National
സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു യു ലളിത് ചുമതലയേറ്റു
രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
ന്യൂഡല്‍ഹി | സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു യു ലളിത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. സുപ്രീം കോടതിയുടെ 49ാം ചീഫ് ജസ്റ്റിസായാണ് അദ്ദേഹം അവരോധിതനായത്. ചീഫ് ജസ്റ്റിസായിരുന്ന എന്‍ വി രമണ വിരമിച്ചതോടെയാണ് ജസ്റ്റിസ് യു യു ലളിത് പുതിയ ചീഫ് ജസ്റ്റിസായത്. ചീഫ് ജസ്റ്റിസ് പദവിയില്‍ 74 ദിവസത്തെ സേവന കാലാവധിയാണ് അദ്ദേഹത്തിനുള്ളത്. നവംബര്‍ എട്ടിന് വിരമിക്കും.
രാജ്യത്തെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായിരിക്കെ, 2014 ആഗസ്റ്റിലാണ് ജസ്റ്റിസ് ലളിതിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചത്. അഭിഭാഷകര്‍ക്കിടയില്‍ നിന്ന് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ശേഷം ചീഫ് ജസ്റ്റിസായി ഉയര്‍ത്തപ്പെടുന്ന രണ്ടാമത്തെയാളാണ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് എന്ന യു യു ലളിത്. വധശിക്ഷ ഇളവ് ചെയ്യുന്ന വിഷയത്തില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാനുള്ള ജസ്റ്റിസ് ലളിതിന്റെ ഉത്തരവ് രാജ്യശ്രദ്ധ നേടിയിരുന്നു. 2019ല്‍ അയോധ്യാ കേസ് പരിഗണിച്ചിരുന്ന ബഞ്ചില്‍ നിന്നുള്ള അദ്ദേഹത്തിന്റെ പിന്മാറ്റവും ചര്‍ച്ചയായി.
ജസ്റ്റിസ് യു യു ലളിതിന്റെ പിതാവ് യു ആര്‍ ലളിത്, അടിയന്തരാവസ്ഥക്കാലത്ത് ബോംബെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായിരുന്നു. മുത്തച്ഛന്‍ രംഗനാഥ് ലളിത് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഏറെ മുമ്പ് സോലാപുരിലെ അഭിഭാഷകനായിരുന്നു. സ്ഥാനാരോഹണ വേളയില്‍ 90കാരനായ പിതാവ് ഉമേഷ് രംഗനാഥ് ലളിത് ഉള്‍പ്പെടെ ജസ്റ്റിസ് യു യു ലളിതിന്റെ മൂന്ന് തലമുറയില്‍ പെട്ട കുടുംബാംഗങ്ങള്‍ സന്നിഹിതരാകും. നോയിഡയില്‍ സ്‌കൂള്‍ നടത്തുകയാണ് ജസ്റ്റിസ് യു യു ലളിതിന്റെ ഭാര്യം അമിത ലളിത്. മക്കളായ ഹര്‍ഷദും ശ്രീയേഷും എന്‍ജിനീയറിങ് ബിരുദധാരികളാണ്. ശ്രീയേഷ് പിന്നീട് അഭിഭാഷക വൃത്തിയിലേക്ക് തിരിഞ്ഞു. ശ്രീയേഷിന്റെ ഭാര്യ രവീണയും അഭിഭാഷകയാണ്. ഗവേഷകനായ ഹര്‍ഷദ് ഭാര്യ രാധികക്കൊപ്പം അമേരിക്കയിലാണ്.