Connect with us

dheeraj murder

കെ സുധാകരൻ്റെ പ്രകോപന പരാമർശം: മറുപടിയുമായി കോടിയേരിയും പിണറായിയും

മരണം ഇരന്നുവാങ്ങിയെന്ന കോണ്‍ഗ്രസ് നേതാവിന്റെ വാക്ക് അക്രമത്തെ തള്ളിപ്പറയുന്നില്ലെന്നതിന്റെ സൂചനയാണ്.

Published

|

Last Updated

കോഴിക്കോട്/ കണ്ണൂർ | ഇടുക്കി ഗവ.എൻജിനീയറിംഗ് കോളജ് ക്യാംപസിൽ വെച്ച് കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവർത്തകൻ്റെത് സി പി എം ഇരന്നുവാങ്ങിയ മരണമാണെന്ന കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ്റെ വിവാദ പ്രസ്താവനക്ക് മറുപടിയുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും. ഒരുകാരണവുമില്ലാതെ ഹൃദയത്തിലേക്ക് കത്തികുത്തിയിറക്കുന്ന സംസ്‌കാരത്തെ ന്യായീകരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളെന്ന് പിണറായി വിജയൻ കോഴിക്കോട് സി പി എം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

മരണം ഇരന്നുവാങ്ങിയെന്ന കോണ്‍ഗ്രസ് നേതാവിന്റെ വാക്ക് അക്രമത്തെ തള്ളിപ്പറയുന്നില്ലെന്നതിന്റെ സൂചനയാണ്. ധീരജ് വധത്തിലെ കുറ്റവാളികളെ പൂര്‍ണമായി പിടിക്കും. ഇത് നാട് സമ്മതിക്കില്ല.സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരം ശക്തികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ പരാമര്‍ശം പ്രകോപനപരമാണെന്നും ധീരജിനെ ഇനിയും അപമാനിക്കരുതെന്നും കോടിയേരി പറഞ്ഞു. ധീരജിന്റെ വീട്ടില്‍ എത്തി അനുശോചനം അറിയിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പരാമര്‍ശം പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കമാണ്. സി പി ഐ എമ്മുകാര്‍ അതില്‍ കുടുങ്ങരുത്. സംയമനം പാലിച്ച് കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തണം. ഒരാള്‍ കൊല്ലപ്പെട്ടാല്‍ സന്തോഷിക്കുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമാണെന്നും കോണ്‍ഗ്രസ് സെമി കേഡര്‍ ആകുന്നത് കൊലപാതകം നടത്തിയാണോ എന്നും അദ്ദേഹം ചോദിച്ചു.