National
കെ.കവിതയ്ക്ക് വീട്ടില്‍ പാകം ചെയ്ത ഭക്ഷണം അനുവദിക്കാനാവില്ല; തിഹാര്‍ ജയില്‍ അധികൃതര്‍
വീട്ടിലെ ഭക്ഷണം ആവശ്യപ്പെട്ട് കെ കവിത ഡല്‍ഹി റോസ് അവന്യു കോതിയില്‍ ഹരജി നല്‍കിയിരുന്നു.
ന്യൂഡല്‍ഹി|ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ബി.ആര്‍.എസ് നേതാവ് കെ.കവിതയ്ക്ക് വീട്ടില്‍ പാകം ചെയ്ത ഭക്ഷണം അനുവദിക്കാനാവില്ലെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍. വീട്ടിലെ ഭക്ഷണം ആവശ്യപ്പെട്ട് കെ കവിത ഡല്‍ഹി റോസ് അവന്യു കോതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിനെതിരെയാണ് ജയില്‍ അധികൃതര്‍ മറുപടി നല്‍കിയത്.
രക്തസമ്മര്‍ദമുള്ള കവിതയ്ക്ക് ദക്ഷിണേന്ത്യന്‍ ഭക്ഷണം കഴിച്ചില്ലെങ്കില്‍ ആരോഗ്യനില വഷളാവുമെന്നായിരുന്നു ഹരജിയിലെ വാദം. എന്നാല്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ കവിതയ്ക്ക് പ്രത്യേക ഭക്ഷണം അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
വീട്ടില്‍ പാകം ചെയ്ത ഭക്ഷണം, കിടക്ക, കണ്ണട, ജപമാല, ചെരുപ്പ്, ബെഡ്ഷീറ്റ്, പുസ്തകങ്ങള്‍, ബ്ലാങ്കെറ്റ്, പേന, പേപ്പര്‍ ഷീറ്റുകള്‍, ആഭരണം, മരുന്ന് തുടങ്ങിയ സാധാനങ്ങളും ലഭ്യമാക്കാന്‍ ജയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നിര്‍ദേശം നല്‍കണമെന്നായിരുന്നു കവിതയുടെ അപേക്ഷ. ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിക്കൊണ്ടുള്ള കോടതി ഉത്തരവിനെ മുന്‍ നിര്‍ത്തിയാണ് കവിത പരാതി നല്‍കിയത്. എന്നാല്‍ കോടതി കവിതക്ക് ജയിലില്‍ പ്രത്യേക പരിഗണന നല്‍കേണ്ടതായ ഒന്നും പറഞ്ഞിട്ടില്ലെന്നും ജയിലില്‍ ഈ സാധനങ്ങള്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ജയില്‍ അധികൃതര്‍ പറയുന്നത്.
മാര്‍ച്ച് 15നാണ് ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡി കവിതയെ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 9 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് കെ.കവിത.