Kerala
റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ഹേമ തന്നെ കത്ത് നല്‍കിയിരുന്നു; പരാതി ലഭിച്ചാല്‍ എത്ര ഉന്നതനായാലും നിയമത്തിനു മുന്നിലെത്തിക്കും: മുഖ്യമന്ത്രി
റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് സര്‍ക്കാര്‍ ഒരു തരത്തിലും എതിരുനിന്നിട്ടില്ല
തിരുവനന്തപുരം | ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ കത്ത് നല്‍കിയിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് സര്‍ക്കാര്‍ ഒരു തരത്തിലും എതിരുനിന്നിട്ടില്ല. പലരുടേയും സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്നതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പാടില്ലെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പാടില്ല എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജസ്റ്റിസ് ഹേമ തന്നെ 2020 ഫെബ്രുവരി 19-ന് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. തങ്ങളുടെ കമ്മിറ്റി മുന്‍പാകെ സിനിമാ മേഖലയിലെ ചില വനിതകള്‍ നടത്തിയത് തികച്ചു രഹസ്യാത്മകമായ വെളിപ്പെടുത്തലുകളാണ്. അതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പാടില്ലെന്ന് ജസ്റ്റിസ് ഹേമ കത്തില്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു
റിപ്പോര്‍ട്ടില്‍ ഏതെങ്കിലും വിഷയം കേസെടുത്ത് അന്വേഷിക്കണം എന്ന ശിപാര്‍ശ ജസ്റ്റിസ് ഹേമയുടെ കമ്മിറ്റി വെച്ചിട്ടില്ല. അതിനപ്പുറം മൊഴി നല്‍കിയവരുടെ സ്വകാര്യത സംരക്ഷിക്കണം എന്ന ആവശ്യം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. പരാതി ലഭിച്ച കേസുകളില്‍ മുഖം നോക്കാതെയുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.എന്നാല്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയ ഏതെങ്കിലും വനിത പരാതി നല്‍കാന്‍ തയ്യാറായി മുമ്പോട്ട് വന്നാല്‍ സര്‍ക്കാരില്‍ നിന്ന് ഉചിതമായ ഇടപെടല്‍ ഉണ്ടാകും. എത്ര ഉന്നതനായാലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നിയമത്തിന് മുമ്പില്‍ എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.