തോറ്റവരെ രാജ്യസഭയിലേക്ക് പരിഗണിക്കരുത് എന്ന് കെ മുരളീധരൻ പറഞ്ഞപ്പോൾ തന്റെ അവസരം ഇല്ലാതാക്കാനാണ് എന്ന് സമൂഹത്തിൽ ഒരു ചിന്ത ഉണ്ടായതായി തുറന്നടിച്ച് സഹോദരിയും കോൺഗ്രസ് നേതാവുമായ പത്മജ വേണുഗോപാൽ. യഥാർഥത്തിൽ തോറ്റവരെ അവഗണിക്കുന്ന സമീപനം കോൺഗ്രസ് ഹൈക്കമാൻഡ് കൈക്കൊണ്ടില്ല. കാരണം, കേരളത്തിനൊപ്പം ആസാമിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തത് തുടർച്ചയായി തോറ്റ ആളെയാണ്. പാർട്ടിയുടെ അച്ചടക്കത്തിന് വിരുദ്ധമായി മാധ്യമ അഭിമുഖത്തിൽ ഒന്നും പറഞ്ഞിട്ടില്ല. കെ സുധാകരൻ ഏറ്റവും ഇഷ്ടപ്പെടുന്ന നേതാവാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ശക്തമായി തിരിച്ചു വരുമെന്നും പത്മജ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:
മലയാള മനോരമ എന്നെ ഇന്റർവ്യൂ ചെയ്തപ്പോൾ ഞാൻ നൽകിയ മറുപടി ആണ് താഴെയുള്ളത്.. പാർട്ടിക്ക് അച്ചടക്ക വിരുദ്ധമായി ഇന്റർവ്യൂവിൽ ഞാൻ ഒന്നും പറഞ്ഞിട്ടില്ല.. കെ സുധാകരൻ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നേതാവാണ്.. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ശക്തമായി തിരിച്ചു വരും..
“”തോറ്റവരെ രാജ്യസഭയിലേക്ക് പരിഗണിക്കരുത് എന്ന് K മുരളീധരൻ പറഞ്ഞപ്പോൾ എന്റെ അവസരം ഇല്ലാതാക്കാനാണ് എന്ന് സമൂഹത്തിൽ ഒരു ചിന്ത ഉണ്ടായി.. യഥാർത്ഥത്തിൽ തോറ്റവരെ അവഗണിക്കുന്ന സമീപനം കോൺഗ്രസ് ഹൈക്കമാൻഡ് കൈക്കൊണ്ടില്ല… കാരണം കേരളത്തിനൊപ്പം ആസാമിൽ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തത് തുടർച്ചയായി തോറ്റ ആളെയാണ്.. ഇത്തവണ വനിത രാജ്യസഭാ എംപി കേരളത്തിൽ വേണമെന്ന് പാർട്ടി ചിന്തിച്ചു.. അതിന്റെ അടിസ്ഥാനത്തിൽ പാർട്ടിക്ക് ഏറ്റവും ഗുണം ചെയ്യും എന്ന് തോന്നിയ ജെബി മേത്തരെ പാർട്ടി തീരുമാനിച്ചു. ആ തീരുമാനം അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്
ഇന്റർവ്യൂ –
• മനസ്സ് മടുത്തിരിക്കുന്നുവെന്ന് അടുത്തയിടെ ഒരു ഫെയ്സ്ബുക് കുറിപ്പിൽ പറഞ്ഞു. ചില സത്യങ്ങൾ കയ്പ് ഏറിയതാണെന്നും. എന്താണ് പ്രയാസപ്പെടുത്തിയത്?
ഉത്തരം -കുറച്ചുകാലങ്ങളായി ഉണ്ടായ പ്രയാസങ്ങളായിരുന്നു കാരണം. ആലോചിച്ചപ്പോൾ ചിലതെല്ലാം മനസ്സിൽ വിങ്ങിവന്നു. ഞാൻ ഒരിക്കലും ഒന്നും തുറന്നു പറയാത്ത ആളാണ്. ആ ചെറിയ കുറിപ്പ് തന്നെ ശ്രദ്ധിക്കപ്പെട്ടതും അതുകൊണ്ടായിരിക്കും. ഞാനും സഹോദരൻ കെ.മുരളീധരനും രണ്ടു രീതിയാണ്. എല്ലാം തുറന്നടിക്കുന്ന മുരളിയേട്ടന്റെ ശൈലി ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. ഞാൻ അങ്ങനെയല്ല. എന്നാൽ അദ്ദേഹം പറയുന്നതിനേക്കാൾ ശക്തമായി കാര്യങ്ങൾ പറയാൻ അറിയാം. പക്ഷേ നേതാക്കന്മാരെ നേരിട്ടു കണ്ടായിരിക്കും, അല്ലെങ്കിൽ പാർട്ടിക്ക് ഉള്ളിലായിരിക്കും. എന്റെ രീതിയാണോ മുരളിയേട്ടന്റെ രീതിയാണോ ശരി എന്ന ആശയക്കുഴപ്പം എക്കാലത്തും ഉണ്ടായിട്ടുണ്ട്. മുരളിയേട്ടന്റെ രീതി ഞാൻ സ്വീകരിച്ചാൽ അംഗീകരിക്കപ്പെടുക എളുപ്പമായിരിക്കില്ല. കാരണം ഞാൻ ഇങ്ങനെ ഒക്കെ മതി എന്നു തീരുമാനിച്ചിരിക്കുന്ന ചിലരുണ്ട്. ഈ ചിന്തയെല്ലാം പെട്ടെന്നു ഉള്ളിൽ വന്നപ്പോൾ ചിലതു കുറിച്ചതാണ്.
• ആ കുറിപ്പ് ശ്രദ്ധിക്കപ്പെട്ടുവെന്നു പറഞ്ഞു. ലഭിച്ച പ്രതികരണം എന്തായിരുന്നു?
