Kerala
ശശി തരൂരിനെ വിമര്‍ശിക്കാതെ വ്യവസായ വകുപ്പിനെ കടന്നാക്രമിച്ച് കെ സുധാകരന്‍
കോഴിക്കടകളും തട്ടുകടകളും ചേര്‍ന്നതാണ് മന്ത്രിയുടെ കണക്കെന്ന് വിമര്‍ശനം

തിരുവനന്തപുരം | കേരളത്തിന്റെ വ്യവസായ മുന്നേറ്റത്തെ പ്രകീര്‍ത്തിച്ച ശശി തരൂരിനെ വിമര്‍ശിക്കാതെ വ്യവസായ വകുപ്പിനെ കടന്നാക്രമിച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി.
കോഴിക്കടകളും തട്ടുകടകളും ചേര്‍ന്നതാണ് മന്ത്രിയുടെ കണക്കെന്നും പൂട്ടിപ്പോയ കടകളും ഉള്‍പ്പെടുത്തിയാണ് സംരംഭങ്ങളുടെ കാര്യത്തില്‍ വലിയ മുന്നേറ്റമുണ്ടായെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നതെന്നും സുധാകരന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ 2020ല്‍ കൊണ്ടുവന്ന ഉദ്യം പദ്ധതിയില്‍ കടകളുടെ രജിസ്ട്രേഷന്‍ നടത്തിയതോടെയാണ് സംരംഭങ്ങളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായത്. ഉദ്യം പദ്ധതിയില്‍ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്താല്‍ വായ്പയും സബ്സിഡിയും സര്‍ക്കാര്‍ പദ്ധതികളുമൊക്കെ കിട്ടാന്‍ എളുപ്പമായതിനാല്‍ ആളുകള്‍ വ്യാപകമായ തോതില്‍ രജിസ്ട്രേഷന്‍ നടത്തി. ഇതു നിര്‍ബന്ധമാണെന്നും പ്രചരിപ്പിച്ചു. കുടുംബശ്രീ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ തന്നെ വലിയ തോതില്‍ എണ്ണം കൂടി. അങ്ങനെയാണ് സംരംഭങ്ങളുടെ എണ്ണം കുതിച്ചു കയറിയതെന്നും സുധാകരന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വെ പ്രകാരം 2018-19ല്‍ ഉണ്ടായിരുന്നത് 13,826 ചെറുകിട സംരംഭങ്ങളാണ്. 2019-20ല്‍ 13,695, 2020-21ല്‍ 11,540, 2021- 22ല്‍ 15,285 സംരംഭങ്ങളുണ്ടായിരുന്നു. 2020ല്‍ ഉദ്യം പദ്ധതി വന്നതിനെ തുടര്‍ന്ന് 2020-21ല്‍ സംരംഭങ്ങളുടെ എണ്ണം 1,39,839 ആയി കുതിച്ചുയര്‍ന്നു. തൊട്ടടുത്ത വര്‍ഷം 1,03,596 ആയി. ഇപ്പോഴത് 2.90 ലക്ഷമായെന്നാണ് വ്യവസായ മന്ത്രി അവകാശപ്പെടുന്നത്. രണ്ടു മിനിറ്റില്‍ വ്യവസായം തുടങ്ങാമെന്നത് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്ന കാര്യമാണ്. പുതുതായി തുടങ്ങിയ 2.90 ലക്ഷം സംരംഭങ്ങളുടെ പട്ടിക പുറത്തുവിടാന്‍ വ്യവസായ മന്ത്രിയെ വെല്ലുവിളിക്കുന്നു.
ഇതു സംബന്ധിച്ച് നേരിട്ടു പരിശോധന നടത്താന്‍ മന്ത്രി തയാറാണോ? ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2016ല്‍ എം എസ് എം ഇ സര്‍വെയില്‍ കേരളം ഒന്നാമതായിരുന്നു. ഐ ടിയിലുണ്ടായ വളര്‍ച്ചയുടെ കാര്യത്തിലും പൊങ്ങച്ചത്തില്‍ കവിഞ്ഞൊന്നുമില്ല. കേരളത്തിന്റെ ഐ ടി കയറ്റുമതി ഇപ്പോള്‍ 24,000 കോടി രൂപയുടേതാണെങ്കില്‍ കര്‍ണാടകത്തിന്റേത് 4.11 ലക്ഷം കോടിയും തെലുങ്കാനയുടെത് രണ്ടു ലക്ഷം കോടിയുമാണ്. തമിഴ്നാടിന്റേത് 1.70 ലക്ഷം കോടിയും. പ്രധാനമന്ത്രി നരേന്ദ്രമോദി യുവസംരംഭകരെ വാര്‍ത്തെടുക്കുന്ന സ്റ്റാര്‍ട്ടപ്പ് പദ്ധതിക്ക് തുടക്കമിട്ടത് 2016ല്‍ ആണെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അത് 2011ല്‍ തുടക്കമിട്ടു.
അവിടെ നിന്ന് കേരളം അര്‍ഹിക്കുന്ന വളര്‍ച്ച ഉണ്ടായില്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളം ഇപ്പോള്‍ ഏറ്റവും പിന്നിലാണ്. സംരംഭകരെ തല്ലിയോടിക്കുകയും കംപ്യൂട്ടര്‍ തല്ലിപ്പൊളിക്കുകയും ചെയ്ത ചരിത്രമുള്ള സി പി എം മനംമാറ്റം നടത്തിയാല്‍ അതിനെ സ്വാഗതം ചെയ്യും. എന്നാല്‍ വീമ്പിളക്കരുതെന്നും സുധാകരന്‍ പറഞ്ഞു.