k fon
കെ- ഫോണിന് മാനേജ്മെൻ്റ് ചുമതല മാത്രം; മറ്റ് പ്രവർത്തനങ്ങൾ പുറംകരാർ കൊടുക്കും
പ്രൊപ്രൈറ്റര്‍ മോഡല്‍ കെ ഫോണ്‍ പദ്ധതിക്ക് സ്വീകരിക്കും.
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്റനെറ്റ് കണക്ഷന്‍ ലഭ്യമാക്കുന്നതിന് ഒപ്റ്റിക്കല്‍ നെറ്റ് വര്‍ക്ക് ടെര്‍മിനല്‍ (ഒ എന്‍ ടി) വരെയുള്ള പ്രവര്‍ത്തനവും പരിപാലനവും (ഓപ്പറേഷന്‍ & മെയ്ന്റനന്‍സ്), സിസ്റ്റം ഇന്റഗ്രേറ്ററായ ബി ഇ എല്‍ (ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്) മുഖേന കെ-ഫോണ്‍ ഉറപ്പുവരുത്തണം. സര്‍ക്കാര്‍ ഓഫീസുകളില്‍ ലാന്‍ (LAN), വൈഫൈ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഏജന്‍സികളെ എംപാനല്‍ ചെയ്തിട്ടുണ്ടെന്ന് കെ എസ് ഐ ടി ഐ എല്‍ ഉറപ്പുവരുത്തണം. ഇന്റര്‍നെറ്റും ഇന്‍ട്രാനെറ്റും ലഭ്യമാക്കുന്നതിന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളോടും വെവ്വേറെ ബില്ലുകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടുന്നതിനു പകരം, സര്‍ക്കാര്‍ കെ-ഫോണ്‍ ലിമിറ്റഡിന് മൊത്തമായോ ത്രൈമാസ തവണകളായോ പേയ്‌മെന്റായി തുക നല്‍കും.
30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഒപ്റ്റിക്കല്‍ നെറ്റ് വര്‍ക്ക് ടെര്‍മിനല്‍ (ഒ എന്‍ ടി) വരെയുള്ള പ്രവര്‍ത്തനവും പരിപാലനവും (ഓപ്പറേഷന്‍ & മെയ്ന്റനന്‍സ്) മാത്രമാണ് സിസ്റ്റം ഇന്റഗ്രേറ്ററായ ബി ഇ എല്‍ (ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്) കൈകാര്യം ചെയ്യുന്നത്. അതില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കുന്നതിന് ഒരു മാനേജ്ഡ് സര്‍വീസ് പ്രൊവൈഡറിന്റെ (എം എസ് പി) വൈദഗ്ധ്യം ആവശ്യമാണ്. ആതിനാല്‍, കെ-ഫോണ്‍ ലിമിറ്റഡിന്റെ സാങ്കേതികവും വാണിജ്യപരവുമായ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനായി, ടെന്‍ഡര്‍ പ്രക്രിയയിലൂടെ, ഒരു മാനേജ്ഡ് സര്‍വീസ് പ്രൊവൈഡറെ (എം എസ് പി) തിരഞ്ഞെടുക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതിയുടെ ടെന്‍ഡര്‍ കാലാവധി അഞ്ച് വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കുന്നതിനുള്ള സാധ്യത ടെന്‍ഡര്‍ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കും. സാങ്കേതിക നവീകരണം, സുരക്ഷ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ സാങ്കേതിക വിഷയങ്ങളിലും കെ-ഫോണ്‍ ബോര്‍ഡിന് ഉപദേശം നല്‍കുന്നതിനായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സില്‍ നിന്നുള്ള അംഗത്തെ കൂടി ഉള്‍പ്പെടുത്തി നിലവിലുള്ള ടെക്‌നിക്കല്‍ കമ്മിറ്റിയെ ശാക്തീകരിക്കും. കെ – ഫോണ്‍ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ നേടുന്ന രീതിയിലായിരിക്കണം പ്രവര്‍ത്തനം നിര്‍വഹിക്കേണ്ടതെന്നും തീരുമാനിച്ചു.
ഗവ. പ്ലീഡര്‍
തൃശ്ശൂര്‍ ജില്ലാ ഗവ. പ്ലീഡര്‍ & പബ്ലിക് പ്രോസിക്യൂട്ടറായി കെ. ബി. സുനില്‍ കുമാറിനെ നിയമിക്കാന്‍ തീരുമാനിച്ചു.