വല്ലാതെ പ്രയാസപ്പെടുത്തുന്ന കമന്റുകൾ ഇട്ടത് പാർട്ടിക്കാർ തന്നെയാണ്. അതു വല്ലാതെ വേദനിപ്പിച്ചു. ഞാൻ ആരെയാണോ കൂടുതൽ സ്നേഹിക്കുന്നത്, അവർ മോശമായി നമ്മെ ചിത്രീകരിക്കുമ്പോൾ ഉണ്ടാക്കുന്ന സങ്കടം വലുതാണ്. നേതാക്കളെ കണ്ട് ഈ പാർട്ടിയെ സ്നേഹിച്ചയാളല്ല പത്മജ. കുട്ടിക്കാലം മുതൽ കാണുന്നത് കോൺഗ്രസിന്റെ അണികളെയാണ്. വിചാരിക്കാത്ത കാര്യം അവർ പറയുമ്പോൾ അതു വിഷമം ഉണ്ടാക്കും. പല കാര്യങ്ങളും പറയണോ വേണ്ടയോ എന്ന ആശയക്കുഴപ്പം എന്നിൽ ജനിപ്പിക്കുന്നതും ഇതെല്ലാം തന്നെയാണ്. പക്ഷേ ചിലതെല്ലാം പറഞ്ഞാൽ പിന്നെ ഈ പാർട്ടിയിൽ നിൽക്കാൻ കഴിയണമെന്നില്ല. എല്ലാം കളഞ്ഞു പോകണമെന്ന തോന്നൽ വന്നാൽ മാത്രം അതിനു തുനിയും.
• ചില പാർട്ടിക്കാർ വല്ലാതെ ദ്രോഹിച്ചെന്നും ആ കുറിപ്പിൽ എഴുതി. നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ ഉണ്ടായ തോൽവിയാണോ ഉദ്ദേശിച്ചത്?
ഉത്തരം -അതും മനസ്സിൽ ഉണ്ടായി. തൃശൂരിലെ ജനങ്ങളോട് ഒരു ദേഷ്യവും എനിക്കില്ല. അവരെല്ലാം എനിക്കു വോട്ടു ചെയ്തു. വെറും 940 വോട്ടിനാണ് തോറ്റത്. പക്ഷേ ചില നേതാക്കൾക്ക് ചില ലക്ഷ്യങ്ങൾ ഉള്ളതിനാൽ തോൽപിക്കാൻ അവർ കൂട്ടുനിന്നു. അത് ആരെല്ലാം ആണെന്നും എന്തൊക്കെയാണ് അവർ ചെയ്തതെന്നും എനിക്ക് വ്യക്തമായി അറിയാം. വിശ്വസിക്കുന്നവർ ചതിക്കുമ്പോൾ അത് ഉണ്ടാക്കുന്ന വേദന വലുതാണ്.
• തൃശൂരിൽ പ്രചാരണത്തിന് എത്തിയ പ്രിയങ്കയുടെ വാഹനവ്യൂഹത്തിൽ പോലും താങ്കളെ കയറ്റിയില്ലെന്ന പരാതി ഉണ്ടായല്ലോ?
ഉത്തരം -ശരിയാണ്. അതു ചെയ്തത് ആരാണ് എന്നതടക്കം രേഖപ്പെടുത്തി അന്നു തന്നെ കെപിസിസിക്ക് പരാതി നൽകിയതാണ.് നാട്ടുകാർക്കും പ്രവർത്തകർക്കും എല്ലാം അതു വ്യക്തമായി അറിയാം. ചെയ്ത ആളുടെ പേര് ഇപ്പോൾ പരസ്യമായി പറയുന്നില്ല. അങ്ങനെ കൂടി ചെയ്ത് നാണം കെടാൻ ഇല്ല. ഇവരെ എല്ലാം ജനങ്ങൾ തിരിച്ചറിയും. ചതിച്ചുകൊണ്ട് അധിക കാലം ആർക്കും മുന്നോട്ടു പോകാൻ കഴിയില്ല. അവർക്കു തിരിച്ചടി സംഭവിക്കുക തന്നെ ചെയ്യും.
• താങ്കളുടെ പരാതി പക്ഷേ വേണ്ടവിധം പരിഗണിച്ചു നടപടി എടുത്തില്ലല്ലോ? ഇത്തരം കാര്യങ്ങളിൽ കോൺഗ്രസിന്റേത് ഗൗരവത്തോടെയുളള സമീപനം അല്ലേ?
ഉത്തരം -ആരെപ്പറ്റി നമ്മൾ പരാതി പറയുന്നോ അവർ ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ ഭാഗമായിരിക്കും. അതിന്റെ സംരക്ഷണം അവർക്കു ലഭിക്കും. പിന്നെ എന്തു പറഞ്ഞിട്ടും കാര്യമില്ല. തുറന്നുപറഞ്ഞാൽ പാർട്ടിക്കുള്ളിൽ നിൽക്കാനും സാധിക്കില്ല. ഇതൊന്നും വേണ്ടെന്ന മനഃസ്ഥിതി വരുമ്പോൾ ചിലതെല്ലാം പറയുക തന്നെ ചെയ്യും.
• അങ്ങനെ ഒരു മടുപ്പ് താങ്കളുടെ ആ കുറിപ്പിൽ വായിച്ചെടുക്കാം. ഇപ്പോൾ അതു തന്നെ ആവർത്തിക്കുന്നു. രാഷ്ട്രീയം മതിയാക്കാമെന്ന തോന്നൽ ഉണ്ടായോ?
