Connect with us

Kerala

സസ്‌പെന്‍ഷന്‍ നടപടിയില്‍ പ്രതിഷേധം പരസ്യമാക്കി കെ ശിവദാസന്‍ നായർ; നടപടി എടുത്തത് വിശദീകരണം ചോദിക്കാതെ

വളരെ കാലാമായി സംഘടനാ തിരഞ്ഞെടുപ്പ് നടക്കാത്തതിന്റെ പ്രശ്‌നമാണ് പാര്‍ട്ടി ഇപ്പോള്‍ നേരിടുന്നത്.

Published

|

Last Updated

പത്തനംതിട്ട | കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധം പരസ്യമാക്കി കോണ്‍ഗ്രസ് നേതാവ് കെ ശിവദാസന്‍ നായർ. ചാനല്‍ ചര്‍ച്ചയുടെ പേരില്‍ നടപടി എടുത്തത് അംഗീകരിക്കാനാകില്ലെന്നും വിശദീകരം തേടാതെയാണ് തനിക്ക് എതിരെ നടപടി ഉണ്ടായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സദുദ്ദേശപരമായാണ് താന്‍ വിമര്‍ശനം ഉന്നയിച്ചത്. ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന് അത് പറയാന്‍ അവകാശമില്ലെങ്കില്‍ ആ പ്രസ്ഥാനം കോണ്‍ഗ്രസ് അല്ലാതായി മാറും. താന്‍ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമായി ബോധ്യപ്പെടുത്തിയാല്‍ നടപടി അംഗീകരിക്കാന്‍ തയ്യാറാണ്. തെറ്റായ കാര്യങ്ങള്‍ പറഞ്ഞുവെന്ന് ബോധ്യമില്ല. ശരിയായ കാര്യങ്ങളാണ് പറഞ്ഞത്. താന്‍ അത് പറഞ്ഞില്ലെങ്കില്‍ തന്നെ പോലെ ഒരാള്‍ കൃത്യവിലോപം കാണിച്ചുവെന്നും അഭിപ്രായം പറയേണ്ട സമയത്ത് പറഞ്ഞില്ലെന്ന് കോണ്‍ഗ്രസുകാര്‍ നാളെ പറയുമെന്നും ശിവാദാസന്‍ നായർ പറഞ്ഞു.

വളരെ കാലാമായി സംഘടനാ തിരഞ്ഞെടുപ്പ് നടക്കാത്തതിന്റെ പ്രശ്‌നമാണ് പാര്‍ട്ടി ഇപ്പോള്‍ നേരിടുന്നത്. പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പ് വരുമ്പോഴും പാര്‍ട്ടിവിരുദ്ധ നടപടി പരസ്യമായി എടുത്താലും അവര്‍ക്ക് ഒരു താക്കീത് പോലും കൊടുക്കാന്‍ ആരും ഉണ്ടാകുന്നില്ല. ഇതെല്ലാം ഈ പാര്‍ട്ടിയില്‍ ഉണ്ടായ പുഴുക്കുത്തുകളാണ്. സുധാകരനെ പോലുള്ള മുതിര്‍ന്ന നേതാവിന് ഇതില്‍ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഡിസിസി പട്ടിക കണ്ടപ്പോള്‍ ആ പ്രതീക്ഷ മങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാന്‍ ഒരാള്‍ക്കും കഴിയില്ല. മെമ്പര്‍ഷിപ്പ് റദ്ദാക്കാന്‍ സാധിച്ചേക്കാം. തന്റെതായ സംഭാവനകള്‍ ഈ പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ട്. അതിനാല്‍ ആ പാര്‍ട്ടി വിട്ട് എങ്ങോട്ടുംപോകില്ല. ഗ്രൂപ്പ് കോണ്‍ഗ്രസില്‍ എന്നും ഉണ്ടായിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ എന്ത് പങ്കു വഹിച്ചു എന്നതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡി സി സി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാക്കളായ കെ ശിവദാസന്‍ നായര്‍, കെ പി അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ നടപടിയുണ്ടായത്. ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരിലായിരുന്നു നടപടി.

Latest