KRAIL PROTEST
കെ റെയില്‍ കല്ലിടല്‍: കോഴിക്കോട് കല്ലായിയിലും പ്രതിഷേധം
സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
കോഴിക്കോട് | കല്ലായിയില്‍ കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധം. സത്രീകളും കുട്ടികളുകടക്കം നാട്ടുകാരുടേയും സമരസമിതിയുടേയും നേതൃത്വത്തില്‍ സംഘടിച്ചെത്തി കല്ലിടല്‍ തടസ്സപ്പെടുത്തുകയായിരുന്നു.
തഹസില്‍ദാറുടെ നേതൃത്വത്തിലായിരുന്നു ഉദ്യോഗസ്ഥര്‍ എത്തിയത്. മുന്‍കൂട്ടി അറിയിക്കാതെയാണ് ഉദ്യോഗസ്ഥര്‍ കല്ലിടാനെത്തിയതെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം തുടങ്ങിയത്. ഇവരോട് പിന്തിരിയാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. രണ്ടിടത്ത് കല്ലിട്ടതിന് ശേഷം മൂന്നാമത്തെ കല്ലിടാന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞു.
കെ റെയിലിനെതരെ മുദ്രാവാക്യവുമായി കൂടുതല്‍ പേര്‍ എത്തിയതോടെ പോലീസ് വീണ്ടും പിന്തിരിയാന്‍ ആവശ്യപ്പെട്ടു. ഇവര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് നീക്കലിലേക്ക് കടന്നിരിക്കുകയാണ് പോലീസ്. സ്ത്രീകളടക്കം ഏതാനും പേര്‍ ഇതിനകം കസ്റ്റഡിയിലായിട്ടുണ്ട്. പോലീസിന്റെ സംരക്ഷണത്തില്‍ കല്ലിടല്‍ നടപടികളുമായി ഉദ്യോഗസ്ഥര്‍ മുന്നോട്ടുപോകുകയാണ്. എ സി പിയുടെ നേതൃത്വത്തിലാണ് പോലീസ് സുരക്ഷ.