ഒരിക്കലും ഇല്ല. എന്റെ അച്ഛൻ കോൺഗ്രസ് വിട്ടുപോയപ്പോൾ പോലും അതിനു തയാറാകാത്തയാളാണ് ഞാൻ. നല്ലതും ചീത്തയും എല്ലാം എനിക്ക് പാർട്ടി തന്നിട്ടുണ്ട്. കോൺഗ്രസിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്നു. വിഷമങ്ങൾ ഉണ്ടെങ്കിൽ അത് ഉള്ളിലൊതുക്കാനും ശ്രമിക്കുന്നു. പക്ഷേ മനുഷ്യരല്ലേ.. എന്നാണ് വിങ്ങൽ ഒരു പൊട്ടിത്തെറിയായി മാറുന്നത് എന്ന് എനിക്കു തന്നെ അറിയില്ല. ഓരോ ദിക്കിലും തഴയപ്പെടുമ്പോൾ വല്ലാത്ത വേദന ഉണ്ടാക്കും.
അച്ഛൻ ഏറ്റവും സഹായിച്ച ആളുകളെ കൊണ്ടാണ് കൂടുതൽ ബുദ്ധിമുട്ട്… അവരാണ് കൂടുതൽ വേദനിപ്പിക്കുന്നത്.. അതാണു വലിയ സങ്കടം. അവരുടെ ഓരോരുത്തരുടെയും തളർച്ചയും വളർച്ചയും നേരിട്ടു കണ്ടിട്ടുള്ളയാളാണ് ഞാൻ. പലതും അറിയാം. പക്ഷേ ഒരാളെ പോലും താഴ്ത്തിക്കെട്ടാൻ എനിക്ക് കഴിയില്ല. അത് ഓരോരുത്തരിലും ഉണ്ടാക്കുന്ന വേദന എന്താണെന്ന് നല്ല ബോധ്യമുണ്ട്. എന്റെ അച്ഛൻ അത് ഒരുപാട് അനുഭവിച്ചതാണ്. എന്നു കരുതി സങ്കടങ്ങൾ ഇല്ലെന്നു പറയാൻ കഴിയില്ല. നല്ലവണ്ണം അതുണ്ട്.
• രാജ്യസഭാ തിരഞ്ഞെടുപ്പിൽ തഴയപ്പെട്ടതിന്റെ പേരിൽ അല്ല ആ കുറിപ്പെന്നു പിന്നീട് വിശദീകരിച്ചിരുന്നു. ആ സമയത്തുതന്നെ അങ്ങനെ ഒരു വികാരം പങ്കിട്ടതിനു കാരണം അതു കൂടിയാണെന്നു കരുതുന്നതിൽ തെറ്റുണ്ടോ?
ഉത്തരം -അത് തെറ്റാണ്. കാരണം രാജ്യസഭാ സീറ്റ് ഞാൻ ആഗ്രഹിച്ചതല്ല. ആരോടും ആവശ്യപ്പെട്ടിട്ടില്ല. അതിനു വേണ്ടി ഡൽഹിയിലോ തിരുവനന്തപുരത്തോ പോലും പോയിട്ടില്ല. താൽപര്യം തോന്നിയാൽ എന്റെ സ്വഭാവം വച്ച് പിന്നാലെ പോകുന്നതാണ് രീതി. ഒരു വനിതയെ രാജ്യസഭയിലേക്കു പരിഗണിക്കുമെന്നു പോലും പ്രതീക്ഷിച്ചില്ല. എത്രയോ നാളായി അങ്ങനെ ചെയ്യാറില്ല. വനിതകൾക്ക് സാധ്യത ഉണ്ടെങ്കിൽ അല്ലേ എന്റെ പേര് വരൂ. അതുകൊണ്ട് അതിനായി ഒന്നും ചെയ്തില്ല.
എന്നോട് മമത ഉള്ള ആരെങ്കിലും പേര് പറഞ്ഞോ എന്ന് അറിയില്ല. എന്തായാലും ഉണ്ടായ തീരുമാനത്തിൽ ഞാൻ സന്തോഷവതിയാണ്. ഒരു സ്ത്രീയ്ക്ക് അതു കൊടുത്തല്ലോ. പുരുഷന്മാരെ പോലെത്തന്നെ ജോലി ചെയ്താലും അവസരം വരുമ്പോൾ സ്ത്രീകൾ തഴയപ്പെടുന്നതാണ് കണ്ടു വരുന്നത്. ‘െപണ്ണുങ്ങൾക്കോ’ എന്നു പുച്ഛത്തോടെ ചോദിക്കുന്നത് കേട്ടിട്ടുണ്ട്. അതിൽനിന്ന് ഒരു മാറ്റം ഉണ്ടായത് വലിയ കാര്യം തന്നെയാണ്.
• നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റവരെ രാജ്യസഭയിലേക്കു പരിഗണിക്കരുതെന്ന മാനദണ്ഡം കൊണ്ടുവന്നതിനോട് യോജിക്കുന്നുണ്ടോ? ഷാനിമോൾ ഉസ്മാൻ, എം.ലിജു, പത്മജ വേണുഗോപാൽ.. എന്നിങ്ങനെ ഒരു പിടി പേരെ അതുവഴി ഒഴിവാക്കിയില്ലേ?
ഉത്തരം -ആ മാനദണ്ഡത്തോട് യോജിപ്പില്ല. എല്ലാവരും എപ്പോഴെങ്കിലും തോറ്റിട്ടുള്ളവരല്ലേ. ഓരോന്നു പറയുമ്പോൾ നമുക്ക് സംഭവിച്ചത് എന്താണ്, നമ്മൾ എന്താണ് എന്നു കൂടി ഓർമിക്കുന്നതാണ് ഉചിതം.
• ആ നിർദേശം പരസ്യമായി ആദ്യം പറഞ്ഞത് താങ്കളുടെ സഹോദരൻ കെ.മുരളീധരൻ തന്നെയല്ലേ?
