Connect with us

Editorial

പോലീസിനെക്കുറിച്ച് ജസ്റ്റിസ് നരിമാന്‍ പറഞ്ഞത്

എന്തുകൊണ്ടാണ് പോലീസില്‍ വര്‍ഗീയത ഇത്ര രൂക്ഷമായത്? സാഹചര്യമാണ് കാരണമെന്ന് വിലയിരുത്തുന്നവരുണ്ട്. അഥവാ ഇന്ത്യന്‍ പൊതുബോധം തന്നെ വര്‍ഗീയ ഫാസിസത്തിന്റെ സ്വാധീനത്തില്‍ അമര്‍ന്നിരിക്കെ പോലീസിന് മാത്രം അതില്‍ നിന്ന് മാറി നില്‍ക്കാനാകില്ലല്ലോ. എന്നാല്‍ ഇത് മാത്രമല്ല കാരണം.

Published

|

Last Updated

‘മുസ്ലിംകളോട് നിയമ നിര്‍വാഹക ഏജന്‍സികള്‍ കാണിക്കുന്ന സമീപനം പലപ്പോഴും ദൗര്‍ഭാഗ്യകരമാണ്. ഇത് മാറ്റിയെടുക്കാന്‍ രാജ്യത്തെ മുസ്ലിംകളും ഇന്ത്യക്കാരാണെന്ന് പോലീസിനെ ബോധവത്കരിക്കേണ്ടതുണ്ട്. ഭരണഘടനാ മൂല്യങ്ങളെ കുറിച്ചും പൗരന്മാരോടുള്ള കടമകളെ കുറിച്ചും പോലീസിന് അവബോധം നല്‍കേണ്ടതുണ്ട്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ആവശ്യമാണ് ഇത്തരം ബോധവത്കരണം’- സുപ്രീം കോടതി മുന്‍ ജസ്റ്റിസ് റോഹിംഗ്ടന്‍ നരിമാന്റേതാണ് ഈ വാക്കുകള്‍. കഴിഞ്ഞ ഏപ്രിലില്‍ മഹാനവമി, ഹനുമാന്‍ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ അരങ്ങേറിയ അക്രമ സംഭവങ്ങളെ സംബന്ധിച്ച് ‘സിറ്റിസന്‍ ആന്‍ഡ് ലോയേഴ്സ്’ തയ്യാറാക്കിയ റിപോര്‍ട്ടിന്റെ ആമുഖത്തിലാണ് ജസ്റ്റിസ് നരിമാന്‍ ഇത് കുറിച്ചത്.