മുന്‍കാല പ്രാബല്യം
ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡിലെ ഓഫീസര്‍ കാറ്റഗറിയില്‍പ്പെട്ട ജീവനക്കാര്‍ക്ക് അനുവദിച്ച ശമ്പള പരിഷ്‌കരണ പ്രകാരമുളള അലവന്‍സുകള്‍ക്ക് 01.04.2017 മുതല്‍ പ്രാബല്യം നല്‍കാന്‍ തീരുമാനിച്ചു.
സിഡിറ്റിലെ അഞ്ച് ശാസ്ത്ര വിഭാഗങ്ങളില്‍പ്പെടുന്ന സി എസ് ഐ ആര്‍ സ്‌കെയിലില്‍ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്ക് എഴാം ശമ്പള പരിഷ്‌ക്കരണത്തിന്റെ ഭാഗമായുള്ള കൗണ്‍സില്‍ ഓഫ് സൈന്റിഫിക്ക് ആന്റ് ഇന്റസ്ട്രിയല്‍ റിസര്‍ച്ച് ( സി.എസ്.ഐ.ആര്‍) സ്‌കെയിലുകള്‍ നിബന്ധനകളോടെ അനുവദിക്കാന്‍ തീരുമാനിച്ചു. പുതുക്കിയ ശമ്പള സ്‌കെയിലുകള്‍ക്ക് 2016 ജനുവരി ഒന്ന് മുതല്‍ പ്രാബല്യം ഉണ്ടാകും.
കാലാവധി ദീര്‍ഘിപ്പിച്ചു
കേരള സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്റെ കാലാവധി 14.03.2023 മുതല്‍ 13.03.2024 വരെ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു.
തസ്തിക
കേരള സ്റ്റേറ്റ് ആലൈഡ് ആന്റ് ഹെല്‍ത്ത് കെയര്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ 2023 അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിപ്പിക്കാന്‍ തീരുമാനിച്ചു. കൗണ്‍സില്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 9 തസ്തികകള്‍ സൃഷ്ടിക്കും.
കൊല്ലം തലവൂര്‍ ദേവി വിലാസം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കൊമേഴ്‌സ് ബാച്ചിന് എച്ച്.എസ്.എസ്.റ്റി ജൂനിയറിന്റെ ഒരു തസ്തികയും, എച്ച്.എസ്.എസ്.റ്റി-യുടെ 3 തസ്തികകളും സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
നിയമനം
കേരള സ്‌പെയ്‌സ് പാര്‍ക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ജി.ലെവിനെ നിയമിക്കാന്‍ തീരുമാനിച്ചു. 3 വര്‍ഷത്തേക്കാണ് നിയമനം.
ധനസഹായം സ്വീകരിക്കുന്നതിന് അംഗീകാരം
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന് കീഴില്‍ റെസിലിയന്റ് കേരള പ്രോഗ്രാം ഫലപ്രാപ്തിയധിഷ്ഠിത (Resilient Kerala Programme for Results) വായ്പാ പദ്ധതിയുടെ ഭാഗമായി ലോകബാങ്കില്‍ നിന്നും 150 ദശലക്ഷം ഡോളര്‍ അധിക ധനസഹായം സ്വീകരിക്കുന്നതിന് അംഗീകാരം നല്‍കി.
വായ്പ സ്വീകരിക്കുന്നത് സംബന്ധിച്ച് പരസ്പരാലോചനകള്‍ നടത്തുക, സംസ്ഥാന സര്‍ക്കാരിനു വേണ്ടി പ്രോഗ്രാം കരാറില്‍ ഒപ്പു വയ്ക്കുക എന്നിവ ഉള്‍പ്പെടെയുള്ള അനന്തര നടപടികള്‍ സ്വീകരിക്കുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി & സി.ഇ.ഒ, ആര്‍.കെ.ഐയെ ചുമതലപ്പെടുത്തും.
കരട് അംഗീകരിച്ചു
1971 ലെ കേരള സ്വകാര്യ വനങ്ങള്‍ ( നിക്ഷിപ്തമാക്കലും പതിച്ചു കൊടുക്കലും) നിയമം ഭേദഗതി ചെയ്യുന്നതിന് തയ്യാറാക്കിയ 2023 ലെ കേരള സ്വകാര്യ വനങ്ങള്‍ ( നിക്ഷിപ്തമാക്കലും പതിച്ചു കൊടുക്കലും) ഭേദഗതി ബില്ലിന്റെ കരട് അംഗീകരിച്ചു. ഈ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.