ഉത്തരം -അതെ. ചേട്ടൻ പറഞ്ഞതുകൊണ്ടു തന്നെ അതിനെ വിമർശിക്കുന്നതിനോട് പ്രയാസമുണ്ട്. അദ്ദേഹം ചെയ്യുന്നത് തെറ്റാണ് എന്നു പറയുന്ന ശീലം എനിക്കില്ല. പക്ഷേ ആരു തന്നെ പറഞ്ഞാലും അതു ശരിയായില്ല. എത്രയോ പേരുടെ മനസ്സിന് അതു വേദന ഉണ്ടാക്കി. തോൽവി എന്നത് ഒരാളുടെ വ്യക്തിപരമായ കുഴപ്പം കൊണ്ടു മാത്രം സംഭവിക്കുന്നതല്ല. പല ഘടകങ്ങൾ ഉണ്ടാകും. ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ എഴുപതോളം കോൺഗ്രസ് സ്ഥാനാർഥികൾ തോറ്റില്ലേ. അവരെല്ലാം മോശക്കാരാണോ? മാറ്റിനിർത്തണം എന്നു പറയുമ്പോൾ അത് അവരുടെ മനസ്സിൽ ഉണ്ടാകുന്ന വികാരം കൂടി കണക്കിലെടുക്കണം. നമുക്കും തോൽവി സംഭവിച്ചിട്ടില്ലേ എന്ന് ഓർക്കണം.
• കെ.മുരളീധരന്റെ ആ പ്രസ്താവന വ്യക്തിപരമായി പ്രയാസം ഉണ്ടാക്കി എന്നാണോ?
ഉത്തരം -മുരളിയേട്ടനെതിരെ പറയാൻ എനിക്ക് പ്രയാസം ഉണ്ട്. പക്ഷേ ഞാൻ പറഞ്ഞല്ലോ. ആരാണെങ്കിലും അതു ചെയ്യാൻ പാടില്ലായിരുന്നു. കേൾക്കുന്നവരുടെ മനസ്സു കൂടി കാണണം. അപ്പോൾ തോന്നുന്നത് തുറന്നു പറയുന്നതാണ് മുരളിയേട്ടന്റെ ശീലം. വരും വരായ്കകൾ നോക്കാറില്ല. ചാടിക്കയറി പറയും. സ്വന്തം സഹപ്രവർത്തകർക്കല്ലേ അതു വേദന ഉണ്ടാക്കുന്നത്! കൂടെ നിൽക്കുന്നവരുടെ മനസ്സ് വേദനിപ്പിക്കാത്ത നിലയിൽ കൂടി രാഷ്ട്രീയം കൊണ്ടു നടക്കണം.
പൊതു പ്രവർത്തകൻ എന്നെല്ലാം പറഞ്ഞാലും അടിസ്ഥാനപരമായി എല്ലാവരും സാധാരണ മനുഷ്യന്മാരാണ്. എംഎൽഎയും എംപിയും മന്ത്രിയും ഒന്നും ആരും പെട്ടെന്ന് ആകുന്നതല്ല. അവിടെ എത്തുമ്പോൾ, വന്ന വഴികൾ, അതിലെ ബുദ്ധിമുട്ടുകൾ ഒന്നും മറക്കാൻ പാടില്ല. മുരളിയേട്ടന്റെ ആ പ്രസ്താവനയെക്കുറിച്ച് പലരും എന്നോടു പറഞ്ഞു, വേദന പങ്കുവച്ചു. അങ്ങനെ വേണ്ടിയിരുന്നോ എന്ന തോന്നൽ എന്റെ ഉള്ളിലും ഉണ്ടായി.
• താങ്കളുടെ സാധ്യത കൂടി മുരളിയുടെ ആ പ്രസ്താവന ഇല്ലാതാക്കി എന്നു കരുതിയാൽ തെറ്റുണ്ടോ?
ഉത്തരം -അങ്ങനെ ആരെങ്കിലും കരുതിയാൽ അതിശയമില്ല. കാരണം ആ സമയത്ത് അങ്ങനെ ഒരു പ്രസ്താവന വന്നാൽ ആരും അങ്ങനെ വിചാരിക്കും. രാജ്യസഭയിലേക്ക് എം.ലിജു, ശ്രീനിവാസൻ കൃഷ്ണൻ, പത്മജ വേണുഗോപാൽ എന്നിവരെ എല്ലാം പരിഗണിക്കുന്നതായി ടിവിയിൽ എഴുതി വരികയാണ്. ഞാൻ രംഗത്തുണ്ടോ, ശ്രമിച്ചോ എന്നതു വേറെ കാര്യം. പുറത്തു ജനം നോക്കുമ്പോൾ എന്റെ പേരും പരിഗണനാപട്ടികയിൽ ഉണ്ട്. സ്വാഭാവികമായും ആ സമയത്ത് തിരഞ്ഞെടുപ്പിൽ തോറ്റവർ വേണ്ടെന്നു മുരളിയേട്ടൻ പറയുമ്പോൾ ഞാനായാലും ലിജു ആയാലും നമ്മളെ ഉദ്ദേശിച്ചാണെന്നു കരുതും.
സ്വന്തം ജീവിതം പാർട്ടിക്കു വേണ്ടി മാറ്റിവച്ച ആളാണ് എന്റെ അച്ഛൻ. ആ പാർട്ടിക്ക് ദേശീയ തലത്തിൽ ഉണ്ടായ വലിയ തിരിച്ചടിയും എന്നെ വല്ലാതെ പ്രയാസപ്പെടുത്തിയിരുന്നു. ഈ സങ്കടങ്ങളുടെ എല്ലാം മേലെയാണ് ഞാൻ അത്രയും ഫെയ്സ്ബുക്കിൽ പറഞ്ഞത്. അല്ലാതെ എഴുതാപ്പുറം ആരും വായിക്കേണ്ട.