ഡല്‍ഹി, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ വര്‍ഷം നടന്ന മഹാനവമി, ഹനുമാന്‍ ജയന്തി ആഘോഷങ്ങളില്‍ മുസ്ലിംകള്‍ക്ക് നേരേ ഹിന്ദുത്വരുടെ അക്രമം നടന്നപ്പോള്‍ പോലീസ് വേട്ടക്കാരെ സഹായിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസിന്റെ പക്ഷപാതപരമായ സമീപനത്തെ ഡല്‍ഹി രോഹിണി കോടതി തന്നെ രൂക്ഷമായി വിമര്‍ശിച്ചു. പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ ഡല്‍ഹി പോലീസിന്റെ ഭാഗത്ത് നിന്ന് കനത്ത വീഴ്ചയുണ്ടായെന്നും ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തി ആഘോഷത്തിന്റെ അവസാന ശോഭയാത്രക്ക് അധികൃതര്‍ അനുമതി നിഷേധിച്ചിരിക്കെ, ശോഭയാത്ര തടയുന്നതിനു പകരം പോലീസ് യാത്രക്ക് അകമ്പടി സേവിക്കുകയാണുണ്ടായതെന്നും രോഹിണി കോടതി അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഗഗന്‍ദീപ് സിംഗ് ചൂണ്ടിക്കാട്ടി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ നടക്കാതിരിക്കാന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ ഉത്തരവാദിത്വമില്ലായ്മ പരിഹരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ വര്‍ഷത്തെ മാത്രം അവസ്ഥയല്ല ഇത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നടന്ന ഏത് വര്‍ഗീയ കലാപമെടുത്തു പരിശോധിച്ചാലും ഹിന്ദുത്വ വര്‍ഗീയ ശക്തികളെ തുണക്കുന്ന സമീപനമാണ് പോലീസ് സ്വീകരിച്ചതെന്ന് കാണാനാകും. മുറാദാബാദ് കലാപം (1950), ജബല്‍പൂര്‍ കലാപം (1961), ഭീവണ്ടി കലാപം (1970), വാരാണസി കലാപം(1977), ബിഹാറിലെ ജംഷഡ്പൂര്‍ കലാപം (1979), മീററ്റ് കലാപം (1987), ജയ്പൂര്‍ രഥയാത്രാ കലാപം (1990), ഔറംഗാബാദ് കലാപം (1999), ഗുജറാത്ത് വംശഹത്യ (2002), ഏറ്റവുമൊടുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനെതിരെ ഹിന്ദുത്വ വാദികള്‍ അഴിച്ചുവിട്ട അക്രമം തുടങ്ങി രാജ്യത്ത് ഇതപര്യന്തം നടന്ന വര്‍ഗീയ കലാപങ്ങളെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷനുകളും അന്വേഷണ ഉദ്യോഗസ്ഥരും തീവ്രവാദ വേട്ടയുടെ പേരില്‍ മുസ്ലിം യുവാക്കള്‍ വ്യാപകമായി അറസ്റ്റ് ചെയ്യപ്പെടുന്നത് വിശകലനം ചെയ്ത സ്വതന്ത്ര നിരീക്ഷകരും ഇക്കാര്യം സ്ഥിരീകരിച്ചതാണ്. പോലീസ് സ്റ്റേഷനിലും ലോക്കപ്പിലും മുസ്ലിംകളോടുള്ള പെരുമാറ്റവും പാടേ മോശവും ക്രൂരവുമാണ്. മുസ്ലിംകളുടെ ന്യായമായ പരാതികള്‍ പോലും അവഗണിക്കപ്പെടുന്നു.

രാജ്യത്താകമാനമുള്ള പോലീസ് സേനയിലെ ഗണ്യവിഭാഗത്തെയും ഹിന്ദുത്വ ഫാസിസവും മുസ്ലിം വിരോധവും ഗ്രസിച്ചതായി ഒരു പ്രമുഖ മാധ്യമത്തില്‍ അസ്ഗറലി എന്‍ജിനീയര്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ‘സേനയുടെ എല്ലാ തലത്തിലും അവരുടെ ജാതീയവും വര്‍ഗീയവുമായ മുന്‍വിധികള്‍ പരുക്കനായി മാറുന്നുണ്ട്. രാജ്യത്ത് നടന്ന പല കലാപങ്ങളിലും ഈ പരുക്കന്‍ മുന്‍വിധികള്‍ നേരിട്ടു കാണാനും അനുഭവിക്കാനും എനിക്കായിട്ടുണ്ടെ’ന്ന് അദ്ദേഹം പറയുന്നു. കീഴ്ത്തട്ടിലെ ഉദ്യോഗസ്ഥരുടെ മാത്രമല്ല, മേലേത്തട്ടിലെ ഉദ്യോഗസ്ഥരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഒരിക്കല്‍ ഹൈദരാബാദിലെ ദേശീയ പോലീസ് അക്കാദമിയില്‍ നടന്ന ചര്‍ച്ചക്കിടെ പോലീസിലെ ഉന്നത ഓഫീസര്‍മാര്‍ താഴേത്തട്ടിലുള്ളവരേക്കാള്‍ വര്‍ഗീയത കുറഞ്ഞവരാണെന്ന് ഞാന്‍ അഭിപ്രായപ്പെട്ടപ്പോള്‍, പിന്നീട് സംസാരിച്ച ഉന്നതനായ ഒരു ഐ പി എസ് ഉദ്യോഗസ്ഥന്‍ അതിനോട് വിയോജിക്കുകയും മേലുദ്യോഗസ്ഥരില്‍ വര്‍ഗീയത കൂടുതലാണെന്ന് തുറന്നു പറയുകയും ചെയ്ത കാര്യം അദ്ദേഹം കുറിക്കുന്നു.

