Kerala
കെ റെയില്‍ തുടര്‍ നടപടികള്‍ക്ക് സന്നദ്ധം; നിലപാട് വ്യക്തമാക്കി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്
പദ്ധതിയുടെ സാങ്കേതിക, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ റെയില്‍വേ സന്നദ്ധം
തൃശ്ശൂര്‍ | കേരള സര്‍ക്കാര്‍ അഭിമാന പദ്ധതിയായി ഉയര്‍ത്തിക്കാട്ടിയ കെ റെയില്‍ തുടര്‍ നടപടികള്‍ക്ക് സന്നദ്ധമെന്ന നിലപാടുമായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.
സമര്‍പ്പിക്കപ്പെട്ട പദ്ധതിയുടെ സാങ്കേതിക, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ റെയില്‍വേ സന്നദ്ധമെന്നാണ് അശ്വിനി വൈഷ്ണവ് അറിയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഫെഡറലിസത്തില്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. അങ്കമാലി-എരുമേലി ശബരി പാതയ്ക്ക് കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം തൃശ്ശൂരില്‍ പറഞ്ഞു.
വന്‍ തോതില്‍ പ്രതിഷേധം ഉയര്‍ന്നതോടെ സംസ്ഥാന സര്‍ക്കാര്‍ കെ റെയില്‍ നടപടികളുടെ വേഗം കുറച്ചിരുന്നു. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നു സംസ്ഥാന ബി ജെ പി നിലപാട് സ്വീകരിച്ചതും പ്രതിപക്ഷം പ്രക്ഷോഭം ഏറ്റെടുത്തതും കേന്ദ്രം മുഖം തിരിച്ചതുമെല്ലാം പദ്ധതിയെ പ്രതിസന്ധിയിലാക്കി. വന്ദേഭാരത് ട്രെയിനുകള്‍ വന്നാല്‍ കേരളത്തിന്റെ യാത്രാ പ്രശ്‌നത്തിനു പരിഹാരമാകുമെന്നു നിരീക്ഷിക്കപ്പെട്ടുവെങ്കിലും കേരളത്തിലെ ട്രെയിന്‍ യാത്ര ഏറെ ദുഷ്‌കരമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിഷേധത്തെ പിന്തുണച്ചവര്‍ പോലും അതിവേഗ റെയില്‍ കേരളത്തിന് ആവശ്യമാണെന്ന നിലപാടിലേക്ക് മാറിയിട്ടുണ്ട്. ആര്‍ക്കാണ് ഇത്ര വേഗത്തില്‍ പോകേണ്ടത് എന്ന ചോദ്യം കേരളത്തില്‍ അപ്രസക്തമായി വരികയാണ്.
ഈ പശ്ചാത്തലത്തിലാണ് കെ റെയിലിന്റെ സാധ്യത ബാക്കി നില്‍ക്കുന്നുവെന്ന് റെയില്‍വേ മന്ത്രി വ്യക്തമാക്കുന്നത്. സാങ്കേതിക, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ തുടര്‍ നടപടികള്‍ക്ക് സന്നദ്ധമെന്ന കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രതികരണം കേരളത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. അങ്കമാലി- എരുമേലി ശബരി പാതയ്ക്ക് കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്.
മഹാരാഷ്ട്രയില്‍ നടപ്പാക്കിയ മാതൃകയില്‍ അങ്കമാലി-എരുമേലി ശബരി പാത നടപ്പാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം – ഷൊര്‍ണൂര്‍ പാത ഒഴിച്ച് മുഴുവന്‍ മേഖലയിലും സാങ്കേതിക നിലവാരം വര്‍ധിപ്പിക്കാന്‍ ശ്രമം നടന്നു. എറണാകുളം- കോട്ടയം- തിരുവനന്തപുരം മൂന്ന് വരി പാതയ്ക്ക് 14% ഭൂമി മാത്രമാണ് സംസ്ഥാനം ഏറ്റെടുത്ത് നല്‍കിയതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. കേരളത്തിന് കൂടുതല്‍ മെമു അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.