• അക്കാര്യത്തിലെ അമർഷം സഹോദരനുമായി നേരിട്ടു പങ്കുവച്ചോ? പറഞ്ഞു തീർത്തോ
ഉത്തരം -ഇതൊന്നും ഒരിക്കലും ഞാൻ അദ്ദേഹത്തോടു ചോദിക്കാറില്ല. കാരണം മുരളിയേട്ടന്റെ സ്വഭാവം കുട്ടിക്കാലം മുതൽ അറിയാവുന്നതു കൊണ്ട് ഒരു തെറ്റിദ്ധാരണയും എനിക്കില്ല. ഒരു നേതാവ് എന്റെ കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അവളുടെ കാര്യം താൻ ഉദ്ദേശിച്ചിട്ടേയില്ലെന്നു പറഞ്ഞതായി അറിഞ്ഞു. രാജ്യസഭയിലേക്ക് പത്മജയുടെ പേര് ഉണ്ടായില്ലല്ലോ, ശ്രമിച്ചിട്ടുമില്ലല്ലോ എന്നും അദ്ദേഹത്തോടു പറഞ്ഞത്രെ. പിന്നെ എന്തിനാണ് അങ്ങനെ വ്യാഖ്യാനിക്കുന്നതെന്നും ആ നേതാവിനോട് മുരളിയേട്ടൻ ചോദിച്ചു. ഏതാണ് സത്യം എന്ന് എനിക്ക് അറിയില്ല. മുരളിയേട്ടനെ വേദനിപ്പിക്കുന്ന വാക്കോ പ്രവൃത്തിയോ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ.
• താങ്കളും സഹോദരനും തമ്മിൽ ഇണങ്ങിയും പിണങ്ങിയും ഉള്ള ബന്ധമാണെന്നു കേട്ടിട്ടുണ്ടോ? ഏതാണ് കൂടുതൽ?
ഉത്തരം -എന്നോട് എന്താണ് അദ്ദേഹത്തിന് എന്നറിയില്ല. കൂടുതൽ പിണക്കമായിരിക്കും. എനിക്ക് തിരിച്ച് ഇണക്കം തന്നെയാണ്. ആര് എന്തെല്ലാം പറഞ്ഞാലും എന്റെ ചേട്ടനാണ്. എല്ലാ സത്യങ്ങളും അറിയാമെങ്കിലും എനിക്ക് എപ്പോഴും ഇഷ്ടമാണ്. അച്ഛനും അമ്മയും പോയി. ആകെയുള്ളത് ഒരേയോരു കൂടപ്പിറപ്പാണ്. അതുകൊണ്ട് ഒന്നും എന്റെ ഹൃദയത്തിൽ തൊടുന്ന പ്രശ്നം ഇല്ല. വേദന ഉണ്ടാകും. നമ്മളാരും ദൈവം അല്ലല്ലോ. പക്ഷേ സങ്കടങ്ങൾ ഒരു ദിവസം പോലും നീട്ടിക്കൊണ്ടുപോകാൻ ഞാൻ അനുവദിക്കാറില്ല. കാരണം അതു മനസ്സിന്റെ ഉള്ളിൽ വിങ്ങി വിങ്ങി ദേഷ്യമായി മാറരുതന്ന് നിർബന്ധമുണ്ട്. എന്തെങ്കിലും പറഞ്ഞാൽ, പറഞ്ഞോട്ടെ എന്നു വയ്ക്കും. ഞാനായിട്ട് ആളുടെ സ്വഭാവം മാറ്റാനൊന്നും കഴിയില്ല.
• സഹോദരന്റെ സ്വാഭാവത്തിലെ ഏറ്റവും ഇഷ്ടമുള്ളതും ഇഷ്ടപ്പെടാത്തതുമായ ഗുണങ്ങൾ എന്താണ്?
ഉത്തരം -മുരളിയേട്ടൻ കഠിനാധ്വാനിയാണ്. സംസാരിക്കാൻ നല്ല കഴിവുണ്ട്. ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും എന്തു കാര്യവും പൊതുവിൽ തമാശയിൽ എടുക്കുന്നവരാണ്. ആൾക്കാരെ നന്നായി കളിയാക്കും, വാരും. വീട്ടിൽ ഒരാൾ വന്നാൽ പണ്ടെല്ലാം മുരളിയേട്ടൻ മാറിനിന്നു പഠിക്കും. നിരീക്ഷിക്കും. പോയിക്കഴിയുമ്പോൾ അയാളെ അനുകരിക്കും. ആ ഒരു കഴിവാണ് വളർന്നു വന്ന് എതിരാളികളെ കൃത്യമായി പ്രഹരിക്കുന്ന രീതിയായി മാറിയത്. അത് അദ്ദേഹം ഉണ്ടാക്കിയെടുത്തതല്ല. സ്വതസിദ്ധമായ രീതിയാണ്.
മറ്റൊരാളെക്കുറിച്ച് നമുക്ക് ചിലതെല്ലാം പറയാൻ ഉണ്ടാകും. പക്ഷേ ഉള്ളിലുള്ളത് പുറത്തേയ്ക്കു വരില്ല. മുരളിയേട്ടൻ അങ്ങനെയല്ല. ഒന്നാന്തരമായി അതു പറയും. ചിലപ്പോൾ അതു നല്ലതാണ്. മറ്റു ചിലപ്പോൾ അത് അദ്ദേഹത്തിനു തന്നെ ബുദ്ധിമുട്ടും ഉണ്ടാക്കും. ആരെക്കുറിച്ചും എപ്പോൾ വേണമെങ്കിലും അദ്ദേഹം പറയും. അപ്പോൾ നമുക്കു തോന്നും, ‘അയ്യോ അങ്ങേരുമായി വഴക്കായോ’ എന്ന്. പക്ഷേ അത്രയൊന്നും മുരളിയേട്ടൻ ഉദ്ദേശിച്ചിട്ടുണ്ടാകില്ല. പക്ഷേ തലേന്നു രാത്രി വരെ സ്നേഹമായി സംസാരിച്ച ആൾക്ക് എന്തു പറ്റി എന്നു മറ്റേ ആൾക്കു തോന്നും. മുരളിയേട്ടൻ പറഞ്ഞു കഴിഞ്ഞാൽ മറക്കും. മറ്റേയാളെ കണ്ടാൽ ‘എന്തെല്ലാം’ എന്നു പറഞ്ഞ് സ്നേഹത്തോടെ സംസാരിക്കുകയും ചെയ്യും.
