Kerala
പങ്കെടുത്ത മൂന്ന് ഇനങ്ങളിലും എ ഗ്രേഡ് ,ആദ്യ വരവ് ഗംഭീരമാക്കി ജ്യോതിക
കഴിഞ്ഞ വര്‍ഷം നഷ്ടപെട്ട വേദിയില്‍ ഈ തവണ എത്തി വിജയം കൊയ്യാന്‍ സാധിച്ചതില്‍ ഏറെ സന്തോഷത്തിലാണ് പത്താംക്ലാസുകാരി ജ്യോതിക.
കൊല്ലം | ആദ്യമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനെത്തിയ ജ്യോതിക കൊല്ലം വിടുന്നത് മൂന്ന് എ ഗ്രേഡുകളോടെ. കണ്ണൂര്‍ ചെമ്പിലോട് എച്ച്എസ്എസ് വിദ്യാര്‍ഥിയായ ജ്യോതിക ഹൈസ്‌ക്കൂള്‍ വിഭാഗം കുച്ചുപ്പിടി, കേരള നടനം, ഭരതനാട്യം എന്നിവയിലാണ് എ ഗ്രേഡ് കരസ്ഥമാക്കിയത്. കഴിഞ്ഞ വര്‍ഷവും ഈ മൂന്നു ഇനങ്ങളിലുമായി സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ ജ്യോതിക യോഗ്യത നേടിയിരുന്നെങ്കിലും റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതിനെ തുടര്‍ന്ന് അവസരം നഷ്ടപെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നഷ്ടപെട്ട വേദിയില്‍ ഈ തവണ എത്തി വിജയം കൊയ്യാന്‍ സാധിച്ചതില്‍ ഏറെ സന്തോഷത്തിലാണ് പത്താംക്ലാസുകാരി ജ്യോതിക.
കുച്ചുപ്പിടിയില്‍ ഡോ.സജേഷ് എസ്. നായര്‍, കേരള നടനത്തില്‍ ആശിഷ് പി.വി,ഭരതനാട്യത്തില്‍ ഡോ.ഹര്‍ഷന്‍ സെബാസ്റ്റിയന്‍ ആന്റണി എന്നിവരാണ് ഗുരുക്കള്‍.
ചെമ്പിലോട് എച്ച്.എസ്.എസ്. സ്‌കൂളിലെ തന്നെ പ്രധാനാധ്യാപകനായ കെ.പ്രകാശന്‍ മാസ്റ്ററാണ് അച്ഛന്‍. അമ്മ സി.ആര്‍. വിനീത തളാപ്പ് എസ്.എന്‍.വിദ്യാമന്ദിറിലെ അധ്യാപികയാണ്.