എന്തുകൊണ്ടാണ് പോലീസില്‍ വര്‍ഗീയത ഇത്ര രൂക്ഷമായത്? സാഹചര്യമാണ് കാരണമെന്ന് വിലയിരുത്തുന്നവരുണ്ട്. അഥവാ ഇന്ത്യന്‍ പൊതുബോധം തന്നെ വര്‍ഗീയ ഫാസിസത്തിന്റെ സ്വാധീനത്തില്‍ അമര്‍ന്നിരിക്കെ പോലീസിന് മാത്രം അതില്‍ നിന്ന് മാറി നില്‍ക്കാനാകില്ലല്ലോ. എന്നാല്‍ ഇത് മാത്രമല്ല കാരണം? ഭരണതലത്തില്‍ തന്നെ പോലീസിനെ വര്‍ഗീയവത്കരിക്കാനുള്ള ഗൂഢശ്രമങ്ങള്‍ നടന്നിട്ടുണ്ട്. വാജ്പയിയുടെ ഭരണകാലത്ത് സൈന്യത്തിനും പോലീസിനും ആര്‍ എസ് എസ് തത്ത്വശാസ്ത്രം പഠിപ്പിക്കണമെന്ന് രഹസ്യ സര്‍ക്കുലറുകള്‍ പുറത്തിറങ്ങിയ വിവരം പിന്നീട് പുറത്തു വന്നിരുന്നു. പോലീസ് സേനയിലേക്ക് ഒറ്റ മുസ്ലിമിനെയും റിക്രൂട്ട് ചെയ്യരുതെന്ന നയമാണ് യു പി സര്‍ക്കാറിനുണ്ടായിരുന്നതെന്ന് മീററ്റ് കലാപം അന്വേഷിച്ച എന്‍ സി സക്‌സേനയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ റിപോര്‍ട്ടില്‍ പറയുന്നുണ്ട്. മുസ്ലിം ജനസംഖ്യാ ശതമാനത്തിന് ആനുപാതികമായി മുസ്ലിം ഉദ്യോഗസ്ഥരുടെ എണ്ണം കുറയുന്നത് വരെ പോലീസില്‍ മുസ്ലിം നിയമനം നിര്‍ത്തിവെക്കണമെന്നായിരുന്നു കേന്ദ്രത്തില്‍ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് യു പി സര്‍ക്കാറിന് വന്ന ഒരു ഉത്തരവിലെ നിര്‍ദേശം.

പോലീസില്‍ മതന്യൂനപക്ഷ വിഭാഗങ്ങളെ കൂടുതലായി നിയമിക്കുകയാണ് കലാപങ്ങളില്‍ പോലീസ് പക്ഷപാതിത്വം അവസാനിപ്പിക്കാനുള്ള വഴിയെന്നാണ് പ്രശസ്ത ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഖുശ്വന്ത് സിംഗ് 1969ലെ അഹമ്മദാബാദ് കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ അഭിപ്രായപ്പെട്ടത്. പോലീസ് ട്രൈനിംഗ് കോഴ്സുകള്‍ സമൂല അഴിച്ചു പണിക്ക് വിധേയമാക്കണമെന്നും പോലീസുകാര്‍ക്ക് മതനിരപേക്ഷത സംബന്ധിച്ച് സമഗ്ര പരിശീലനം നല്‍കണമെന്നുമാണ് അസ്ഗറലി എന്‍ജിനീയറുടെ നിര്‍ദേശം. ഇപ്പോള്‍ ജസ്റ്റിസ് റോഹിംഗ്ടന്‍ നരിമാന്‍ പറഞ്ഞതും മറ്റൊന്നല്ല.

 

Latest