• വളരെ ഉയരങ്ങളിലേക്കു പോകുന്നുവെന്ന തോന്നൽ ഉണ്ടായപ്പോഴാണ് കെ.മുരളീധരന്റെ കരിയറിന് ചില പ്രതിസന്ധികൾ ഉണ്ടായത്, വഴി തിരിഞ്ഞു പോയത്. ക്ഷമയോടെ കാത്തിരിക്കാൻ തയാറാകാത്തതാണോ സഹോദരന്റെ പ്രശ്നം?
ഉത്തരം -അത്യാഗ്രഹം ഒന്നും അദ്ദേഹത്തിനില്ല. പക്ഷേ തീരുമാനം എടുക്കുന്നതിൽ പലപ്പോഴും തെറ്റു പറ്റാറുണ്ട്. അതു പലപ്പോഴും തോന്നിയിട്ടുണ്ട്. തീരുമാനം എടുക്കാനുള്ള കഴിവും എടുത്ത തീരുമാനത്തിൽ ഉറച്ചു നിൽക്കുന്ന മനസ്സുമാണ് അച്ഛന്റെ ഏറ്റവും വലിയ ഗുണം. തെറ്റാണ് എന്ന് അറിഞ്ഞുകൊണ്ടും ചില തീരുമാനങ്ങൾ അദ്ദേഹം എടുക്കാറുണ്ടായിരുന്നു. തൽക്കാലം അതിനേ നിവൃത്തി ഉള്ളൂ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാകും അപ്പോൾ ആ തീരുമാനം.
എന്നാൽ പെട്ടെന്ന് ഉണ്ടാകുന്ന വിഷമമോ പെട്ടെന്ന് ഉണ്ടാകുന്ന സന്തോഷമോ ഒക്കെയാണ് മുരളിയേട്ടന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നത്. അങ്ങനെ ഒരു മാനസികാവസ്ഥയിൽ എടുക്കുന്ന തീരുമാനങ്ങൾ ശരിയാവാൻ ഇടയുമില്ല. അതിന്റെ പ്രയാസങ്ങൾ അദ്ദേഹം പാർട്ടിയിൽ നന്നായി അനുഭവിച്ചിട്ടുമുണ്ട്. എല്ലാം പറഞ്ഞുതീർക്കുന്ന രീതി ആയതുകൊണ്ട് വിഷമം അദ്ദേഹം കൊണ്ടു നടക്കാറില്ല. എല്ലാം ഉള്ളിലൊതുക്കുന്ന ശൈലിയാണ് എനിക്ക് എന്നതുകൊണ്ട് ആരോഗ്യത്തെ വരെ ബാധിക്കാറുമുണ്ട്.
• സഹോദരിയോട് സ്നേഹവും വാത്സല്യവും ഉണ്ട്. പക്ഷേ രാഷ്ട്രീയത്തിൽ ഉയരങ്ങളിലേക്ക് താങ്കൾ പോകേണ്ടതില്ലെന്ന ചിന്താഗതി കെ.മുരളീധരനുണ്ടോ?
ഉത്തരം -അത് അദ്ദേഹത്തോടു ചോദിക്കണം. എന്റെ സഹോദരൻ എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ അത് എന്നെ ബന്ധപ്പെടുത്തിയാണെന്നു പറഞ്ഞ് ചിലർ ചിലതിനു മറയാക്കും. ‘ചേട്ടൻ തന്നെ ഇങ്ങനെ പറഞ്ഞല്ലോ ഇനി എന്തു ചെയ്യും’ എന്നു ചോദിക്കും. അതു പോലെ ചേട്ടനു കിട്ടി, അനിയത്തിക്കു കൊടുക്കാൻ പാടില്ല എന്നെല്ലാമുള്ള തീർപ്പിൽ ചിലരെത്തും. ആ ചിന്ത ബാധകമാകുന്നത് ഞങ്ങൾക്കു മാത്രമാണ്. വേറെ ആരുടെയും മക്കൾക്ക് ബാധകമല്ല. ഞാൻ കഴിവില്ലാത്ത ആളാണെന്ന് തോന്നിയിട്ടില്ല ആരും അങ്ങനെ പറയില്ല. വ്യക്തിത്വത്തെ മാനിക്കാത്ത ചില വിധിയെഴുത്തുകൾ അംഗീകരിക്കാൻ സാധിക്കില്ല.
• പക്ഷേ‘ലീഡറുടെ മക്കൾ’ എന്നതല്ലേ രണ്ടു പേർക്കും ഈ അവസരങ്ങളിലേക്ക് വഴി തുറന്നതും?
ഉത്തരം -തീർച്ചയായും അതെ. പക്ഷേ അതു തുടക്കത്തിൽ മാത്രമേ ഗുണം ചെയ്യൂ. ആ പാരമ്പര്യത്തിന് ഗുണവും ദോഷവും ഉണ്ട്. എല്ലാവരും കെ.കരുണാകരനെ വച്ച് ഞങ്ങളെ അളക്കും. അതു വലിയ അളവുകോലാണ്. രാഷ്ട്രീയത്തിലെ എൻട്രിക്ക് പ്രയോജനകരമായി എന്നതിൽ ഒരു സംശയവും വേണ്ട. പക്ഷേ പിന്നീട് സ്വയം മികവു തെളിയിക്കണം. അങ്ങനെ നോക്കുമ്പോൾ പിന്നീടുള്ള ഓരോ ഘട്ടത്തിലും ദോഷമാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
• ‘ലീഡറുടെ’ രണ്ടു മക്കളിൽ മുരളി കെപിസിസി പ്രസിഡന്റും ലോക്സഭാംഗവും കുറച്ചു നാൾ മന്ത്രിയും ആയി. താങ്കൾക്ക് ഒരു തവണ പോലും ജനപ്രതിനിധിയാകാൻ കഴിഞ്ഞില്ലല്ലോ?
