Connect with us

Kerala

കെ റെയില്‍ കല്ലിടല്‍ പൂര്‍ണമായി നിര്‍ത്തിയിട്ടില്ല; ഉടമകള്‍ക്ക് സമ്മതമെങ്കില്‍ കല്ലിടും: മന്ത്രി കെ രാജന്‍

സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ പദ്ധതിക്കായി നിര്‍ബന്ധിതമായി അതിരടയാള കല്ലിടുന്നതാണ് സര്‍ക്കാര്‍ അവസാനിപ്പിച്ചത്

Published

|

Last Updated

തിരുവനന്തപുരം | സില്‍വര്‍ ലൈന്‍ അതിരടയാള കല്ലിടല്‍ പൂര്‍ണ്ണമായി നിര്‍ത്തിയിട്ടില്ലെന്ന് റവന്യുമന്ത്രി കെ രാജന്‍. സ്ഥലം ഉടമള്‍ക്ക് സമ്മതമെങ്കില്‍ അതിരടയാള കല്ലിടുമെന്നും അല്ലാത്ത പക്ഷം ജിയോ ടാഗ് സംവിധാനം ഉപയോഗിച്ചു അടയാളമിടാമെന്നും മന്ത്രി വ്യക്തമാക്കി. ഉത്തരവ് സാങ്കേതികം മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ പദ്ധതിക്കായി നിര്‍ബന്ധിതമായി അതിരടയാള കല്ലിടുന്നതാണ് സര്‍ക്കാര്‍ അവസാനിപ്പിച്ചത്. സാമൂഹിക ആഘാത പഠനത്തിനായി ഇനി മുതല്‍ ജിപിഎസ് സംവിധാനവും ഉപയോഗിക്കും. ഇതുവ്യക്തമാക്കി റവന്യുവകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.

സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും വ്യക്തമാക്കി.

സാമൂഹ്യ ആഘാത പഠനത്തിന്റെ ഭാഗമായാണ് അതിരടയാള കല്ലുകള്‍ സ്ഥാപിക്കാന്‍ കെ റെയില്‍ തീരുമാനിച്ചത്. എന്നാല്‍ കല്ലിടല്‍ സംബന്ധിച്ച് പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ബലപ്രയോഗത്തിലൂടെ കല്ലിടുന്ന രീതിയില്‍ നിന്ന് പിന്മാറുന്നത്. ഇനി മുതല്‍ ഭൂവുടമകളുടെ അനുവാദമുണ്ടെങ്കില്‍ മാത്രമെ കല്ലിടുകയുള്ളു. ഭൂവുടമയ്ക്ക് എതിര്‍പ്പ് ഉണ്ടെങ്കില്‍ അതിരടയാള കല്ല് സ്ഥാപിക്കില്ല. പകരം ജിയോടാഗ് സംവിധാനം നടപ്പാക്കുമെന്നാണ് റവന്യു വകുപ്പ് വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ ജിപിഎസ് സംവിധാനത്തിലൂടെ സാമൂഹിക ആഘാത പഠനം നടത്തും.