Connect with us

indira gandhi co-operative hospital election

കരുത്ത് തെളിയിച്ച് കെ സുധാകരൻ; കോൺഗ്രസ്സിൽ ഇനി ശുദ്ധികലശം

നേതൃത്വത്തെ തന്നെ ഞെട്ടിച്ച തരത്തിലുള്ള വിജയമായിരുന്നു ഡി സി സി പാനലിന് ലഭിച്ചത്. സി പി എം ശൈലിയിലുള്ള നീക്കങ്ങളായിരുന്നു ഇത്

Published

|

Last Updated

കണ്ണൂർ | തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശു പത്രി തിരഞ്ഞെടുപ്പിൽ സ്വന്തം പാനൽ വിജയിച്ചത് പാർട്ടിയിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ പരിഷ്‌കരണ നയങ്ങൾക്കുള്ള അംഗീകാരമായി. പാർട്ടിയിലെ ശുദ്ധീകരണ നീക്കങ്ങൾക്ക് കരുത്തു പകരുന്നത് കൂടിയായി ഈ വിജയം. കെ പി സി സി പ്രസിഡന്റായതിന് ശേഷം സഹകരണ സംഘങ്ങളിൽ കാര്യമായ ശുദ്ധീകരണത്തിന് തന്നെ കെ സുധാകരൻ ലക്ഷ്യമിട്ടിരുന്നു. ഇതനുസരിച്ച് സ്ഥിരമായി സഹകരണ സ്ഥാപനങ്ങൾ സ്വത്താക്കി മാറ്റുന്ന പ്രവണതക്കെതിരെ ചുമതലയേറ്റെടുത്ത ഉടനെ അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

കോൺഗ്രസ്സ് നിയന്ത്രണങ്ങളിലുള്ള സഹകരണ സംഘങ്ങളെ നിരീക്ഷിക്കാൻ ജില്ലാ തലത്തിൽ സ്ഥിരം സംവിധാനം രൂപവത്കരിക്കുമെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു. സഹകരണ സംഘങ്ങളുടെ ഭരണസമിതിയിൽ ആര് വരണമെന്നും ജോലി നൽകുന്നത് സംബന്ധിച്ചും ഈ സമിതിയായിരിക്കണം തീരുമാനമെടുക്കേണ്ടത്. ഇതിന്റെ തുടക്കമായിരുന്നു തലശ്ശേരിയിലെ ഇന്ദിരാ ഗാന്ധി ആശുപത്രി തിരഞ്ഞെടുപ്പ്.

ആദ്യ ഘട്ടത്തിൽ ഡി സി സി നോമിനികളായി മൂന്ന് പേരെ ഭരണ സമിതിയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു നേതൃത്വം ആശുപത്രി പ്രസിഡന്റിനോട് ആവശ്യപ്പെട്ടത്. എന്നാൽ, അദ്ദേഹം അതിന് തയ്യാറായില്ല. ഇതേ ത്തുടർന്നായിരുന്നു തിരഞ്ഞെടുപ്പിലേക്ക് പോയതും ഡി സി സി യുടെ നേതൃത്വത്തിൽ സ്ഥാനാർഥികളെ മത്സരിപ്പിച്ചതും.

എന്നാൽ, നേതൃത്വത്തെ തന്നെ ഞെട്ടിച്ച തരത്തിലുള്ള വിജയമായിരുന്നു ഡി സി സി പാനലിന് ലഭിച്ചത്. സി പി എം ശൈലിയിലുള്ള നീക്കങ്ങളായിരുന്നു ഇത്. വോട്ടർമാരെ കൊണ്ടുവരാൻ പ്രത്യേക സംവിധാനമൊരുക്കി. മണ്ഡലം കമ്മിറ്റികൾ ഇതിനായി കാര്യക്ഷമമായി പ്രവർത്തിച്ചു. എല്ലാ കാര്യത്തിലും കെ സുധാകരന്റെ ശ്രദ്ധയും മേൽനോട്ടവും ഉണ്ടായിരുന്നു. ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച മമ്പറം ദിവാകരനെ പാർട്ടിയിൽ നിന്ന് പുറത്താക്കിക്കൊണ്ടായിരുന്നു സുധാകരൻ കളി തുടങ്ങിയത്. അത് വിമർശമുണ്ടാക്കിയെങ്കിലും അച്ചടക്കനടപടിയെന്ന രീതിയിൽ അംഗീകരിക്കപ്പെട്ടുവെന്നാണ് ഈ വിജയം വ്യക്തമാക്കുന്നത്. സംസ്ഥാന തലത്തിൽ തന്നെ വാർത്താ പ്രാധാന്യം നേടിയ ആശുപത്രി തിരഞ്ഞെടുപ്പിൽ പരാജയമുണ്ടായിരുന്നെങ്കിൽ സുധാകരനത് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പായിരുന്നു.

Latest