ഉത്തരം -അതു വല്ലാത്ത പ്രയാസം ഉണ്ടാക്കിയിട്ടുണ്ട്. എനിക്ക് മത്സരിക്കാൻ അവസരം കിട്ടിയതെല്ലാം എൽഡിഎഫ് തരംഗത്തിന്റെ സമയത്താണ്. പിന്നെ തിരഞ്ഞെടുപ്പ് സമയത്ത് അറിയാത്ത പലരുമാണ് എന്നെ വിലയിരുത്തുന്നത്. കണ്ടാൽ അഹങ്കാരിയാണെന്നു തോന്നും എന്നെല്ലാം പറയുകയാണ്. അടുപ്പമുള്ളവർക്ക് ഞാൻ എന്താണെന്ന് നന്നായി അറിയാം. അല്ലാത്ത പലരും ‘ഓ, കരുണാകരന്റെ മോൾ അല്ലേ..’ എന്നെല്ലാം മറ്റൊരു തരത്തിൽ പറഞ്ഞു സ്ഥാപിക്കുകയാണ്. ശരിക്കും പറഞ്ഞാൽ ഞാൻ വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ്. വ്യക്തിബന്ധങ്ങൾ കാത്തgസൂക്ഷിക്കുന്നയാളും വളരെ താഴ്മയോടെ എല്ലാവരുമായും ഇടപെടുന്ന ആളുമാണ് ഞാൻ. ആളുകളെ സഹായിക്കുന്ന വ്യക്തിയുമാണ്
• കാഴ്ചയിലെ പ്രത്യേതകൾ തിരഞ്ഞെടുപ്പ് രംഗത്ത് ദോഷം ചെയ്യുന്നുവെന്നാണോ പറയുന്നത്?
ഉത്തരം -അതു നല്ല വണ്ണം ബുദ്ധിമുട്ടിച്ചു. പ്രായമായില്ലേ, ഇനി കുഴപ്പമൊന്നും ഉണ്ടാകില്ലെന്ന് ഇത്തവണ വിചാരിച്ചു. പക്ഷേ ഇക്കണക്കിന് എഴുപത്തിയഞ്ച് വയസ്സായാലും എന്നെക്കുറിച്ചുള്ള ധാരണയിൽ മാറ്റം ഉണ്ടാകാൻ ഇടയില്ല. നല്ല വെളുത്ത നിറം, സുഖസമൃദ്ധിയിൽ വളർന്ന വ്യക്തി… അതിനെല്ലാമാണ് പലരും പ്രാധാന്യം കൊടുക്കുന്നത്. എത്ര വില കുറഞ്ഞ സാരി ഉടുത്താലും പ്രയോജനമില്ല. ഒരിക്കൽ ഒരു പെൺകുട്ടി മുഖത്തേയ്ക്ക് കുറേ നേരം നോക്കി നിന്നു. പിന്നെ തൊട്ടെല്ലാം നോക്കി. എന്നിട്ടു പറയുകയാണ്, അപ്പോൾ ഇതു മെയ്ക്കപ് ഒന്നുമല്ല അല്ലേ’ എന്ന്‘! ചിരിച്ചുപോയി. ഭഗവാനെ, ഇങ്ങനെ ആയിരിക്കും,പലരും വിചാരിച്ചു വച്ചിരിക്കുന്നതെന്ന് അപ്പോൾ തോന്നി. എല്ലാവരുമായും ഒത്തുപോകുന്ന രീതിയാണ് എന്റേത്. പക്ഷേ എവിടെയെക്കെയോ മാറ്റിനിർത്തപ്പെടുന്നുവെന്ന തോന്നൽ ഉണ്ടായിട്ടുണ്ട്.
• രണ്ടു തവണ നിയമസഭയിലേക്കും ഒരിക്കൽ ലോക്സഭയിലേക്കും പരാജയപ്പെട്ടു. ഇനി തിരഞ്ഞെടുപ്പ് എന്ന പ്രതീക്ഷയുണ്ടോ?
ഉത്തരം -മത്സരിക്കാൻ അവസരം വന്നാലും ഈ നേതാക്കന്മാരുടെ ഇടയിലേക്കു തന്നെയല്ലേ പോകേണ്ടത്! തൃശൂരിൽ സുരേഷ് ഗോപിയെ പോലെ ഒരാൾ ബിജെപി സ്ഥാനാർഥിയായി വന്നിട്ടും ചെറിയ വോട്ടിനല്ലേ ഞാൻ തോറ്റത്. അതു നിസ്സാര കാര്യമല്ല. ജനങ്ങൾ എന്നെ മനസ്സിലാക്കിത്തുടങ്ങി എന്നാണ് അതിന് അർഥം. പക്ഷേ നേതാക്കന്മാരുടെ രീതി മാറാതെ രക്ഷയില്ല. തമ്മിലുള്ള വഴക്കും കടിപിടിയും ഏറ്റവും കൂടുതൽ ഉള്ള ജില്ലകളിൽ ഒന്നാണ് തൃശൂർ. നമുക്ക് രാഷ്ട്രീയ പ്രവർത്തനം വേണ്ട എന്നു തോന്നിപ്പിക്കുന്ന തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു സ്ഥാനാർഥിയുടെ ടെൻഷൻ കാലുവാരുന്നവർക്ക് അറിയുമോ? നമ്മളെ തോൽപിക്കുന്നത് നമ്മൾ തന്നെയാണ്. തൃശൂരിൽ ശക്തമായ നേതൃത്വം വന്നേ തീരൂ.
