുടെ മുഖത്ത് ചെരിപ്പിട്ടു ചവിട്ടി. ഒരു മനുഷ്യനെ നിലത്തിട്ട് മുഖത്ത് ചവിട്ടുന്നത് ക്ഷമിക്കാവുന്നതല്ല. വളര്‍ത്തുപട്ടി പോലും ഇതിനോട് പ്രതികരിക്കും. പ്രതിക്ക് ഇപ്പോഴും കുറ്റബോധമില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ആറ് മാസം ജയിലില്‍ കിടന്നിട്ടും പ്രതിക്ക് കുറ്റബോധമില്ലേയെന്ന് ജഡ്ജ് ചോദിച്ചു. ഇല്ല എന്ന് പ്രോസിക്യൂട്ടര്‍ ഇതിന് മറുപടിയും നല്‍കി. പ്രതി സ്വയം തിരുത്തുമെന്ന് കരുതാനാകില്ലെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.
എന്നാല്‍ പരിഷ്‌കൃത സമൂഹത്തില്‍ ആത്മഹത്യ പ്രേരണക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കുന്ന ചരിത്രമില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശില്‍ നേരത്തയുണ്ടായ സമാന കേസില്‍ പത്ത് വര്‍ഷമാണ് കോടതി പരമാവധി നല്‍കിയത്. വിസ്മയ കേസ് ആത്മഹത്യ കേസ് മാത്രമാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. സബര്യന് കീഴിലെ ആദ്യത്തെ സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള മരണമല്ല ഇതെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
പ്രതിഭാഗത്തിന്റെ എല്ലാ മനുഷ്യത്വ രഹിതമായ വാദങ്ങളും സാമൂഹിക തിന്‍മക്കെതിരായ നീതി എന്ന തരത്തിലുള്ള പ്രോസിക്യൂഷന്റെ വാദങ്ങളും കേട്ട ശേഷമാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച കേസില്‍ ജഡ്ജ് വിധി പറഞ്ഞത്.
സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉള്‍പ്പെടെ വിസ്മയയുടെ ഭര്‍ത്താവ് കിരണിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം നില നില്‍ക്കുന്നതാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. പോലീസ് ചുമത്തിയ ഏഴ് കുറ്റങ്ങളില്‍ അഞ്ചും നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞിരുന്നു. ഐപിസി 304 (ബി), ഗാര്‍ഹിക പീഡനത്തിനെതിരായ 498 (എ), ആത്മഹത്യാ പ്രേരണക്കെതിരായ ഐ പി സി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി ശരിവച്ചത്.
വിസ്മയ കേസിലെ വിധി സമൂഹത്തിനുള്ള സന്ദേശമാകണമെന്ന് അച്ഛന്‍ ത്രിവിക്രമന്‍ നായരും അമ്മ സജിത വി നായരും ആവശ്യപ്പെട്ടിരുന്നു. 4,87, 000 വോയ്സ് ക്ലിപ്പുകളാണ് കിരണിന്റെ ഫോണില്‍ നിന്ന് സൈബര്‍ സെല്ലിന് ലഭിച്ചത്. ഓട്ടോമറ്റിക്കായി കോളുകള്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ടെന്ന് അവന്‍ അറിഞ്ഞില്ലായിരുന്നു. വോയ്സ് ക്ലിപ്പുകളനുസരിച്ച് ഇനിയും നിരവധി പ്രതികള്‍ വരും. അവരെ സമൂഹത്തിന് മുന്നില്‍ കൊണ്ടുവരാനാണ് ഇനിയുള്ള ശ്രമമെന്നും അച്ഛന്‍ വ്യക്തമാക്കിയിരുന്നു. മകള്‍ക്ക് സ്ത്രീധനമായി നല്‍കിയ കാറിലായിരുന്നു അദ്ദേഹം വിധി കേള്‍ക്കാനായി അദ്ദേഹം കോടതിയിലേക്ക് പോയത്. തന്റെ മകളുടെ ആത്മാവ് ഈ കാറിലുണ്ടെന്നും അവള്‍ക്കായി മുന്‍ സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണെന്നും അച്ഛന്‍ വ്യക്തമാക്കിയിരുന്നു.
2019 മെയ് 31നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. തൊട്ടടുത്ത വര്‍ഷം ( 2021 ജൂണ്‍ 21) ഭര്‍തൃപീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്യുകയായിരുന്നു. വിസ്മയയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് 2021 ജൂണ്‍ 22ന് കുടുംബം രംഗത്ത് വന്നു. ജൂണ്‍ 22ന് തന്നെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ അറസ്റ്റിലായി. അന്ന് തന്നെ കിരണിനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ജൂണ്‍ 25 വിസ്മയയുടേത് തൂങ്ങിമരണം ആണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. 2021 സെപ്റ്റംബര്‍ പത്തിന്് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2022 ജനുവരി പത്തിന് കേസില്‍ വിചാരണ ആരംഭിച്ചു. 2022 മാര്‍ച്ച് 2ന് കിരണ്‍ കുമാറിന് സുപ്രിംകോടതി ജാമ്യം നല്‍കി. വിസ്മയ മരിച്ച് പതിനൊന്ന് മാസവും രണ്ട് ദിവസവും പൂര്‍ത്തിയായ ഇന്നലെ കിരണ്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഇന്ന് ശിക്ഷയും വിധിക്കുകയായിരുന്നു