KPCC reorganization
പ്രസിഡന്റ് സ്ഥാനത്ത് കടിച്ച്തൂങ്ങി നില്‍ക്കാനില്ല- രാജിക്ക് തയ്യാര്‍- കെ സുധാകരന്‍
പുനഃസംഘടന മരവിപ്പിച്ചതില്‍ രോഷാകുലനായി ഹൈക്കമാന്‍ഡിന് സുധാകരന്റെ കത്ത്
തിരുവനന്തപുരം | പുനഃസംഘടന മരവിപ്പിച്ച ഹൈക്കമാന്‍ഡ് നടപടിയില്‍ അതൃപ്തി അറിയിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. പ്രസിഡന്റ് സ്ഥാനത്ത് കടിച്ച്തൂങ്ങി നില്‍ക്കാന്‍ താനില്ലെന്നും സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്നും സുധാകരന്‍ ഹൈക്കമാന്‍ഡിനെ കത്തിലൂടെ അറിയിച്ചു.
എല്ലാവരുമായും ചര്‍ച്ച നടത്തിയാണ് പുനഃസംഘടന നടത്തുന്നത്. മുമ്പൊന്നുമില്ലാത്ത തരത്തില്‍ എല്ലാവരുമായും ചര്‍ച്ച നടത്തുന്നുണ്ട്. നിലവിലെ ഗ്രൂപ്പുകള്‍ക്ക് പുറമെ ഇനി ഒരു ഗ്രൂപ്പ്കൂടി ആവശ്യമില്ലെന്നും സുധാകരന്‍ കത്തില്‍ പറയുന്നു. എന്നാല്‍ പുനഃസംഘടന തടഞ്ഞെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും താന്‍ അത്തരത്തില്‍ ഒരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നും താരിഖ് അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഡി സി സി ഭാരവാഹികളുടെ പട്ടിക അന്തിമ രൂപമാക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് വിഭാഗീയതയുടെ പേരില്‍ ഹൈക്കമാന്‍ഡ് പുനഃസംഘടന തടഞ്ഞെന്ന വാര്‍ത്ത വന്നത്. തുടര്‍ന്നാണ് സുധാകരന്‍ ഹൈക്കമാന്‍ഡിന് നല്‍കിയ കതിതലെ വിവരവും പുറത്തായത്.
രാജ്മോഹന്‍ ഉണ്ണിത്താന്‍, ടി എന്‍ പ്രതാപന്‍, ബെന്നി ബഹനാന്‍, എം കെ രാഘവന്‍ തുടങ്ങി എട്ട് എം പിമാരുടെ പരാതിയെ തുടര്‍ന്നായിരുന്നു ഹൈക്കമാന്‍ഡ് ഇടപടെല്‍. പുനഃസംഘടന ചര്‍ച്ചകളില്‍ തങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കെ പി സി സി, ഡി സി സി ഭാരവാഹിത്വം അനര്‍ഹര്‍ക്കു ലഭിക്കുകയാണെന്നുമാണ് എം പിമാര്‍ പരാതിപ്പെട്ടത്. സമവായ നീക്കങ്ങള്‍ ഒന്നും പരിഗണിക്കാതെ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പാര്‍ട്ടി പുനഃസംഘടനയുമായി മുന്നോട്ടു പോകുന്നതിനെതിരേ നേരത്തെ ഗ്രൂപ്പ് നേതാക്കളും രംഗത്തെത്തിയിരുന്നു.