• ഇzത്തവണ കെപിസിസി ഭാരവാഹിത്വം വന്നപ്പോഴും മാനദണ്ഡങ്ങൾ താങ്കൾക്ക് വിനയായി. പാർലമെന്ററി രംഗത്തും സംഘടനാ രംഗത്തും തിരിച്ചടികളാണോ?
ഉത്തരം -ഞാൻ കെപിസിസി വൈസ് പ്രസിഡന്റ് ആയിട്ട് രണ്ടു കൊല്ലമേ ആയിരുന്നുള്ളൂ. എന്നാൽ ജനറൽ സെക്രട്ടറിയായി അഞ്ചുകൊല്ലം പ്രവർത്തിച്ചതിനാൽ വീണ്ടും ഭാരവാഹിത്വം പറ്റില്ല എന്നു മാനദണ്ഡം വന്നു. പുതിയ ആളുകൾ വരട്ടെ എന്ന് ഞാനും വിചാരിച്ചു. എനിക്ക് പ്രവർത്തിക്കാൻ തൃശൂർ ഉണ്ട്. അണ്ണാറക്കണ്ണനും തന്നാലായത് എന്നതു പോലെ പാർട്ടിക്കായി അവിടെ പ്രവർത്തിക്കും. ചെയ്യുന്ന കാര്യങ്ങൾ പറഞ്ഞു നടക്കുന്ന രീതി എനിക്കില്ല. മറ്റുള്ളവർക്കു വേണ്ടി ചെയ്തതും ചെയ്യുന്നതും ആയ കാര്യങ്ങൾ ഇനിയെങ്കിലും പുറംലോകം അറിഞ്ഞില്ലെങ്കിൽ എക്കാലത്തും തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയായി മരിക്കേണ്ടി വരുമെന്ന് ഇപ്പോൾ തോന്നാറുണ്ട്.
• രമേശ് ചെന്നിത്തലയ്ക്കൊപ്പം പഴയ ഐ വിഭാഗത്തിന്റെ ഭാഗമായി കെ.മുരളീധരൻ മാറി. താങ്കളും അക്കൂട്ടത്തിലാണോ?
ഉത്തരം -ഞാൻ ഒരു കൂട്ടത്തിലും ഇല്ല. ഐ ഗ്രൂപ്പ് പല തട്ടുകളായി നിൽക്കുകയാണ്. ഈ പറയുന്ന വ്യക്തികളെല്ലാം എനിക്കു പ്രിയപ്പെട്ടവരാണ്, ആത്മബന്ധമുണ്ട്. തിരിച്ച് എന്നോട് അത് ഉണ്ടോ എന്ന് അറിയില്ല. എ വിഭാഗത്തിൽ ഉമ്മൻചാണ്ടി സാറിന് ആരോഗ്യക്കുറവുണ്ട്. പലരും പല മേച്ചിൽപ്പുറങ്ങൾ തേടി പോകുന്നതായി പറഞ്ഞു കേൾക്കുന്നു. വ്യക്തിബന്ധങ്ങൾക്കു വില കൊടുക്കുന്നതാണ് എന്റെ രീതി. എല്ലാ വിഭാഗങ്ങളിലും എനിക്ക് സ്നേഹിതരുണ്ട്. എല്ലാവരും കോൺഗ്രസുകാരാണെന്ന് വിചാരിക്കാനാണ് ഇഷ്ടം. .
• ഗ്രൂപ്പുകളുടെ കാലം കോൺഗ്രസിൽ കഴിഞ്ഞെന്നാണോ?
അങ്ങനെയില്ല. വേറെ പല ഗ്രൂപ്പുകളും രൂപം കൊള്ളുകയാണ്. അതു വച്ചു നോക്കുമ്പോൾ എ–ഐ ഗ്രൂപ്പ് ചേരിതിരിവായിരുന്നു ഭേദം. പാർട്ടിക്കും നല്ലത്. ഇന്ന് കൊച്ചു കൊച്ചു ഗ്രൂപ്പുകളാണ്. ഓരോരുത്തർക്കും ഓരോ താൽപര്യങ്ങളുണ്ട്. ആ രീതി പാർട്ടിയെ ക്ഷീണിപ്പിക്കുകയേ ഉള്ളൂ.
• പുതിയ നേതൃത്വം രംഗത്തു വന്നപ്പോൾ അവരെ ഉൾക്കൊള്ളാനുള്ള വിശാല മനസ്കത കാട്ടുന്നതിൽ ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും വീഴ്ച ഉണ്ടായോ?
കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ എനിക്ക് ഇഷ്ടമാണ്. ഒരു കാര്യം പറഞ്ഞാൽ ഉറച്ചുനിൽക്കാനും അതിനായി പോരാടാനും അദ്ദേഹം ശ്രമിക്കും. നിയമസഭയിൽ എത്ര പ്രാഗത്ഭ്യത്തോടെയാണ് വി.ഡി. സതീശൻ പ്രതിപക്ഷത്തെ നയിക്കുന്നത്! നല്ല കോംബിനേഷനാണ് ഇപ്പോഴത്തേത്. അതേ സമയം ഒരു പദവിയിൽനിന്നു മാറ്റപ്പെടുമ്പോൾ മനുഷ്യസഹജമായ പ്രയാസങ്ങൾ ആർക്കും വരും. അതിനപ്പുറം ഒന്നുമുള്ളതായി തോന്നുന്നില്ല. പക്ഷേ ദേശീയ തലത്തിലെ തിരിച്ചടികൾ കേരളത്തിലും പാർട്ടിയെ വല്ലാതെ ബാധിക്കുന്നുണ്ട്.