congress
കോണ്‍ഗ്രസ് പുനഃസംഘടന വൈകുന്നതില്‍ അതൃപ്തിയുമായി കെ മുരളീധരന്‍
എല്ലാ കാര്യങ്ങളും രണ്ട് പേര്‍ തീരുമാനിക്കുന്ന സ്ഥിതിയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം | സംസ്ഥാന കോണ്‍ഗ്രസില്‍ പുനഃസംഘടന വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി കെ മുരളീധരന്‍ എം പി. കെ കരുണാകരന്‍ സ്റ്റഡി സെൻ്റർ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എല്ലാ കാര്യങ്ങളും രണ്ട് പേര്‍ തീരുമാനിക്കുന്ന സ്ഥിതിയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
സി പി എമ്മും ബി ജെ പിയും ഗൃഹസന്ദര്‍ശനമടക്കമുള്ള പരിപാടികളുമായി അടിത്തട്ടില്‍ സജീവമാണ്. എന്നാല്‍, കോണ്‍ഗ്രസിന് പുനഃസംഘടന തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. അടിത്തട്ട് ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, മുരളീധരന്‍ പറഞ്ഞത് എല്ലാ കോണ്‍ഗ്രസുകാര്‍ക്കും ബാധകമായ കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കെ കരുണാകരന്‍ അനുസ്മരണ ചടങ്ങിലുടനീളം ശശി തരൂര്‍ എം പിയും പങ്കെടുത്തിരുന്നു. കരുണാകരൻ്റെ പ്രവർത്തന ശൈലിയാണ് വേണ്ടതെന്ന് തരൂർ പറഞ്ഞു.