Kerala
നീതി എല്ലാവര്‍ക്കും കൂടിയുള്ളതാണ്; ഷൂ എറിഞ്ഞ കേസില്‍ പോലീസിനെതിരെ അതിരൂക്ഷ വിമര്‍ശവുമായി കോടതി
പൊതുസ്ഥലത്ത് വച്ച് പ്രതികളെ മര്‍ദ്ദിച്ചവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് ചോദിച്ച കോടതി മന്ത്രിമാരെ മാത്രമല്ല ജനങ്ങളേയും സംരക്ഷിക്കണമെന്നും പറഞ്ഞു

കൊച്ചി | പെരുമ്പാവൂരില്‍ നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസില്‍ പോലീസിനെതിരെ അതിരൂക്ഷ വിമര്‍ശവുമായി മജിസ്‌ട്രേറ്റ് കോടതി. പൊതുസ്ഥലത്ത് വച്ച് പ്രതികളെ മര്‍ദ്ദിച്ചവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് ചോദിച്ച കോടതി മന്ത്രിമാരെ മാത്രമല്ല ജനങ്ങളേയും സംരക്ഷിക്കണമെന്നും പറഞ്ഞു.നീതി എല്ലാവര്‍ക്കും കൂടിയുള്ളതാണ്. രണ്ട് നീതി എന്തിനെന്നും പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ചോദിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ ഷൂ എറിഞ്ഞെന്ന കേസില്‍ പോലീസ് നാലുപേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പോലീസിനെതിരെ കോടതി വിമര്‍ശനം ഉന്നയിച്ചത്. കേസില്‍ കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ 308-ാം വകുപ്പാണ് ചുമത്തിയിരിക്കുന്നത്. വധശ്രമവുമായി ബന്ധപ്പെട്ടുള്ളതാണ് ഈ വകുപ്പ്. കേസില്‍ 308-ാം വകുപ്പ് എങ്ങനെ നിലനില്‍ക്കുമെന്ന് കോടതി ചോദിച്ചു. ബസിന് നേരെ ഷൂ എറിഞ്ഞ കാരണത്താല്‍ എങ്ങനെയാണ് 308-ാം വകുപ്പ് ചുമത്താന്‍ കഴിയുക? ഓടിക്കൊണ്ടിരുന്ന ബസിന് നേരെയാണ് ഷൂ എറിഞ്ഞത്. ഷൂ ബസിനുള്ളിലേക്ക് പോയില്ലല്ലോ? പിന്നെ എങ്ങനെയാണ് വധശ്രമത്തിന് കേസെടുക്കുന്നത് എന്നും കോടതി ചോദിച്ചു.
കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതികളും പോലീസിനെതിരെ ചില കാര്യങ്ങള്‍ പറഞ്ഞു. ഷൂ എറിഞ്ഞതിന് പിന്നാലെ അവിടെ കൂടിനിന്ന ആളുകള്‍ തങ്ങളെ മര്‍ദ്ദിച്ചു. നവകേരള സദസിന്റെ സംഘാടകര്‍, ഡിവൈഎഫ്ഐക്കാര്‍ ഉള്‍പ്പെടെയുള്ളവരാണ് മര്‍ദ്ദിച്ചത്. പോലീസ് നോക്കി നില്‍ക്കെയായിരുന്നു മര്‍ദനമെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു. പോലീസിന് എങ്ങനെയാണ് രണ്ടു നീതി നടപ്പാക്കാന്‍ കഴിയുന്നത് എന്നായിരുന്നു കോടതിയുടെ പ്രതികരണം.ഇവരെ ആക്രമിച്ചിട്ടുണ്ടെങ്കില്‍ അവര്‍ എവിടെ?, അവരെ അറസ്റ്റ് ചെയ്തോ? അവരെ കൊണ്ടുവരേണ്ടതല്ലേയെന്നും കോടതി ചോദിച്ചു. പോലീസുകാര്‍ ആരോക്കെയാണോ അവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുന്ന വിശദമായ പരാതി എഴുതി നല്‍കാനും പ്രതികളോട് കോടതി ആവശ്യപ്പെട്ടു. പ്രതികളെ പൊതുസ്ഥലത്ത് വച്ച് ആക്രമിക്കുമ്പോള്‍ അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ പോലീസിന് ഉത്തരവാദിത്തമില്ലേ എന്നും കോടതി ചോദിച്ചു.