Kerala
കെ.എം. മാണി ജൂനിയര്‍ ഓടിച്ച കാര്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ച കേസ്: ചോദ്യത്തിന് പ്രസക്തിയില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
കെ.എം മാണി അനുസ്മരണ ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം| ജോസ് കെ. മാണിയുടെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ച കേസിലെ അട്ടിമറിയെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി മന്ത്രി റോഷി അഗസ്റ്റിന്‍. ചോദ്യത്തിന് പ്രസക്തിയില്ല എന്ന് റോഷി അഗസ്റ്റിന്റെ പ്രതികരിച്ചു. കെ.എം മാണി അനുസ്മരണ ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരമൊരു ചോദ്യത്തിന് ഇന്നത്തെ ദിവസം എന്ത് പ്രസക്തി? അതിന് എന്താണ് മറുപടി പറയേണ്ടത്? ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒരു ആശങ്കയും ഞങ്ങള്‍ക്കില്ല -എന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം. ജോസ് കെ. മാണി അപ്പോള്‍ റോഷി അഗസ്റ്റിന്റെ സമീപമുണ്ടായിരുന്നു.
കേസില്‍ ജോസ് കെ. മാണിയുടെ മകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. ശനിയാഴ്ച വൈകീട്ട് ജോസ് കെ. മാണിയുടെ മകന്‍ കെ.എം. മാണി ജൂനിയര്‍ (19) ഓടിച്ച ഇന്നോവ സ്‌കൂട്ടറില്‍ ഇടിച്ച് രണ്ടുപേരാണ് മരിച്ചത്. സ്‌കൂട്ടര്‍ യാത്രക്കാരായ കറിക്കാട്ടൂര്‍ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ മാത്യു ജോണ്‍ (35), സഹോദരന്‍ ജിന്‍സ് ജോണ്‍ (30) എന്നിവരാണ് മരിച്ചത്. അലക്ഷ്യമായി വാഹനമോടിച്ചതിനും മനഃപൂര്‍വമല്ലാത്ത നരഹത്യക്കുമാണ് കെ.എം. മാണി ജൂനിയറിനെതിരെ കേസെടുത്തിട്ടുള്ളത്.
അപകടസമയത്ത് വാഹനം ഓടിച്ചത് 47 വയസ്സുള്ള ഒരാള്‍ എന്നായിരുന്നു പൊലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയത്. എന്നാല്‍, വാഹനം ഓടിച്ചത് ജോസ് കെ. മാണിയുടെ മകന്‍ കെ.എം. മാണിയാണെന്ന് ആരോപണം ഉയര്‍ന്നു. ഇതിനെതിരെ പ്രതിഷേധവും നടന്നിരുന്നു.