Connect with us

Kerala

കെ സ്മാർട്ട് ജനുവരി ഒന്ന് മുതൽ; തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഇനി വിരൽതുമ്പിൽ

സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാർട്ട് 2024 ജനുവരി ഒന്നു മുതല്‍ നിലവിൽ വരും. മുഖ്യമന്ത്രി പിണറായി വിജയൻ കെ-സ്മാർട്ട് സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 2024 ജനുവരി ഒന്നിന് രാവിലെ 10.30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. കെ-സ്മാർട്ട് മൊബൈൽ ആപ്പ് നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി ശ്രീ. പി രാജീവ് പുറത്തിറക്കും.

കെ-സ്മാർട്ട് അഥവാ കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻഫർമേഷൻ നിലവിൽ വരുന്നതോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ വിരൽത്തുമ്പിൽ ലഭ്യമാകും. കേരളത്തിലെ എല്ലാ മുൻസിപ്പല്‍ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തിൽ കെ-സ്മാർട്ട് വിന്യസിക്കുന്നത്. ഏപ്രിൽ ഒന്നിന് കെ-സ്മാർട്ട് ഗ്രാമപഞ്ചായത്തുകളിലേക്കുും വ്യാപിപ്പിക്കും. ഇതോടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങള്‍ സമയബന്ധിതമായി ഓഫീസുകളില്‍ പോകാതെ തന്നെ പൊതുജനങ്ങള്‍ക്ക് ലഭ്യമാവും.

തദ്ദേശ സ്വയംഭരണ വകുപ്പിനുവേണ്ടി ഇൻഫർമേഷൻ കേരള മിഷനാണ് കെ-സ്മാർട്ട് വികസിപ്പിച്ചത്. കെ-സ്മാർട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങള്‍ക്കായുള്ള അപേക്ഷകളും പരാതികളും ഓൺലൈനായി സമർപ്പിക്കാനും അവയുടെ സ്റ്റാറ്റസ് ഓൺലൈനായി തന്നെ അറിയാനും സാധിക്കും. അതിനായി അപേക്ഷകളുടെയും പരാതികളുടെയും കൈപ്പറ്റ് രസീത് പരാതിക്കാരന്റെ/അപേക്ഷകന്റെ ലോഗിനിലും വാട്‌സ്ആപ്പിലും ഇ-മെയിലിലും ലഭ്യമാകുന്ന ഇന്റഗ്രേറ്റഡ് മെസേജിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇഗവേണൻസിൽ കേരളത്തിന്റെ മുന്നേറ്റത്തിന് പുത്തൻ വേഗം പകരുന്ന സംവിധാനമാകും കെ-സ്മാർട്ട്.

കേരളത്തിന്റെ ഈ ശ്രദ്ധേയ ചുവടുവെപ്പ് നേരിട്ടറിഞ്ഞ് ഇതിനകം തന്നെ മറ്റ് സംസ്ഥാനങ്ങള്‍ കെ-സ്മാർട്ടിന്റെ മാതൃകയിലുള്ള ആപ്പ് വികസിപ്പിക്കാൻ ഐ കെ എമ്മിനെ സമീപിച്ചിട്ടുണ്ട്. കെ-സ്മാർട്ട് ഉദ്ഘാടന ചടങ്ങിൽ ഹൈബി ഈഡൻ എം പി, ടി.ജെ വിനോദ് എം എൽ എ, കെ ജെ മാക്‌സി എം എൽ എ, ആസൂത്രണസമിതിയംഗം പ്രൊഫ. ജിജു പി. അലക്‌സ്, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ് ഐ.എ.എസ് എന്നിവരും സംസാരിക്കും. ചടങ്ങിന് കൊച്ചി നഗരസഭ മേയർ അഡ്വ. എം. അനിൽ കുമാർ സ്വാഗതവും ഐ.കെ.എം കൺട്രോളർ ഓഫ് അഡ്മിനിസ്‌ട്രേഷൻ ടിമ്പിള്‍ മാഗി പി.എസ് നന്ദിയും പറയും.

Latest