Kerala
പിണറായി ദേശീയ നേതൃത്വത്തെ ഹൈജാക്ക് ചെയ്തുവെന്ന് കെ സുധാകരന്‍
കെ വി തോമസ് പാര്‍ട്ടിയെ ഒറ്റിയെന്നും കെ സുധാകരന്‍
കൊച്ചി | സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ച പശ്ചാത്തലത്തില്‍ രൂക്ഷ വിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസുമായി ചേര്‍ന്ന് മതേതര ചേരി ശക്തമാകണമെന്ന നിലപാടുമായി കേരളത്തിലെത്തിയ സീതാറാം യെച്ചൂരി മടങ്ങുന്നത് കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞാണെന്നും ഇത് പിണറായി വിജയന്റെ ഏകാധിപത്യമാണെന്നും അദ്ദേഹം പറഞ്ഞു.
സി പി എം ദേശീയ നേതൃത്വത്തെ പിണറായി ഹൈജാക്ക് ചെയ്തിരിക്കുകയാണ്. കേരള സി പി എമ്മിന്റെ കോണ്‍ഗ്രസ് വിരുദ്ധ നിലപാട് ദേശീയ നേതൃത്വം സ്വീകരിക്കുന്നത് ബി ജെ പിയെ തടയാനുള്ള മുന്നേറ്റത്തിന് അള്ള് വെക്കുന്നതാണ്. കേരളത്തില്‍ ഭരണം നിലനിര്‍ത്താന്‍ സി പി എമ്മിന് ബി ജെ പിയുടെ സഹായം ആവശ്യമാണ്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി ജെ പിയുടെ ലക്ഷ്യത്തിന് സി പി എമ്മിന്റെ സഹകരണവും സഹായവും അവര്‍ക്കും ആവശ്യമാണെന്നും സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടി വിലക്ക് മറികടന്ന് സി പി എം സെമിനാറില്‍ പങ്കെടുത്ത് കെ വി തോമസ് പാര്‍ട്ടിയെ ഒറ്റിയെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി. ഇപ്പോള്‍ തോമസിന് ഭയങ്കര പാര്‍ട്ടി സ്‌നേഹമാണെന്നും അദ്ദേഹം പരിഹസിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും വാര്‍ത്താസമ്മേളനത്തിലുണ്ടായിരുന്നു.